Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇളയരാജയെ മാത്രം കുറ്റപ്പെടുത്താമോ? പറയുന്നതിൽ കാര്യമുണ്ട്

ilayaraja-spb-img

ആരാണ് ഒരു പാട്ടിന്റെ യഥാർഥ അവകാശി ? ഗായകനോ സംഗീത സംവിധായകനോ അതോ എഴുത്തുകാരനോ ? തന്റെ പാട്ടുകൾ പൊതുവേദികളിൽ പാടരുതെന്നു പറഞ്ഞ് ഇളയരാജ എസ്.പി. ബാലസുബ്രഹ്മണ്യത്തിനു വക്കീൽ നോട്ടിസ് അയച്ചതോടെ ഇൗ ചോദ്യങ്ങൾക്കെല്ലാം വീണ്ടും ഉത്തരം തേടുകയാണ് എല്ലാവരും. 

താൻ ചിട്ടപ്പെടുത്തിയ പാട്ടുകൾ തന്റെ അനുമതിയില്ലാതെ പൊതുഇടങ്ങളിൽ പാടരുതെന്നാണ് ഇളയരാജയുടെ വാദം. അതിനുള്ള അവകാശം നിയമപരമായി അദ്ദേഹം നേടിയെടുത്തിട്ടുമുണ്ട്. സംഗീതജീവിതത്തിന്റെ അമ്പതാം വാർഷികം ആഘോഷിച്ച് ലോകമൊട്ടുക്കു സംഗീത പരിപാടികൾ നടത്തിവരികയായിരുന്ന എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഇതു വലിയ തിരിച്ചടിയായി. പരിപാടികളിൽ ആലപിക്കാനായി റിഹേഴ്സൽ ചെയ്തു വച്ച പാട്ടുകളെല്ലാം മാറ്റേണ്ടി വന്നു. ഇനി തന്റെ സംഗീത പരിപാടികളിൽ ഇളയരാജയുടെ ഗാനങ്ങൾ ഉണ്ടാകില്ലെന്ന് അറിയിച്ച് എസ്പിബി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. എസ്പിബിയെ പാടാൻ സമ്മതിക്കാത്ത അഹങ്കാരിയാണ് ഇളയരാജ എന്ന മട്ടിലാണ് സമൂഹ മാധ്യമങ്ങളിലും മറ്റും പ്രതികരണങ്ങൾ. താൻ ഈണമിട്ട പാട്ടിന്റെ അവകാശം തനിക്കു മാത്രമാണെന്നും അത് എസ്പിബി എന്നല്ല ആര് എവിടെ എന്തിനുവേണ്ടി പാടിയാലും അതിനുള്ള പ്രതിഫലത്തിന്റെ പങ്ക് തനിക്കും വേണമെന്നും ഇളയരാജ വാശി പിടിക്കുന്നത് എന്തിനാണെന്നാണ് പ്രധാന ചോദ്യം. 

വൈകാരികമായി സമീപിക്കേണ്ട ഒന്നാണോ ഈ വിഷയം ? പാട്ടിന്റെ പകർപ്പകാശത്തെപ്പറ്റിയുള്ള ചർച്ചകൾ പലപ്പോഴും വൈകാരികമാകാറുണ്ട്. ഇളയരാജ ഉന്നയിക്കുന്ന വിഷയത്തിൽ പുനർവിചിന്തനം നടത്തിയാൽ ഒരുപക്ഷേ ഒരുപാടു ഗായകർക്കും പാട്ടെഴുത്തുകാർക്കും അതിന്റെ പ്രയോജനം ലഭിച്ചേക്കാം. 

സിനിമയിൽ പാട്ടുണ്ടാകുന്നത് സംവിധായകന്റെ തീരുമാനമനുസരിച്ചാണ്. പാട്ടു സൃഷ്ടിക്കപ്പെടുന്നത് സംഗീതസംവിധായകനും പാട്ടെഴുത്തുകാരനും പിന്നെ പാട്ടുകാരനും ചേർന്ന കൂട്ടായ്മയിൽനിന്നാണ്. ഈ മൂന്നു ഘടകങ്ങളും ഒന്നിനോടൊന്നു മനോഹരമായി ചേർന്നു നിന്നാലേ നല്ലൊരു പാട്ടുണ്ടാകൂ. അപ്പോൾപ്പിന്നെ എങ്ങനെയാണ് സംഗീത സംവിധായകനായ ഇളയരാജയ്ക്കു മാത്രം പാട്ടിന്റെ അവകാശം കിട്ടുന്നത് എന്നതാണ് ചോദ്യം ? 

