Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളം പ്രണയിച്ച അഞ്ച് മഴപ്പാട്ടുകള്‍

mazha-songs

മഴ കണ്ടും മഴക്കുളിരിലലിഞ്ഞും മരപ്പെയ്ത്തിൽ നനഞ്ഞും പൂവിൻ ഇതളിലെ കുഞ്ഞു മഴത്തുള്ളിയെ തൊട്ടുണർത്തിയും മഴക്കാലത്തെ അനുഭവിക്കുകയാണു നമ്മൾ...ജനൽപ്പാളിയിടത്തിലൂടെ രാവിലും പകലിലും പിന്നെ സന്ധ്യയുടെ അന്ത്യനിമിഷത്തിലുെ പെയ്തിറങ്ങുന്ന മഴയിലേക്കു കണ്ണുനട്ടിരുന്ന് എഴുതിയും കിനാവുകണ്ടും കാൽപകനികത്വത്തിലേക്കു മടങ്ങുന്നു നമ്മൾ....പ്രിയപുസ്തകങ്ങളും സിനിമകളിലെ കഥാപാത്രങ്ങളും ആ മഴനൂഴിലഴകൾക്കിടയിലൂടെ വന്നുംപോയുമിരിക്കുന്നു...അതുപോലെയാണു ചില പാട്ടുകളും...മഴ കണ്ടുകൊണ്ടിരുന്നാൽ ഒരു വട്ടമെങ്കിലും ഈ പാട്ടുകൾ മൂളാതിരിക്കില്ല...ആ വരികൾ മഴ ചന്തത്തേയും അതു മനുഷ്യന്റെ മനസിൽ തീർക്കുന്ന ‌ചിത്രങ്ങളേയും അത്രമേൽ വിവരിച്ചിട്ടുണ്ടാകും. 

പ്രണയമണിത്തൂവല്‍ കൊഴിഞ്ഞു വീഴുന്ന പവിഴമഴ എന്നു കേട്ടത് സുജാതയുടെ സ്വരത്തിലാണ്. പ്രണയവും വാൽസല്യവും സുജാതയിൽ നിന്നു പാടിക്കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖമാണല്ലോ...ഈ പാട്ട് പാദസരക്കിലുക്കമുള്ള സ്വരഭംഗിയിൽ സുജാത പാടിയതാണ്. മഴ കണ്ടിരുന്നു പതിയെ പതിയെ ഉമ്മറപ്പടി കടന്നു മുറ്റത്തേയ്ക്കിറങ്ങി ഒന്നു നനഞ്ഞു തുടങ്ങുമ്പോൾ ഒരിക്കലെങ്കിലും ഓർക്കാത്തിരിക്കില്ല ഒന്നു മൂളാതിരിക്കില്ല ഈ പാട്ട്...കൈതപ്രത്തിന്റേതാണു വരികൾ. 

പ്രണയ വിരഹത്തെപറയാതെ പോയെ പ്രണയത്തെ കാത്തിരിപ്പിനെ അങ്ങനെ...മനസിന്റെ ആഴങ്ങളിലുള്ള ഇനിയും ആരോടും പറയാത്ത കുഞ്ഞു നൊമ്പരങ്ങളെയാകാം...കൗതുകത്തെയാകാം പ്രണയത്തെയാകാം മഴ ഓർമിക്കുക...മഴ കണ്ടിരിക്കുന്ന ഓരോ മിഴിച്ചെപ്പിനുള്ളിലും മഴ അതുകൊണ്ടു തന്നെ പല ഛായയാണു അതിന്...നിലാമഴ ഏതോ കിനാമഴ എന്ന പാട്ടിലെ വരികൾക്കിടയിലൂടെ നോക്കിയാൽ കാണുന്നത് അതൊക്കെയാണ്...രാജീവ് ആലുങ്കലിന്റേതാണ് ഈ ആൽബം ഗാനം. 

