Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേട്ടുമതിവരാത്ത 10 പുതിയ പ്രണയ ഗാനങ്ങൾ

top-ten-love-songs-in-july

സമ്പന്നമാണ് 2017. മനുഷ്യന്റെ എല്ലാ ഭാവങ്ങളെയും വിചാര-വികാരങ്ങളെയും രേഖപ്പെടുത്തുന്ന ഒട്ടെറെ ഗാനങ്ങള്‍ ഇതിനോടകം സംഗീത ആസ്വാദകര്‍ക്കു മുന്നിലെത്തി കഴിഞ്ഞു. ഇവയില്‍ നിന്ന് 2017ന്റെ ആദ്യപകുതിയിലെ 10 മികച്ച പ്രണയഗാനങ്ങള്‍ കണ്ടെത്തുക ഏറെ ശ്രമകരമാണ്. ഗാനരചന, സംഗീതം, ആലാപനം, സിനിമയിലെ ചിത്രീകരണം, ജനപ്രിയത എന്നീ ഘടങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. 

'ലൈലാകം...' പ്രണയത്തിന്റെ മറുപേരോ

മലയാളത്തിലെ യുവ ഗാനരചയിതാക്കളില്‍ ശ്രദ്ധേയനാണ് ബി.കെ. ഹരിനാരായണന്‍. കഴിഞ്ഞ കൂറെ വര്‍ഷങ്ങളായി ആ തൂലികയുടെ സൗന്ദര്യം സംഗീത ആസ്വാദകര്‍ അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. ഹരിയുടെ 'ലൈലാകമേ' ഗാനമാണ് പുതുവര്‍ഷത്തില്‍ മലയാളികളെ പാടി ഉണര്‍ത്തിയത്. ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ഹൊറര്‍ ത്രില്ലര്‍ എസ്ര സിനിമ സമരം മൂലം വൈകിയെത്തിയപ്പോള്‍ മലയാളികള്‍ക്കു ഈ ഗാനം മനോഹരമായ പുതുവര്‍ഷ സമ്മാനമായി മാറി. 'ലൈലാകാമേ' എന്ന ഒറ്റവാക്കില്‍ ഒരു പാട്ടിന്റെ ആത്മാവിനെ ആവാഹിക്കുന്നു ഇവിടെ ഹരിനാരായണന്‍. പ്രണയത്തില്‍ നിന്ന് വിവാഹത്തിലേക്കും ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്കും യാത്ര ചെയ്യുന്ന നായകന്റെയും നായികയുടെയും പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും ഹൃദ്യമായ സംഗീതത്തിന്റെ അകമ്പടിയോടെ വരവേല്‍ക്കുന്നു സംഗീത സംവിധായകന്‍ രാഹുല്‍ രാജ്. മലയാളത്തില്‍ തൊട്ടതെല്ലാം പൊന്നാക്കി മാറ്റി മാത്രം ശീലമുള്ള ഹരിചരണിന്റെ പ്രണയാദ്രമായ ശബ്ദം കൂടിയായപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി ലൈലാകമേ മാറി. 

ലിച്ചിയുടെ പ്രണയസമ്മാനം 

കുഞ്ചുവിന്റെ കടയിലെ കപ്പയും മുട്ടയും പോലെ മലയാളത്തിലെ എവര്‍ ഗ്രീന്‍ കോംമ്പിനേഷനുകളിലൊന്നാണ് ലിജോ ജോസ് പല്ലിശേരിയും പ്രശാന്ത് പിള്ളയും. അല്‍ഫോണ്‍സ് പുത്രന്റെ 'പ്രേമ'ത്തിലെ നായകന്‍ ജോര്‍ജ്ജിനെ പോലെ അങ്കമാലി ഡയറീസിലെ നായകന്‍ വിന്‍സന്റ് പെപ്പെയുടെ ജീവിതത്തിലും മൂന്നു പ്രണയങ്ങളുണ്ട്. ഓരോ പ്രണയത്തിനും അകമ്പടിയായി ഓരോ ഗാനവും. മൂന്നു ഗാനങ്ങളും തികച്ചും വ്യത്യസ്തമായ അനുഭവങ്ങള്‍ പകരുന്നവയും. ലിജോ ജോസ് പല്ലിശേരിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ പി.എസ്. റഫീക്ക് വരികളെഴുതിയ 'അയലത്തെ പെണ്ണിന്റെ ഉള്ളില്‍ വന്നു പള്ളി പെരുന്നാളു കൂടി' എന്ന ഗാനം പെപ്പയുടെ ആദ്യ പ്രേമത്തിന്റെ കുസൃതികളും ആശ്ചാര്യവും വിളിച്ചോതുന്നതാണ്. 'തമരടിക്കണ കാലമായെടീ തീയാമ്മേ' എന്നു തുടങ്ങുന്ന ഫോക്ക് ടച്ചുള്ള ഗാനം ഈ വര്‍ഷത്തെ മികച്ച ജനപ്രിയ ഗാനങ്ങളിലൊന്നാണ്. ആക്ഷന്‍ ഹീറോ ബിജുവിലെ 'മുത്തേ പൊന്നേ പിണങ്ങല്ലേ'  എന്ന ഗാനത്തിനു ശേഷം പ്രേക്ഷകര്‍ ഇത്രത്തോളം ഹൃദയത്തോട് ചേര്‍ത്ത മറ്റൊരു പ്രാദേശിക ഈണമുണ്ടാകില്ല. ഗാനം ആലപിച്ചിരിക്കുന്ന അങ്കമാലി പ്രാഞ്ചിക്കു അദ്ദേഹത്തിന്റെ ആശാന്‍ വഴി വാമൊഴിയായി ലഭിച്ച ഗാനത്തെ സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള സിനിമക്കു അനുഗുണമായി ഭംഗിയായി വിനിയോഗിച്ചിട്ടുമുണ്ട്. 