എന്താണു പകർപ്പവകാശ നിയമം ?

പകർപ്പവകാശം നിശ്ചയിക്കുന്നതിന് ലോകത്ത് ഏറെക്കുറേ സമാനമായ വ്യവസ്ഥകളാണ് നിലവിലുള്ളത്. 

ഒരു സൃഷ്ടിയുടെ യഥാർഥ അവകാശി ആരെന്നാണ് പകർപ്പവകാശ നിയമത്തിലൂടെ തീരുമാനിക്കപ്പെടുന്നത്. ഒരു പാട്ടിന്റെ പകർപ്പവകാശം ആരാണോ സ്വന്തമാക്കിയിരിക്കുന്നത് അദ്ദേഹത്തിന്റെ അനുമതി കൂടാതെ ആ ഗാനം പ്രക്ഷേപണം / സംപ്രേക്ഷണം ചെയ്യാനോ പൊതു സ്ഥലത്തു പാടാനോ ആര്‍ക്കും അവകാശമില്ല. പാട്ടിന്റെ ആലാപനം മാത്രമല്ല, യഥാർഥ ഗാനത്തിന്റെ റീമിക്സോ പാട്ട് വീണ്ടും റെക്കോർ‍ഡ് ചെയ്ത് പുതിയ രൂപത്തിൽ പുറത്തിറക്കാനോ (റീപ്രൊഡക്‌ഷൻ), പാട്ടിനെ മറ്റൊരു രൂപത്തിലേക്കു മാറ്റാനോ ഒന്നും സാധ്യമല്ല. ഇങ്ങനെ എന്തെങ്കിലും ചെയ്യണമെങ്കിൽ യഥാർഥ അവകാശിയിൽനിന്ന് മുന്‍കൂർ അനുമതി വേണം. അവകാശികൾക്കു കൃത്യമായ പ്രതിഫലവും (റോയൽറ്റി) നൽകണം. ഈ അവകാശം പകർപ്പവകാശമുള്ള വ്യക്തി ജീവിച്ചിരിക്കുന്നതു വരെ അദ്ദേഹത്തിനും, മരിച്ചാൽ അറുപതു വര്‍ഷം വരെ കുടുംബാംഗങ്ങൾക്കും ലഭ്യമാകും.

1957–ല്‍ പാസാക്കിയ പകർപ്പവകാശ നിയമത്തിന്റെ ഭേദഗതി പ്രകാരം ഒരു പാട്ടിന്റെ അവകാശം ആ പാട്ട് നിർമിക്കുന്ന കമ്പനിക്കും സംഗീത സംവിധായകനും രചയിതാവിനുമാണ്. 2012–ൽ സുപ്രീംകോടതി ഇക്കാര്യം പറഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ ഗായകരുെട സംഘടനായ ഇസ്ര(ISRA) കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചുെവങ്കിലും അതൊന്നും കൃത്യമായി നടപ്പാക്കപ്പെട്ടിട്ടില്ല. ഇന്ത്യയിൽ, ഇന്ത്യൻ പെർഫോമിങ് റൈറ്റ്സ് സൊസൈറ്റി (ഐപിആർഎസ്) യാണ് റോയൽറ്റി ശേഖരിക്കുന്നതും അത് ഉടമയ്ക്ക് എത്തിക്കുന്നതും. പാട്ടിന്റെ പ്രൊഡ്യൂസർ/ കമ്പനിക്കും സംഗീത സംവിധായകനും ഗാനരചയിതാവിനുമാണ് ഇതിന്റെ പ്രയോജനം നിലവിൽ ലഭിക്കുന്നത്. ഏറ്റവുമധികം വിഹിതം ലഭിക്കുക പ്രൊഡ്യൂസർക്കാണ്. 

