Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടർ മാത്രമായിരുന്നില്ല അദ്ദേഹം; വിജയലക്ഷ്മി

vaikom-vijayalakshmy-doctor

വൈക്കം വിജയലക്ഷ്മി ഡോക്ടറേറ്റും ഗിന്നസ് റെക്കോർഡും സംസ്ഥാന പുരസ്കാരങ്ങളും നേടി തെന്നിന്ത്യയിലെ പാട്ടുകാരിയായി മുന്നേറുമ്പോഴും നമ്മൾ ആഗ്രഹിച്ചു പോയൊരു കാര്യമാണ് അവരുടെ കണ്ണിന് കാഴ്ച കിട്ടിയിരുന്നുവെങ്കിലെന്ന്. അതുകൊണ്ടു തന്നെ വൈക്കം വിജയലക്ഷ്മിയുടെ കാഴ്ചയ്ക്കായി പരിശ്രമിച്ച യുവ ഡോക്ടർ അകാലത്തിൽ മരണപ്പെട്ടു എന്ന വാർത്ത വലിയ വിഷമമുണ്ടാക്കിയിരുന്നു. ഡോക്ടറുടെ മരണം വിജയലക്ഷ്മിയ്ക്കും വലിയൊരു ആഘാതമായിരുന്നു. എങ്കിലും ചികിത്സ തുടരുന്നുവെന്നാണ് വൈക്കം വിജയലക്ഷ്മി വ്യക്തമാക്കുന്നത്. ചികിത്സിച്ചു കൊണ്ടിരുന്ന ഡോക്ടർ ശ്രീകുമാർ മരണപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ ചികിത്സയ്ക്കു നേതൃത്വം നൽകുന്നുണ്ട്. അതുകൊണ്ട് ചികിത്സ മുടങ്ങാതെ പോകുന്നു. ഏറെ പ്രതീക്ഷയുണ്ട് എനിക്ക്. വിജയലക്ഷ്മി മനോരമ ഓൺലൈനോടു പറഞ്ഞു.

അദ്ദേഹം എനിക്കൊരു ഡോക്ടർ മാത്രമായിരുന്നില്ല. ഡോക്ടറും കുടുംബവും എനിക്ക് എന്റെ വീട്ടിലുള്ളവരെ പോലെയായിരുന്നു. ഒരിക്കലും ചിന്തിക്കാത്തൊരു ദുരന്തമാണ് അദ്ദേഹത്തിന്റെ മരണം തീർത്തത്. ആകെ ഞെട്ടിപ്പോയി ഞാൻ. അന്ന് ഒരു പരിപാടിയ്ക്കായി ഓസ്ട്രേലിയയിലായിരുന്നു. അതുകൊണ്ട് അവസാനമായി അദ്ദേഹത്തെ ഒന്നു കാണാനായില്ല. ഒത്തിരി വിഷമത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ശ്രീവിദ്യയും വലിയ പിന്തുണയായിരുന്നു ആദ്യം മുതൽക്കേ. ഇപ്പോൾ അദ്ദേഹം കടന്നുപോയപ്പോൾ അവർ തന്നെ ശ്രീവിദ്യ ചേച്ചി എന്റെ ചികിത്സയുടെ കാര്യം ഏറ്റെടുത്തു. വിജയലക്ഷ്മി പറഞ്ഞു.  രോഗികളെ ചികിത്സിച്ചു കൊണ്ടിരിക്കേയാണ് ഹോമിയോപ്പതി രംഗത്ത് ഗവേഷണ വിജയങ്ങളിലൂടെ ശ്രദ്ധേയനായ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചത്. 

സിത്താരയോടൊപ്പം സഖാവ് എന്ന ചിത്രത്തിൽ പാടിയ ഉദിച്ചുയർന്നേ എന്ന പാട്ടാണ് ഏറ്റവും പുതിയ വിജയലക്ഷ്മി ഹിറ്റ് ഗാനം. അനുരാഗ കരിക്കിൻവെള്ളത്തിനു ശേഷം പ്രശാന്ത് പിള്ളയുടെ ഈണത്തിൽ പാടിയ രണ്ടാം ഗാനവും പ്രേക്ഷക പ്രശംസ നേടിയതിന്റെ ത്രില്ലിലാണ് വിജയലക്ഷ്മി.