Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

25 വർഷങ്ങൾക്കു ശേഷം വീണ്ടും യേശുദാസും എസ്.പി.ബാലസുബ്രഹ്മണ്യവും ഒന്നിച്ചു പാടുന്നു

nishad

ഓരോ സംവിധായകന്റെ ജീവിതത്തിലും ഏറ്റവും സന്തോഷം നൽകുന്ന ചില കാര്യങ്ങളുണ്ടാകും. അവർ സിനിമയിലെത്തുമ്പോൾ ചെയ്യണം എന്ന് ആഗ്രഹിച്ചവയാകാം അത്. എം.എ.നിഷാദിനെ സംബന്ധിച്ച് അത് ഗന്ധർവ്വ ഗായകന്റെ പാട്ടാണ്. തന്റെ എല്ലാ ചിത്രങ്ങളിലും ദാസേട്ടനെ കൊണ്ടു പാടിക്കാനായി എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷം. അനുഗ്രഹം എന്നാണ് എം.എ. നിഷാദ് പറയുന്നത്. എന്തായാലും മലയാളത്തിലെ മറ്റൊരു സംവിധായകർക്കും ലഭിക്കാത്ത മറ്റൊരു വലിയ ഭാഗ്യം കൂടി അദ്ദേഹത്തിനു സ്വന്തമാക്കിയിരിക്കുകയാണ്. 25 വർഷത്തെ ഇടവേളയ്ക്കു ശേഷം യേശുദാസിനേയും ദക്ഷിണേന്ത്യൻ സംഗീതത്തിലെ മറ്റൊരു പ്രതിഭാസം എസ്.പി.ബാലസുബ്രഹ്മണ്യത്തേയും കൊണ്ടു ഒരുമിച്ച് ഒരു പാട്ട് പാടിക്കാനായി എന്നതാണ് അത്. 

കിണർ എന്ന എം.എ.നിഷാദ് ചിത്രത്തിനു വേണ്ടിയാണ് ഇരുവരും പാടുന്നത്. എം.ജയചന്ദ്രന്റേതാണു സംഗീതം. തമിഴ്-മലയാളം വരികളുള്ള പാട്ടാണിത്. മലയാളം വരികൾ ബി.െക.ഹരിനാരായണനും തമിഴ് വരികൾ പളനി ഭാരതിയും കുറിച്ചു. തമിഴിന്റെയും കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രത്യേകതയും ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയുമൊക്കെ പറയുന്ന ഫാസ്റ്റ് നമ്പറാണിത്. യേശുദാസ് അമേരിക്കയിൽ നിന്നും എസ്പിബി ചെന്നൈയിൽ നിന്നും പാടിയ പാട്ട് ഓഗസ്റ്റ് അവസാനത്തോടെ പുറത്തിറങ്ങും. ഇതിനു മുൻപ് ദളപതി എന്ന ചിത്രത്തിലായിരുന്നു യേശുദാസും എസ്പിബിയും ഒരുമിച്ച് ഒരു ഗാനം പാടിയത്. ഇളയരാജ ഈണമിട്ട കാട്ടുക്കുയിലേ എന്ന ആ പാട്ട് എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നാണ്. 

പ്രണയം എന്ന ചിത്രത്തിനു ശേഷം ഫ്രാഗ്നന്റ് നേച്ചർ ഫിലിം ക്രിയേഷന്‍സിന്റെ ബാനറിൽ പി.കെ.സജീവും ആൻ സജീവും ചേർന്നു നിർമ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ ഇങ്ങനെയൊരു പാട്ട് ചിത്രത്തിൽ വേണമെന്ന ആഗ്രഹം എം.എ.നിഷാദിനുണ്ടായിരുന്നു. ഏറെക്കാലമായ സ്വപ്നവുമായിരുന്നു ഇങ്ങനെയൊരു പാട്ട്. ചിത്രത്തിന്റെ കഥയും സംഗീതവുമായി ദാസേട്ടനേയും എസ്പിബിയേയും സമീപിച്ചപ്പോൾ ഇരുവർക്കും അവയെല്ലാം ഒരുപാടിഷ്ടമാകുകയായിരുന്നു. അങ്ങനെയാണ് ഈ രണ്ട് അനുഗ്രഹീത സ്വരങ്ങളും ഒന്നിക്കുന്ന ഗാനം എം.എ.നിഷാദ് ചിത്രത്തിലെത്തിയത്. 

Read More: New Malayalam Music, New Music Videos, Trending Songs