Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൊനാക്ഷിയുടെ കലിപ്പ് തീരുന്നില്ല, ഗായികയെ ട്വിറ്ററിൽ ബ്ലോക് ചെയ്തു

sona-sonakshi

പോപ് രാജകുമാരൻ ജസ്റ്റിൻ ബീബർ ഇന്ത്യയിൽ നടത്തുന്ന ഷോയിൽ നടി സൊനാക്ഷി സിന്‍ഹ പാടുന്നുവെന്ന വാര്‍ത്ത വന്നത് അത്ര രസിച്ചില്ല സംഗീത ലോകത്തിന്. കൈലാഷ് ഖേറും അർമാൻ മാലികും ഉൾപ്പെടെയുള്ള‌ ഗായകർ സൊനാക്ഷിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പിന്നീട് താൻ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് സൊനാക്ഷി വ്യക്തമാക്കി. എന്നിട്ടും സൊനാക്ഷിയ്ക്കു സമാധാനം കിട്ടുന്നില്ലെന്നതാണ് വാസ്തവം. ഗായിക സോന മൊഹാപാത്രയാണ് സൊനാക്ഷിയ്ക്കെതിരെ ട്വീറ്റ് യുദ്ധം നടത്തിയത്. ഒടുവിൽ നിവൃത്തിയില്ലാതെ സോനയെ സൊനാക്ഷി ട്വിറ്ററിൽ ബ്ലോക് ചെയ്തു.

ജസ്റ്റിൻ ബീബർ നടത്തുന്ന സംഗീത പരിപാടിയ്ക്ക് ഗായിക കൂടിയായ അഭിനേത്രി സൊനാക്ഷി സിൻഹയുടെ ആലാപനത്തോടെയാണു തുടക്കമിടുന്നതെന്ന് റിപ്പോർട്ട് ചെയ്തത് ഒരു ഓൺലൈന്‍ സൈറ്റ് ആയിരുന്നു. വിവാദം ചൂടുപിടിച്ചപ്പോൾ താൻ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് സൊനാക്ഷി വ്യക്തമാക്കി. തന്റെ അറിവോടെയല്ല സൈറ്റ് വാർത്ത പുറത്തുവിട്ടതെന്നും സൊനാക്ഷി പറഞ്ഞിരുന്നു. ഒരു കലാകാരൻ മറ്റൊരു കലാകാരനെ അടിച്ചമർത്താനല്ല ശ്രമിക്കേണ്ടത്, ഞാൻ പാടും പാടാനും ഇഷ്ടമാണ് വേദികളിൽ പാടാനും ഇഷ്ടമാണ്. അതിന് വേറെ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ പോയി പണി നോക്കൂ എന്നൊക്കെയായിരുന്നു സൊനാക്ഷിയുടെ മറുപടി. അർമാൻ മാലികിനോടും കൈലാഷ് ഖേറിനോടും വിവാദം തുടങ്ങിയപ്പോഴേ മറുപടി പറയാത്തതും ധാർഷ്ട്യം നിറഞ്ഞ വാക്കുകളിൽ കാര്യം വ്യക്തമാക്കിയതുമാണ് സോന മൊഹാപാത്രയെ ചൊടിപ്പിച്ചത്. എന്തായാലും ബഹുമാന്യയായ അഭിനേത്രി തിരക്കിട്ട് ഒരു സംഗീത പരിപാടിയ്ക്കും തുടക്കമിടുന്നില്ലെന്നും ടിവി അവാർഡ് ഷോകളിൽ ചുണ്ടനക്കി ഡാൻസ് ചെയ്യുന്ന പരിപാടി തുടരുമെന്നും പറഞ്ഞതു നന്നായി എന്നൊക്കെയായിരുന്നു സോനയുടെ മറുപടി. ബ്ലോക് ചെയ്തെങ്കിലും സൊനാക്ഷിയെ വിടാനുള്ള ഭാവമില്ല സോന മൊഹാപാത്രയ്ക്ക്. സൊനാക്ഷി തന്നെ ബ്ലോക് ചെയ്തെന്ന കാര്യം വ്യക്തമാക്കി സ്ക്രീൻ ഷോട്ട് അടക്കം പുതിയ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

ജസ്റ്റിൻ ബീബർ ആദ്യമായാണ് ഇന്ത്യയില്‍ സംഗീത പരിപാടി അവതരിപ്പിക്കാനെത്തുന്നത്. ലോകം ഉറ്റുനോക്കുന്ന വേദിയിൽ ഇന്ത്യൻ സംഗീതജ്ഞർക്കു അവസരം നൽകാതെ ബോളിവുഡ് താരങ്ങളെ പരിഗണിക്കുന്നത് ശരിയായ നടപടിയല്ലെന്നും, സാംസ്കാരിക മേഖലയ്ക്ക് നല്ല സന്ദേശമല്ല ഇന്ത്യ നൽകുന്നത് എന്നുമായിരുന്നു അർമാൻ മാലികും കൈലാഷ് ഖേറും അഭിപ്രായപ്പെട്ടത്. ഇവരുടെ പ്രതിഷേധത്തിനു കാരണവുമുണ്ട്. ഇന്ത്യയിൽ ലോകോത്തര സംഗീതജ്ഞരും ബാൻ‍ഡുകളും അപൂർവമായേ പങ്കെടുക്കാനെത്താറുള്ളൂ. പോയ വർഷം ബ്രിട്ടിഷ് ബാൻഡ് ആയ കോൾ‍ഡ് പ്ലേ ഇന്ത്യയിലെത്തിയിരുന്നു. എന്നാൽ അന്നേരം അവർക്കൊപ്പം വേദി പങ്കിടാനും പ്രകടനം കാണാനും അവസരം കിട്ടിയതിൽ കൂടുതൽ പേരും സംഗീത‍ജ്ഞർ ആയിരുന്നില്ല. ഒരു ഹിപ് ഹോപ് ആൽബത്തിൽ പാടിയ സൊനാക്ഷി സിൻഹയ്ക്ക് അന്നും അവസരം ലഭിച്ചിരുന്നു. അമിതാഭ് ബച്ചൻ, ഫർഹാൻ അക്തർ, രൺവീർ സിങ്, ഷാരുഖ് ഖാൻ തുടങ്ങി ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ വരെയുള്ളവർക്ക് കോൾഡ് പ്ലേയ്ക്കൊപ്പം വേദി പങ്കിടാനായി.