Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാപ്പരായ രാജ്യത്തെ ഒരു പാട്ട് രക്ഷിച്ചപ്പോൾ!

Despacito

ഡെസ്പാസീറ്റോ എന്ന പാട്ട് ഏറ്റവും കൂടുതൽ പ്രാവശ്യം വാർത്തകളിലിടം നേടിയത് അതിനു ലഭിച്ച പ്രേക്ഷകരുടെ കുതിപ്പു കൊണ്ടു മാത്രമല്ല. അത് പാടിയ ആൾ തന്നെ നിരവധി വേദികളിൽ ആ പാട്ട് തെറ്റിച്ചു പാടിയതുകൊണ്ടു കൂടിയാണ്. ജസ്റ്റിൻ ബീബറാണ് ഈ സ്പാനിഷ് ഗാനത്തിന്റെ റീമിക്സ് പാടിയത്. ജസ്റ്റിൻ ബീബറാണ് ഇത്രയേറെ പ്രശസ്തി ഗാനത്തിനു നൽകിയതും. താരം നിരവധി വേദികളിൽ ഈ പാട്ട് പാടി തെറ്റിച്ചു. ചിലയിടങ്ങളിൽ മറന്നേ പോയി. പിന്നീടത് പലപ്പോഴും വേദികളിൽ പാടാതെയായി. അതിനെ ചൊല്ലി കാണികളുമായി വഴക്കിടുക പോലും ചെയ്തു. പക്ഷേ ഡെസ്പാസീറ്റോയ്ക്ക് ഒരു വലിയ കഥ പറയാനുണ്ട്. ചരിത്ര പ്രസക്തമായൊരു കഥ. ഒരു വീണ്ടെടുപ്പിന്റെ കഥ. സംഗീത ചരിത്രത്തിൽ തന്നെ അപൂർവമായൊരു കഥ. ഒരു രാജ്യത്തെ രക്ഷിച്ച പാട്ടാണ് ഡെസ്പാസിറ്റോ. 246 കോടിയിലധികം പ്രാവശ്യമാണ് ഈ പാട്ട് ആളുകൾ യുട്യൂബ് വഴി കണ്ടത്.

ഈ പാട്ട് ഷൂട്ട് ചെയ്ത സ്ഥലങ്ങൾ കാണാനുള്ള ഒഴുക്കാണ് പ്യൂർട്ടൊറിക്ക എന്ന രാജ്യത്തെ കനത്ത സാമ്പത്തിക തകർച്ചയിൽ നിന്നു കരകയറ്റിയത്. വിനോദ സഞ്ചാര മേഖലയിൽ നിന്നുള്ള വരുമാനത്തിൽ പ്യൂർട്ടൊറിക്ക സാധാരണ നിലയിലേക്കെത്തി. പാപ്പരായി പ്രഖ്യാപിക്കപ്പെട്ട രാജ്യമായിരുന്നു ഇത്. പാട്ടിന് കവർ വേർഷനുകളും മാഷ് അപ്പുകളുമൊരുക്കി പാട്ടിനെ ആഘോഷമാക്കുമ്പോൾ പ്യൂര്‍ട്ടൊറീക്ക ഒരു ഈണം ഒരു രാജ്യത്തിനായി കൈത്താങ്ങായ കഥയുടെ പ്രസരിപ്പിലാണ്.

ഗായകരായ ലൂയിസ് ഫോൺസിയും ഡാഡി യാങ്കീയും ചേർന്നാണ് ഈ പാട്ട് തയ്യാറാക്കിയത്. പോപ് സംഗീതത്തിലെ യുവ രാജാവ് ജസ്റ്റിൻ ബീബർ ഈ പാട്ടിന്റെ റീമിക്സ് പാടുക കൂടിയ ചെയ്തതോടെ അതിർത്തികൾ ഭേദിച്ച് പാട്ടിഷ്ടപ്പെടുന്നവർക്കിടയിലേക്കു പടർന്നു കയറി ഗാനം. മൂന്നു മാസം മുൻപാണ് 70 മില്യൺ ഡോളർ രാജ്യത്തിന് പൊതുകടം ഉണ്ടെന്നും രാജ്യം പാപ്പരായെന്നും ഗവർ റസലോ ലോകത്തെ അറിയിച്ചത്. എന്നാൽ‌ ഡെസ്പാസീറ്റോ ഹിറ്റ് ആയതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. 

പ്യൂർട്ടൊറീക്കയുെട ഭംഗിയും അവിടത്തെ ജനങ്ങളുടെ ജീവിതവും മിസ് യൂണിവേഴ്സ് സുലെയ്ക റിവേറയുമാണ് പാട്ടിന്റെ രംഗങ്ങളിലുള്ളത്. കടൽ‌ത്തീരങ്ങളും അവിടത്തെ ചുവരുകളിലെ ചിത്രമെഴുത്തും ഔപചാരികതളും ലിംഗഭേദവുമില്ലാതെ ആളുകൾ ജീവിതം ആഘോഷമാക്കുന്നതുമാണ് പാട്ടിലുള്ളത്. 

സംഗീത ലോകത്തെ ഇംഗ്ലിഷ് ഭാഷയുടെ ആധിപത്യം തച്ചുടച്ച പാട്ടുകളിലൊന്നു കൂടിയാണ്. ബിൽ‌ബോർഡിന്റെ ഹോട്ട് 100 പട്ടികയിൽ തുടർച്ചയായി എട്ട് ആഴ്ച നിലനിന്ന പാട്ടാണിത്. 40 വർഷത്തിനു ശേഷമാണ് ഒരു സ്പാനിഷ് ഗാനം ഈ നേട്ടമുണ്ടാക്കുന്നത്. രണ്ടു ദശാബ്ദക്കാലങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ മാക്കറീന എന്ന ഗാനമാണ് ഇതിനു മുൻപ് ബിൽബോർ‍ഡിൽ ഈ നേട്ടമുണ്ടാക്കിയത്.