ജനപ്രിയതയുടെ കാര്യത്തില്‍ ആദ്യ രണ്ടു ഗാനങ്ങളോടു കിടപിടിക്കില്ലെങ്കിലും അങ്കമാലി ഡയറീസില്‍ നിന്ന് തിരഞ്ഞെടുക്കുന്ന പ്രണയ ഗാനം

'ദോ..ദോ നൈനാ... ദോ നൈനാ പരിന്തേ' എന്ന ഗാനമാണ്. പെപ്പയുടെയും ലിച്ചിയുടെയും പ്രണയത്തിനു കയ്യൊപ്പു ചാര്‍ത്തുന്ന ഈ മനോഹരം ഗാനം പിറവിയെടുക്കുന്നത് ഗായികയും സംഗീത സംവിധായകന്റെ സഹോദരിയുമായ പ്രീതി പിള്ളയുടെ പേനതുമ്പില്‍ നിന്നാണ്. ഒരു ചാറ്റല്‍ മഴ നനഞ്ഞ സുഖമുണ്ട് ഈ ഗാനം കേള്‍ക്കുമ്പോള്‍. ശ്രീകുമാര്‍ വാക്കിയിലും പ്രീതിയും ചേര്‍ന്നു പിന്നണി തീര്‍ത്തിരിക്കുന്ന ഗാനത്തിനെ പതിവു പോലെ ലിജോ ജോസ് പല്ലിശേരി ദൃശ്യങ്ങളിലൂടെ മികവുറ്റതാക്കി.

മൊഹബത്തിന്‍ ഇശലുകള്‍ പ്രണയത്തിലെക്കൊരു ടേക്ക് ഓഫ്

ഭീകരവാദികളുടെ ക്യാംപില്‍ അകപ്പെട്ടുപോയ ഇന്ത്യന്‍ നേഴ്‌സുമാരുടെ വൈകാരികമായ ജീവിതത്തെ തീവ്രത നഷ്ടപ്പെടുത്താതെ സ്‌ക്രീനിലേക്കു പകര്‍ത്തിയ ചിത്രമാണ് ടേക്ക് ഓഫ്. ആദ്യാവസാനം ഉദ്വേഗവും അനിശ്ചതത്വം നിറഞ്ഞ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിലെ പ്രതീക്ഷയുടെ നനവുള്ള പുതുമഴയാണ് 'മൊഹബത്തിന്‍ ഇശലുകളോ' എന്നു തുടങ്ങുന്ന പ്രണയഗാനം. സമീറയുടെയും ഷഹീദിന്റെയും കൂടിചേരലാണ് പാട്ടി്‌ന്റെ ഇതിവൃത്തം. ഈ പ്രണയഗാനത്തിന്റെയും ഉത്ഭവ കേന്ദ്രം ഹരിനാരായണന്‍ തന്നെ. മാപ്പിള ഇശലുകളും സൂഫി സംഗീതവും ഗോപി സുന്ദര്‍ എന്ന സംഗീത സംവിധായകന്റെ ദൗര്‍ബല്യമാണ്. എപ്പോഴൊക്കെ അദ്ദേഹത്തിന്റെ സംഗീതപ്പെട്ടിയില്‍ നിന്ന് മാപ്പിള ഈണങ്ങള്‍ പിറന്നിട്ടുണ്ടോ അപ്പോഴൊക്കെ അത് ഹിറ്റുകളാണെന്നത് ചരിത്രവും. ദിവ്യ എസ് മോനോനൊപ്പം സംഗീത സംവിധായകന്‍ ഗോപി സുന്ദറും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനും ഗായകനുമായ മുഹമ്മദ് മഖ്ബൂല്‍ മന്‍സൂറും പിന്നണി തീര്‍ത്തിരിക്കുന്നു. 

