Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവർ പാടട്ടെ; ഇസൈജ്ഞാനി വിളങ്ങട്ടെ !

salim-kumar-ilayaraja

‘‘അന്നക്കിളി ഉന്നേ തേടുതേ...’’

ഇളയരാജാ സർ, പഞ്ചുഅരുണാചലം നിർമിച്ച് അങ്ങ് ആദ്യമായി സംഗീതം നൽകിയ ‘അന്നക്കിളി’ എന്ന സിനിമയിലെ ഒരു ഗാനത്തിന്റെ തുടക്കമാണിത്. ഈ ഗാനം മദിരാശിയിലെ റിക്കോർഡിങ് സ്റ്റുഡിയോയുടെ ശീതീകരിച്ച മുറിയിലിരുന്ന് അനുഗൃഹീത ഗായകനായ ടി.എം. സൗന്ദർരാജന്റെ മനോഹരമായ ശബ്ദത്തിലൂടെ കേട്ടപ്പോൾ സിനിമാസംഗീതത്തിലെ കന്നിക്കാരനായ അങ്ങ് ഒരു നിമിഷമെങ്കിലും പ്രാർഥിച്ചു കാണും, തമിഴ്മക്കളുടെ ചുണ്ടുകൾ ഇതേറ്റു പാടണേയെന്ന്. അവർ അതു മാത്രമല്ല അങ്ങയുടെ ഒട്ടുമിക്ക ഗാനങ്ങളും ഏറ്റുപാടി; ഒന്നല്ല പലവട്ടം.

അങ്ങനെ തേനിയിലെ പണ്ണൈപ്പുരത്തെ രാസയ്യ ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ ചക്രവർത്തി ആയി. രാസയ്യ എന്ന പേര് ഭാവിയിലെ ഇസൈജ്ഞാനിക്ക് ചേരാത്തതുകൊണ്ടാവും അങ്ങയുടെ ഗുരുനാഥൻ ധർമരാജൻ മാസ്റ്റർ രാജാ എന്ന പേരു നൽകിയത്. അങ്ങയുടെ ആദ്യചിത്രത്തിന്റെ നിർമാതാവായ പഞ്ചുഅരുണാചലം രാജയ്‌ക്കു മുൻപിൽ ‘ഇളയ’ എന്ന പേരു കൂട്ടിച്ചേർത്ത് ഇളയരാജ എന്നാക്കി മാറ്റി. അങ്ങയുടെ ഈ പേരിനുപോലും ഒരുപാട് അവകാശികൾ ഉണ്ട്. പണ്ണെപ്പുരത്തുകാരും ധർമരാജൻ മാസ്റ്ററും പഞ്ചുഅരുണാചലവും വക്കീൽ നോട്ടിസുമായി വന്ന് ഇളയരാജ എന്ന പേര് ഉപയോഗിക്കരുത് എന്നു പറഞ്ഞാലത്തെ അവസ്ഥ എന്തായിരിക്കും സർ?

ഒരുപക്ഷേ എസ്.പി. ബാലസുബ്രഹ്മണ്യവും ചിത്രയും എസ്. ജാനകിയുമാകാം അങ്ങയുടെ പാട്ടുകൾ ഭൂരിഭാഗവും പാടിയിരിക്കുക. അവർക്കും ആ പാട്ടുകളുടെ വിജയത്തിൽ ഒരു പങ്കില്ലേ ? തീർച്ചയായും ഉണ്ട്; അതുകൊണ്ടാകാം ഓസ്കർ അവാർഡിനു സംഗീതസംവിധായകരെ പരിഗണിക്കുമ്പോൾ സായിപ്പ് ഗാനരചയിതാവിനെയും ഗായകനെയും ഈ അവാർഡിന്റെ കൂടെ പരിഗണിക്കുന്നത്.

