Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കറും കാർത്തികയും...കണ്ണെടുക്കാൻ തോന്നില്ല 'കണ്ണിൽ കണ്ണിൽ' കണ്ടാൽ!

cia-movie-kannil-kannil-video-song

അമൽ നീരദ് ചിത്രങ്ങളിലെ പാട്ടുകൾക്ക്, പ്രത്യേകിച്ച് പ്രണയത്തെ കുറിച്ചുള്ളത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ദുൽക്കർ സൽമാനും കാർത്തിക മുരളീധരനും അഭിനയിച്ച സിഐഎയിലെ 'കണ്ണിൽ കണ്ണിൽ' ഈ പാട്ടിന്റെ വിഡിയോ കാണുമ്പോൾ ഇതല്ലാതെ മറ്റൊന്നും പറയാനില്ല. കട്ട നൊസ്റ്റാൾജിയ, എന്തോ ഒരു വല്ലാത്ത ഫീൽ, ഒരു രസം എന്നിങ്ങനെയൊക്കെ പറഞ്ഞ് യുവത്വം ഈ ഗാനത്തെ ഏറ്റെടുക്കുമെന്നുറപ്പാണ്. അത്രയ്ക്കു ചേലുണ്ട് ഈ പാട്ടിന്. ക്യാംപസുകളിൽ നമ്മള്‍ ഒരുപാടിഷ്ടപ്പെട്ടിരുന്നൊരു ചങ്ങാതിയെ പോലെയാണ് ദുൽക്കർ, ആരും കടന്നുവരാനിടയില്ലെന്നു ചിന്തിച്ചിരുന്ന അവന്റെയുള്ളിലേക്കു കയറിക്കൂടിയ പെണ്ണായി കാർത്തികയും. ഇരുവരും ഒന്നിക്കുന്ന രംഗങ്ങൾ നമ്മെ ഒരുപാട് ഓർമകളിലേക്കു കൈപിടിക്കും. അത്രയേറെ സ്വാഭാവിക ഭംഗിയാണ് ഈ വിഡിയോയ്ക്ക്.

രാഷ്ട്രീയവും വിപ്ലവവും എഴുത്തും വരയുമൊക്കെയായി പറന്നു നടക്കുന്നതിനിടെ ക്യാംപസിന്റെ ഏതോ ഒരിടത്തു വച്ചു കണ്ണിൽ വിരിഞ്ഞ പ്രണയത്തെ കുറിച്ചുള്ള ഗാനത്തിന് അമൽ നീരദ് പകർന്ന ദൃശ്യങ്ങൾ നിലാവിൽ കടൽ കാണുന്നതു പോലെ ചേലുള്ളത്. പ്രണയത്തിന്റെ ചിറകിലേറി ആരും പോകാനിടയുള്ള ഇടങ്ങളിലേക്കെല്ലാം കാമറ ചലിപ്പിച്ച് ഒരിക്കലും മറക്കാത്ത വിധത്തിൽ പ്രണയത്തിന്റെ ആരംഭത്തെ അവതരിപ്പിച്ചിരിക്കുന്നു അമൽ നീരദ്. കലാലയത്തില്‍ നിന്നു പടിയിറങ്ങിപ്പോരുമ്പോൾ ഒപ്പം ചേർത്ത ഒരു ഓട്ടോഗ്രാഫ് വീണ്ടുമൊന്നു തുറന്നു വായിക്കുന്ന അനുഭൂതി പകരാൻ ചില പാട്ടുകൾക്കേ സാധിക്കുകയുള്ളൂ. ഈ പാട്ട് അങ്ങനെയൊന്നാണെന്ന് നിസംശയം പറയാം. 

കണ്ണിൽ നോക്കിയാൽ അറിയാം പ്രണയത്തിന്റെ ആഴം എന്നതിനു നവീനത്വം പകർന്നാണ് റഫീഖ് അഹമ്മദ് പാട്ടെഴുതിയത്. കാമറകൊണ്ടു കവിത രചിക്കാറുള്ള അമൽ നീരദ് വരികളിലെ കാവ്യഭംഗിയെ അതേപടി ദൃശ്യങ്ങളിൽ പകർത്തി. ഗോപി സുന്ദർ ഈണമിട്ട ഈ പാട്ടിന്റെ ഓഡിയോ പുറത്തിറങ്ങിയപ്പോഴേ ഏറെ ശ്രദ്ധ നേടിയിരുന്നു. പാട്ടിന്റെ ഓർക്കസ്ട്രയുടെ വിഭിന്നതയും ഹരിചരണിന്റെയും സയനോരയുടേയും ആലാപന ശൈലിയും ആദ്യം കേൾക്കുമ്പോൾ തന്നെ പാട്ടിനെ പ്രിയപ്പെട്ടതാക്കി.