പുലരി പോലെ മനോഹരം ആരോ നെഞ്ചില്‍

പഞ്ചാബി സുന്ദരി അദിതി സിങ്ങിന്റെ കഥ പറഞ്ഞ 'ഗോദ' ഷാന്‍ റഹ്മാന്റെ പാട്ടുകളും പശ്ചാത്തല സംഗീതവുകൊണ്ടു ധന്യമായിരുന്നു. 'ആരോ നെഞ്ചില്‍'  എന്നു തുടങ്ങുന്ന പാട്ട് സമീപകാലത്തിറങ്ങിയ ഗാനങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു. സംഗീത സംവിധായികയായി പേരെടുത്ത ഗായിക ഗൗരിലക്ഷമിയുടെ ആലാപനം തന്നെയാണ്  ഈ ഗാനത്തെ മറ്റുള്ള ഗാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. സ്ഥിരം പ്രണയഗാനങ്ങളില്‍ നിന്ന് വേറിട്ടു സഞ്ചരിക്കുന്ന ഈ ഗാനം ആസ്വാദകരുടെ കാതുകള്‍ക്കു പുതുമയും പോസ്റ്റീവ് ഊര്‍ജ്ജവും പകരുന്നു. മനു മഞ്ജിത്തിന്റേതാണ് വരികള്‍. ഗൗരിലക്ഷമിയുടെ ആലാപനം മാല്‍ഗുഡി ശുഭയുടെ 'നിലപൊങ്കല്‍' ഗാനത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നു. 

കണ്ണിലെ പൊയ്കയില്‍ കാത്തുവെച്ച പ്രണയം

മലയാളത്തിലെ ക്ലാസിക്ക് സിനിമകളുടെ ശ്രേണിയില്‍ ഇതിനോടകം ഇടം കണ്ടെത്തികഴിഞ്ഞു നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന 'തൊണ്ടിമുതലും

ദൃക്‌സാക്ഷിയും' എന്ന ദിലീഷ് പോത്തന്‍ ചിത്രം. ഗ്രാമീണ ഈണങ്ങളാണ് ദിലീഷ്-റഫീക്ക് അഹമ്മദ്-ബിജിബാല്‍ ടീമിന്റെ മുഖമുദ്ര. ഇടുക്കിയെ മിടുക്കിയാക്കിയ ഈ ടീമിന്റെ രണ്ടാം ചിത്രവും ലാളിത്യമുള്ള ഗാനങ്ങളാല്‍ സമ്പന്നമാണ്. കേന്ദ്രകഥാപാത്രങ്ങളായ പ്രസാദിന്റെയും ശ്രീജയുടെയും സമാഗമവും അവരുടെ പ്രണയവുമെല്ലാം ഹൃദ്യമായി അവതരിപ്പിക്കുന്ന ഗാനമാണ് 'കണ്ണിലെ പൊയ്കയില്' എന്നു തുടങ്ങുന്ന മെലഡി. റഫീക്ക് അഹമ്മദിന്റെ കവിത തുളുമ്പുന്ന വരികള്‍ക്കു ബിജിബാലിന്റെ ഈണം അകമ്പടി തീര്‍ക്കുമ്പോള്‍ പാട്ടിനൊപ്പവും കഥാപാത്രങ്ങള്‍ക്കൊപ്പവും അറിയാതെ ആസ്വാദകരും സഞ്ചരിക്കുന്ന അനുഭൂതി പകരുന്നു ഈ ഗാനം. ഗണേഷ് സുന്ദരിന്റെയും സൗമ്യ രാമകൃഷ്ണന്റെയും ശബ്ദങ്ങള്‍ ഈ ഗാനത്തിനു ഏറ്റവും യോജിച്ചതായി അനുഭവപ്പെടുന്നു. സംഗീത മേഖലയില്‍ കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ഗണേഷ് സുന്ദരത്തിനുള്ള ബിജിബാലിന്റെ സ്‌നേഹ സമ്മാനം കൂടിയായി മാറുന്നു ഈ ഗാനം. 