മഴയ്ക്ക് എന്തൊക്കെ ഭാവമാണെന്ന് പറയുക അസാധ്യമാണ്....എങ്കിലും ചില സന്ധ്യ നേരങ്ങളിൽ കൽവിളക്കുകളിലേക്കു പെയ്തൂർന്നിറങ്ങുന്ന മഴ വല്ലാത്ത വിങ്ങൽ മനസിൽ തീർക്കും...ഇനിയൊരിക്കലും കാണാനാകാത്ത പ്രിയപ്പെട്ടൊരാളിന്റെ ഓർമകളും പേരറിയാത്ത നൊമ്പരങ്ങളും എന്താണെന്നറിയാതെ മനസിലേക്കു ചേക്കേറുന്ന വിഷമങ്ങളുമൊക്കെയാണ് ആ മഴനേരങ്ങൾ നമുക്കു സമ്മാനിക്കുക...പ്രണയം തീർക്കുന്ന ആത്മബന്ധം ജന്മാന്തരങ്ങൾ നീണ്ടുനിൽക്കുമെന്നും മരണത്തിനു അതിന്റെ ഉന്‍മാദത്തെ കെടുത്തിക്കളയാനാകില്ലെന്നും പറഞ്ഞ മഴപ്പാട്ടും നമുക്കൊരുപാട് പ്രിയപ്പെട്ടതാണ്. മരണം തീർക്കുന്ന നൊമ്പരത്തെ ഓർമപ്പെടുത്തിയും അതിന്റെ ആഴത്തിലേക്കു പറിച്ചെറിഞ്ഞും ഒരുപാട് സങ്കടപ്പെടുത്തും ആ മഴയെന്നാകിലും...പെയ്തൊഴിയാൻ നേരം അവ മനസിനു വല്ലാത്ത കുളിരായി നമ്മോടു മാത്രം എന്തോ പറഞ്ഞാണ് മടങ്ങുന്നതെന്നു തോന്നിപ്പോകും....

മഴക്കാഴ്ചകളിലേക്കു കാമറയുമായി പ്രയാണം നടത്തിയ ഫോട്ടോഗ്രാഫർ വിക്ടർ ജോർജിന്റെ സ്മരണയ്ക്കു മുൻപിൽ തീർത്ത ഒരു ആൽബം ഗാനമുണ്ട്...മഴക്കാലയാത്രയിൽ എന്ന പാട്ട്..പ്രിയപ്പെട്ടവർ നമുക്കു മുൻപിൽ നിന്ന് എന്നന്നേക്കുമായി മറയുമെങ്കിലും അവർ മഴയ്ക്കൊപ്പം നടന്നുനീങ്ങുകയാണെന്നും എവിടെയൊക്കെയോ നിന്ന് നമ്മെ കാണുന്നുണ്ടെന്നും വെറുതെയെങ്കിലും തോന്നിപ്പോകും ഈ പാട്ടു കേട്ടാൽ...

എന്തൊക്കെ പറഞ്ഞാലും മഴയ്ക്ക് വല്ലാത്തൊരു പ്രണയചന്തമാണ്. കൺമഷിയെഴുതിയ പെൺ മിഴിപോലെ ചേലുള്ളത്. പ്രണയത്തിന്റെ കാൽപനിക ഭംഗിയെ മഴയുടെ ആത്മാവിനോടു ചേർന്നു നിന്നു പാടിയ ഈ പ്രണയ ഗാനവും ഒരു ആൽബം ഗാനമാണ്.

മഴയുടെ മൗനജാലകം തുറന്നെന്റെ മുക്കുറ്റി മുല്ലയിൽ നീ തൊട്ടു...

മിഴിയിലെ കാർമഷി തൂവാതെ നിൻമുഖം അന്നാദ്യം കണ്ണാടി കണ്ടു എന്ന വരികൾ എത്ര മനോഹരമാണ്...നന്ദു റ്റി.കെയുടേതാണു വരികൾ. 

മഴ കണ്ടു കൊതിതീരുമോ നമുക്ക്...അതുപോലെ തന്നെയാണു ഈ പാട്ടുകളും