ഇതു ലോകമൊട്ടുക്ക് അംഗീകരിച്ച നിയമമാണ്. പാട്ട് മാത്രമല്ല, സിനിമ, നാടകം, സാഹിത്യം, മറ്റ് കലാസൃഷ്ടികൾ എന്നിവയ്ക്കെല്ലാം ഈ നിയമം ബാധകമാണ്. ഒരു പ്രസിദ്ധീകരണ കമ്പനി പുറത്തിറക്കിയ പുസ്തകത്തെ വേറൊരാൾക്കും പിന്നീട് അച്ചടിച്ച് പുറത്തിറക്കാൻ സാധിക്കില്ലല്ലോ. പുസ്തകങ്ങളുടെ കാര്യത്തിൽ അനുശാസിച്ചു വരുന്നത്രയും ശക്തമായ നിയമം തന്നെയാണ് സംഗീതത്തിന്റെ കാര്യത്തിലുമുള്ളത്. പക്ഷേ അത് ആരും പിന്തുടരുന്നില്ലെന്നു മാത്രം. 

എങ്ങനെ ഇളയരാജയ്ക്കു മാത്രം അവകാശം കിട്ടി ?

2000–ന് മുൻപ് താൻ ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ പൂർണ അവകാശമാണ് ഇളയരാജ സ്വന്തമാക്കിയത്. പക്ഷേ അത് ഇളയരാജ എന്ന സംഗീത സംവിധായകനല്ല, ഇളയരാജ എന്ന പ്രൊഡ്യൂസറാണ് സ്വന്തമാക്കിയത്. എക്കോ എന്ന തന്റെ സ്വന്തം പ്രൊഡ‌ക്‌ഷൻ കമ്പനിയുടെ പേരിൽ ഇളയരാജ പ്രൊഡ്യൂസ് ചെയ്തു പുറത്തിറക്കിയ ഗാനങ്ങളുടെ കോപ്പിറൈറ്റ് അദ്ദേഹത്തിനു സ്വന്തമാണ്. അഞ്ചു വർഷം മുൻപാണ് ഇത് സ്വന്തമാക്കിയത്. പിന്നീട് ഈ അവകാശം അദ്ദേഹം പിരമിഡ് എന്ന മലേഷ്യൻ കമ്പനിക്കു വിൽക്കുകയും പിന്നീട് തിരികെ വാങ്ങുകയും ചെയ്തു. ഇതിന്റെ പിൻബലത്തിലാണ് ഇപ്പോൾ തന്റെ പാട്ടുകളുടെ മേൽ അദ്ദേഹം അവകാശമുന്നയിച്ചിരിക്കുന്നത്.

ഐപിആർഎസ് നിബന്ധന പ്രകാരം ഒരു പാട്ട് പൊതുവേദികളിൽ ആലപിക്കുമ്പോഴോ റീമിക്സ് ചെയ്യുമ്പോഴോ റീറെക്കോർഡിങ് ചെയ്യുമ്പോഴോ അതുമായി ബന്ധപ്പെട്ട സംഗീത സംവിധായകരിൽ നിന്നും എഴുത്തുകാരിൽ നിന്നും മുൻകൂർ അനുമതി വാങ്ങി അവർക്ക് നിശ്ചിത തുക പ്രതിഫലം നൽകേണ്ടതുണ്ട്. എന്നാൽ പലപ്പോഴും ഇതൊന്നും നടപ്പാക്കാറില്ല. ഇളയരാജ മാത്രമാണ് ഈ വിഷയത്തിൽ മുന്നോട്ടു പോയത്. ഐപിആർഎസിനെ അദ്ദേഹം പൂർണമായും അംഗീകരിക്കുന്നില്ല എന്നതും പ്രത്യേകം ഓർക്കണം. സ്വന്തം നിലയ്ക്കാണ് ഇളയരാജ പലപ്പോഴും ഇത്തരം കേസുകൾ പോലും നടത്തിയിരുന്നത്. എസ്.പി. ബാലസുബ്രഹ്മണ്യം പാടിയ മികച്ച ഗാനങ്ങളിൽ 90 ശതമാനവും ഇളയരാജയുടേതാണ്. 

ഇനിയെന്ത് ?

