Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുരാഗ ലോല ഗാത്രി...

ചില രാത്രികൾ അങ്ങനെയാണ്... കാടിന്റെ കറുപ്പഴകാണതിനെങ്കിലും പ്രണയത്തിന്റെ നിലാവെട്ടത്ത് നിന്നങ്ങനെ പുഞ്ചിരി തൂകും, മൗനമായി. ഒറ്റനക്ഷത്രം മാത്രം തെളിയുന്ന ആ രാത്രി വാക്കുകൾക്കതീതമായ പ്രണയമായി നമ്മുടെ മനസ്സിന്റെ ജനാലയ്ക്കപ്പുറം പൂത്തുലയും. ‍ജാലകപ്പാളികളിലൂടെ അതിലേക്കു നോക്കി സങ്കൽപങ്ങളുടെ, സ്വപ്നങ്ങളുടെ മഞ്ചലേറിയങ്ങു യാത്ര പോകണം... കടലിന്റെ ശാന്തതയ്ക്കിപ്പുറം മിഴിചിമ്മിക്കിടക്കുന്ന മണൽ‌പ്പരപ്പിലൂടെ നടക്കുന്ന ഏകാന്ത സഞ്ചാരിയെപ്പോലെ പ്രണയവഴികളിലൂടെ ആ രാത്രി നടന്നാൽ നമ്മൾ ഭൂമിയിലെ ഏറ്റവും മനോഹരമായൊരു സത്യത്തെ അനുഭവിച്ചറിഞ്ഞുവെന്നാണ് അർഥം... ആ അനുരാഗ രാത്രിയുടെ വശ്യതയാണ് ഈ പാട്ടിൽ വിരിയുന്നത്....

അനുരാഗ ലോല ഗാത്രി...

വരവായി നീല രാത്രി...

മനോരമ ഓൺലൈനിന്റെ മ്യൂസിക്  ഷോട്സിൽ ഇത്തവണ ഈ പാട്ടാണ്. ‘ഒരു പാട്ടു മൂളിത്തന്നിട്ടു നീ പറന്നുപോകൂ’ എന്നു രാപ്പക്ഷികളോടു പറഞ്ഞാൽ അവർ ഒരിക്കലെങ്കിലും ഈ ഗാനം മൂളാതിരിക്കില്ല. അങ്ങനെയുള്ള ഈ പാട്ട് പാടാതെയെങ്ങനെയാണ് സംഗീത സല്ലാപ വേളകൾക്കു കടന്നുപോകാനാകുക. അതുകൊണ്ടാണ് മനോരമ ഓൺലൈൻ ഈ പാട്ടിലേക്കെത്തിയത്.ഇത്രയും മനോഹരമായ പാട്ടിന്റെ  കവർ വേര്‍ഷനുകൾ അധികം നമ്മൾ കേട്ടിട്ടുമില്ലല്ലോ. അതും നമ്മളൊരുപാടിഷ്ടപ്പെട്ട മറ്റൊരു പാട്ടിനോടു ചേർത്തു വച്ച് പാടിക്കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖമല്ലേ. ആ ആസ്വദനമാണ് മ്യൂസിക് ‌ഷോട്സ് ഒരുക്കുന്നത്. രാഹുൽ രാജ് ആണു ഈ കവർ വേര്‍ഷന്‍ ചിട്ടപ്പെടുത്തിയത്. പാടിയത് മിഥുൻ ജയരാജും. സന്ദീപ് മോഹന്റെ ഗിത്താറും ജോ ജോൺസണിന്റെ കീബോർഡും. 

യേശുദാസിന്‍റെയും പി.സുശീലയുടെയും കാലാതീതമായ സ്വരഭംഗിയിലൂടെ പല രാത്രികളില്‍ ആ പാട്ട് ഏതൊക്കെയോ മനസ്സുകൾ പാടുന്നു. ഇന്ത്യൻ സംഗീതത്തിലെ മാന്ത്രിക സ്പർശം നൗഷാദ് ഈണമിട്ട ഗാനം. നൗഷാദ് മലയാളത്തിൽ സൃഷ്ടിച്ച പ്രണയഗാനം. പേരറിയാത്ത നൊമ്പരമാണു പ്രണയമെന്ന് എഴുതിയ യൂസഫലി കേച്ചേരി രചിച്ച ഗാനം.

സംഗീതവും സാഹിത്യവും, ഈറൻ നിലാവും ഭൂമിയുമെന്ന പോലെ ലയിച്ചു നിൽക്കുന്ന ഈ ഗാനം എത്ര കേട്ടാലാണു മതിവരിക. അനുരാഗം അതിന്റെ സമസ്തഭംഗിയോടെയും ജീവിതത്തോടു ചേർന്നു നിൽക്കുന്ന വേളകളുടെ ഈണം ഈ ഗാനം മാത്രമാണ്.... മനുഷ്യനുള്ളിടത്തോളം കാലം പ്രണയമുണ്ടാകും... ഈ ഗാനവും.