പണ്ട് ഇന്ത്യ ഭരിച്ചിരുന്ന ക്രൂരനായ ഒരു മുഗൾ ചക്രവർത്തിയുണ്ടായിരുന്നു. ഔറംഗസീബ്. ഒരു നാൾ അദ്ദേഹം ഒരു കൽപന പുറപ്പെടുവിച്ചു: തന്റെ രാജ്യത്ത് ഇനി ഒരുത്തനും പാട്ടു പാടരുതെന്ന്. ഇപ്പോൾ അങ്ങും ഒരു കൽപന പുറപ്പെടുവിച്ചിരിക്കുന്നു: ‘‘എന്റെ ഗാനങ്ങൾ ആരും പാടരുത്’’ എന്ന്. രണ്ടു പേരും തമ്മിൽ എന്താണു വ്യത്യാസം ?

എന്തൊക്കെ പറഞ്ഞാലും നിയമം അങ്ങയ്ക്കൊപ്പമാണ്. അങ്ങ് ട്യൂൺ ചെയ്ത ഗാനങ്ങളുടെ പകർപ്പവകാശം അങ്ങയുടെ കയ്യിലാണ്. പക്ഷേ അവിടെയൊരു ധാർമികതയുടെ പ്രശ്‌നമില്ലേ സർ? ഏതോ പാവം പ്രൊഡ്യൂസറുടെ ചെലവിൽ, ഏതോ ഒരു ഹോട്ടൽ മുറിയിലിരുന്ന്, അലക്സാണ്ടർ ടിബെയിൻ എന്ന പാരിസുകാരൻ സായിപ്പ് നിർമിച്ച ഹാർമോണിയം വച്ച്, ത്യാഗരാജ സ്വാമികളും മുത്തുസ്വാമി ദീക്ഷിതരും ശ്യാമശാസ്ത്രികളും പോലുള്ളവർ സൃഷ്‌ടിച്ച രാഗങ്ങൾ കടമെടുത്ത്, കണ്ണദാസനെപ്പോലെ, പുലിമൈപിത്താനെ പോലെ, വൈരമുത്തുവിനെ പോലെ, ഞങ്ങളുടെ ഒ.എൻ.വി സാറിനെ പോലെ ഉള്ളവരുടെ അക്ഷരങ്ങൾ ചേർത്തുവച്ചു ഗാനങ്ങൾ സൃഷ്ടിച്ച് അതിന്റെ പകർപ്പവകാശം കോർപറേറ്റ് കമ്പനികൾക്കു മറിച്ചുവിൽക്കുമ്പോൾ അതിന്റെ പങ്ക് മേൽപറഞ്ഞവർക്കു കൊടുക്കാറുണ്ടോ? അങ്ങയെ ചെറുതാക്കാൻ വേണ്ടി എഴുതിയതല്ല സർ.അങ്ങ് സ്വയം ചെറുതായിപ്പോകുന്നതു കണ്ട് എഴുതിപ്പോയതാണ്.

എന്തൊക്കെ പറഞ്ഞാലും, അങ്ങയുടെ മഹത്വത്തെ വാഴ്ത്താതെ ഒരാൾക്കും തെന്നിന്ത്യൻ സംഗീതത്തിലൂടെ നടന്നു പോകാൻ കഴിയുകയില്ല. ഇളയരാജ എന്നത് ഒരു ചരിത്രമാണ്. ഒരു ദലിതൻ സംഗീതത്തിലൂടെ രാജാവായ ചരിത്രം. വിപ്ലവാത്മകമായ ആ ചരിത്രം കാലമുള്ളിടത്തോളം കാലം വരെ അങ്ങയുടെ ഗാനങ്ങളിലൂടെ അലയടിക്കണം. അതിനായി എസ്പിബിയെയും ചിത്രയെയും  ജാനകിയെയും നമുക്കതേൽപിക്കാം. അവരത് അടുത്ത തലമുറയിലേക്കു കൈമാറിക്കൊള്ളും. അതിലൂടെ ചിരഞ്ജീവിയായ ഇസൈജ്ഞാനിയായി അങ്ങ് വിളങ്ങിടും.