Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹിക്കാൻ വയ്യ അസഭ്യം പറച്ചിൽ! ഗായകന് പൂട്ടിട്ട് ട്വിറ്റർ

abhijeet-bhattacharya

ട്വിറ്റർ വഴി ഏറ്റവുമധികം പ്രാവശ്യം വാർത്തകളിലിടം നേടിയ ഇന്ത്യക്കാരിലൊരാൾ ആരെന്നു ചോദിച്ചാൽ ഉത്തരങ്ങളിലൊന്ന് അഭിജിത് ഭട്ടാചാര്യ എന്നാകും. പൊതു ഇടങ്ങളിൽ ഒരിക്കലും ഉപയോഗിച്ചു കൂടാത്ത വാക്കുകളും അപമാനകരമായ പരാമർശങ്ങളും നിരന്തരം ട്വീറ്റ് ചെയ്തതുകൊണ്ടാണ് അഭിജിത്തിന്റെ അക്കൗണ്ട് ട്വിറ്റർ നിർത്തലാക്കിയത്. 

മാസങ്ങൾക്കു മുൻപ് ഒരു ട്വീറ്റിന്റെ പേരിൽ അഭിജിതിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇത്തവണ ജെഎൻയു വിദ്യാർഥിനിയോട് മോശമായ ഭാഷയിൽ സംസാരിച്ചതാണ് ട്വിറ്ററിൽ നിന്നു തന്നെയുള്ള പുറത്തുപോകലിന് ഇടയാക്കിയത്. അഭിജീതിന്റെ അക്കൗണ്ട് ഇല്ലാതാക്കിയതിന് ജെഎൻയു വിദ്യാർഥിനി എല്ലാവർക്കും നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തത്

അഭിജീതിന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിൽ ഹാഷ് ടാഗ് ഇട്ടുള്ള പ്രചരണം വരെ നടന്നിരുന്നു. 

കശ്മീർ വിഷയം, ബീഫ് വിവാദം, ജെഎൻയു സര്‍വകലാശാലയിലെ വിഷയങ്ങൾ, ദേശീയതുമായി ബന്ധപ്പെട്ടുള്ള മറ്റു വിഷയങ്ങൾ തുടങ്ങിയ സെൻസിറ്റിവ് ആയ കാര്യങ്ങളിലെല്ലാം അഭിജീത് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. അശ്ലീലകരമായ പരാമർശങ്ങൾ ആണ് തന്റെ അഭിപ്രായങ്ങളോട് എതിരു പറയുമ്പോഴെല്ലാം സ്ത്രീകളെ നേരിടാന്‍ അഭിജീത് ഉപയോഗിച്ചിരുന്നത്. ഇതാണ് ട്വിറ്ററിൽ നിന്നു പുറത്തുപോകുന്നതിന് ഇടയാക്കിയത്. 

അതേസമയം എഴുത്തുകാരി അരുന്ധതി റോയിയും ജെഎൻയുവിലെ വിദ്യാർഥികളും അവരെ പിന്തുണയ്ക്കുന്നവരുമാണ് തന്റെ അക്കൗണ്ട് പൂട്ടിച്ചതിനു പിന്നിലെന്നാണ് അഭിജീത് ആരോപിക്കുന്നത്. അഭിജീതിന്റെ അക്കൗണ്ട് ട്വിറ്റർ ഡിലീറ്റ് ചെയ്തത്  സ്ഥിരമായിട്ടാണോ അല്ലയോ എന്നത് ഇനിയും വ്യക്തമല്ല. 

abhijeet-bhattacharya-tweets

ചാര്‍ട്ടേഡ് അക്കൗണ്ടൻസി പൂർത്തിയാക്കിയ അഭിജീത് പേരെടുത്തത് സംഗീതജ്ഞനായാണ്. ആർ.ഡി.ബർമനാണ് അഭിജീതിന് ആദ്യ ചലച്ചിത്ര ഗാനം നൽകുന്നത്. ആനന്ദ് ഔര്‍ ആനന്ദ് എന്ന ആദ്യ ചിത്രത്തിൽ കിഷോർ കുമാറിനും ലതാ മങ്കേഷ്കർക്കും ആശാ ഭോസ്‍ലേയ്ക്കുമൊപ്പം ഒരു ഗാനം പാടാനുള്ള അപൂർവ ഭാഗ്യം ലഭിച്ചു അഭിജീതിന്. എങ്കിലും കരിയറിന് അത് വലിയ ഉയര്‍ച്ചയൊന്നും നൽകിയില്ല. ഈ പാട്ട് പുറത്തിറങ്ങി ആറു വർഷങ്ങൾക്കു ശേഷം 1990ൽ സൽമാൻ ഖാൻ നായകനായ ഭാഗി എന്ന ചിത്രത്തിൽ ആനന്ദ്-മിലിന്ദ് ഈണമിട്ട ഒരു പാട്ടിലൂടെയാണ് തിരിച്ചെത്തിയത്. 18 ഭാഷകളിലായി നൂറോളം പാട്ടുകൾ പാടിയിട്ടുണ്ട് അഭിജീത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രണ്ടു റിയാലിറ്റി ഷോകളിലും വിധികർത്താവായിട്ടുണ്ട്. സംഗീത രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയെങ്കിലും അഭിജീത് ഏറെ പ്രശസ്തനായത് ഇത്തരം പ്രകോപനപരമായ ട്വീറ്റുകളിലൂടെയാണ്.