ചെറു ഗാനമേളസംഘങ്ങള്‍ക്കൊന്നും ഈ നിയമമോ ഇളയരാജയോ‌ ഭീഷണിയാകില്ല എന്നുറപ്പാണ്. ലക്ഷക്കണക്കിനു രൂപ പ്രതിഫലം വാങ്ങിക്കൊണ്ട് സ്വന്തം നിലയിൽ ഷോകൾ സംഘടിപ്പിക്കുന്ന പ്രമുഖ ഗായകർക്കാണ് ഇളയരാജയുടെ നീക്കം വിലങ്ങുതടിയാകുക. അറിവുള്ളൊരാളിന്റെ മുന്നേറ്റം എന്നാണ് ഇളയരാജയുടെ നീക്കത്തെ കുറിച്ച് ഗാനരചയിതാവ് രാജീവ് ആലുങ്കൽ പറയുന്നത്. ഐപിആർഎസിൽ നിന്ന് ഏറ്റവുമധികം തുക റോയൽറ്റി വാങ്ങുന്ന മലയാളം ഗാനരചയിതാവാണ് രാജീവ് ആലുങ്കൽ. ഇദ്ദേഹത്തേക്കാൾ പാട്ട് എഴുതിയ ഗാനരചയിതാക്കൾ വേറെയുമുണ്ട്. പക്ഷേ അവരാരും തങ്ങളുടെ സൃഷ്ടിയെ കുറിച്ച് ഐപിആർഎസിനെ ധരിപ്പിക്കാൻ പോയിട്ടില്ല. അതിന് ശ്രമിച്ചിട്ടില്ല എന്നതാണു ശരി. 

ഐപിആർഎസ് കൃത്യമായി ഉപയോഗപ്പെടുത്തിയാൽ

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിആർഎസിൽ ഒട്ടുമിക്ക സംഗീത സംവിധായകരും ഗാനരചയിതാക്കളും അംഗങ്ങളാണ്. പക്ഷേ ഐപിആർഎസിനെ കൃത്യമായി ഉപയോഗപ്പെടുത്താൻ നമ്മുടെ പ്രിയപ്പെട്ട സംഗീതജ്ഞരും എഴുത്തുകാരും മറന്നുപോയി എന്നതാണ് കാര്യം. ജോൺസൺ മാഷും രവീന്ദ്രനും ഉൾപ്പെടെയുള്ളവരുടെ കാര്യമാണിത്. 

ഒരു പുതിയ പാട്ട് എന്നത് വലിയൊരു സാമ്പത്തിക ക്രയവിക്രയത്തിന്റെ തുടക്കമാണ്. ആ പാട്ട് പിന്നീടു പലവഴിക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. അതിൽനിന്ന് എല്ലാവർക്കും സാമ്പത്തിക ലാഭം ലഭിക്കുന്നുമുണ്ട്. സ്വന്തം നിലയ്ക്ക് സംഗീത പരിപാടികൾ സംഘടിപ്പിക്കാത്ത പക്ഷം സംഗീതസംവിധായകനോ ഗാനരചയിതാവിനോ ഇതിന്റെ ഉപയോഗം ലഭിക്കുന്നില്ല, പ്രത്യേകിച്ച് ഗാനരചയിതാവിന്. സിനിമയ്ക്കോ ആൽബത്തിനോ നാടകത്തിനോ ഒക്കെ പാട്ടെഴുതുമ്പോൾ ആ സമയത്തു ലഭിക്കുന്ന പ്രതിഫലം മാത്രമാണ് ഗാനരചയിതാക്കൾക്കു സാധാരണ ലഭിക്കുക. സ്റ്റേജ് ഷോകളുമായി പോകാത്ത സംഗീത സംവിധായകരുടെ കാര്യവും ഇതുതന്നെ. 

വലിയ പ്രതിഫലമൊന്നും ഇന്നും ഗിറ്റാറിസ്റ്റിനോ വയലിനിസ്റ്റിനോ ലഭിക്കുന്നില്ല എന്നതും കാണാതെ പോകരുത്. ഐപിആർഎസ് കൂടുതൽ പ്രായോഗികമായ വഴിയിൽ ഉപയോഗിക്കാനും നിയമമനുസരിക്കാനും സംഗീതവുമായി ബന്ധപ്പെട്ടവർ തയാറായാൽ എല്ലാവർക്കും അതിന്റെ പ്രയോജനം ലഭിക്കും. 

ചുരുക്കത്തിൽ, ഇളയരാജയുടെ നീക്കത്തെ ഒരിക്കലും തെറ്റെന്നു വ്യാഖ്യാനിക്കാനാവില്ല. തന്റെ സൃഷ്ടിയുടെ ലാഭം മറ്റുള്ളവർ പങ്കിട്ടെടുക്കുമ്പോൾ അതിൽ ഒരു പങ്ക് തനിക്കും വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നതിൽ എന്താണ് തെറ്റ് ? കുറഞ്ഞ പക്ഷം തന്റെ അനുവാദമെങ്കിലും വാങ്ങണമെന്ന് അദ്ദേഹം വാദിക്കുന്നതിൽ കഴമ്പില്ലേ ?