കാറ്റുമൂളിയ പ്രണയം 

ജിത്തു ജോസഫിന്റെ തിരക്കഥയായിരുന്നു നവാഗതനായ അന്‍സാര്‍ ഖാന്റെ 'ലക്ഷ്യ'ത്തിന്റെ ഹൈലൈറ്റ്. ത്രില്ലര്‍ സ്വാഭവമുള്ള സിനിമയില്‍ ഒരേയൊരു ഗാനം മാത്രമാണുള്ളത്. ദേശീയ പുരസ്‌കാര ലബ്തിക്കു ശേഷവും എം. ജയചന്ദ്രന്‍ എന്ന അനുഗ്രഹിത സംഗീത സംവിധായകനെ വേണ്ടവിധത്തില്‍ മലയാളം ഉപയോഗപ്പെടുത്തിന്നില്ല എന്നതാണ് സത്യം. സന്തോഷ് വര്‍മ്മയും എം. 

ജയചന്ദ്രനും ചേര്‍ന്നൊരുക്കിയ മനോഹരമായ മെലഡിയാണ് ചിത്രത്തിലെ 'കാറ്റുമൂളിയോ' എന്ന ഗാനം. അനുപമമായ ആലാപനത്തിലൂടെ വിജയ് യേശുദാസ് തന്റെ ഹിറ്റ് ചാര്‍ട്ടിലേക്ക് ഒരു ഗാനം കൂടി എഴുതിചേര്‍ക്കുന്നു. 

ഏദന്‍തോട്ടത്തിലെ പ്രണയകവിത

ഗപ്പിയിലെ 'തനിയെ മിഴികള്‍ തുളുമ്പിയോ' ഗാനത്തിലൂടെ പോയവര്‍ഷത്തെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം നേടിയ ഗായകനാണ് സൂരജ് സന്തോഷ്. രാമന്റെ ഏദന്‍തോട്ടത്തിലെ കവിത എഴുതുന്നു എന്ന ഗാനത്തിലൂടെ സൂരജ് വീണ്ടും തന്റെ കയ്യൊപ്പ് ചാര്‍ത്തുന്നു. രാമന്റെയും മാലിനിയുടെയും വിശുദ്ധിയുള്ള ബന്ധത്തിന്റെ ഊഷ്മളത പ്രേക്ഷകര്‍ക്കു പാട്ടിലൂടെ പകര്‍ന്നു നല്‍കുന്നത് സന്തോഷ് വര്‍മ്മയും ബിജിപാലും ചേര്‍ന്നാണ്. ഏദന്‍തോട്ടത്തിന്റെ പച്ചപ്പും ഫ്രഷ്‌നസുമൊക്കെ അനുഭവപ്പെടുത്തുന്ന ഗാനം. 

ജോര്‍ജ്ജേട്ടന്റെ പ്രണയം

പ്രണയഗാനത്തെ അല്‍പ്പം നര്‍മ്മവും കുസൃതിയും ഇടകലര്‍ത്തി അവതരിപ്പിച്ചു എന്നതാണ് ജോര്‍ജ്ജേട്ടന്‍സ് പൂരത്തിലെ ഓമല്‍ ചിരിയോ എന്ന ഗാനത്തെ ശ്രോതാക്കള്‍ക്കു പ്രിയപ്പെട്ടതാക്കി മാറ്റിയത്. ജനങ്ങളുടെ പ്രിയമറിഞ്ഞു പാട്ടുകളൊരുക്കുന്ന ഹരിനാരായണന്‍-ഗോപി സുന്ദര്‍ ടീമിന്റെ 2017ലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ഗാനമായി ഇത് മാറി. റംഷിയെന്ന പുതുമുഖ ഗായകന്റെ വ്യത്യസ്തമായ ആലാപന ശൈലിയാണ് പാട്ടിനെ കൂടുതല്‍ ജനപ്രിയമാക്കി മാറ്റുന്ന മറ്റൊരു ഘടകം. 

സ്വപ്‌നം പോലെ മനോഹരം ഈ പ്രണയം

ഷാനില്‍ മുഹമ്മദിന്റെ അവരുടെ രാവുകള്‍ എന്ന ചിത്രത്തിലെ 'ഏതേതോ സ്വപ്‌നമോ' എന്ന ഗാനം സംഗീതപ്രേമികളെ ആകര്‍ക്ഷിക്കുന്നത് വരികളിലെയും സംഗീതത്തിലെയും ലാളിത്യം കൊണ്ടാണ്. ഒരു പാട്ടിലൂടെ ഒരു പ്രണയകഥയെ ഹൃദ്യമായി അവതരിപ്പിക്കുന്നു ഈ ഗാനം. സിബി പടിയറയുടേതാണ് മനോഹരമായ ഈ ഗാനത്തിന്റെ വരികള്‍. സംഗീത സംവിധായകന്‍ ശങ്കര്‍ ശര്‍മ്മയുടെ ഓര്‍ക്കസ്‌ട്രേഷനിലെ കയ്യടക്കം പാട്ടിനു കരുത്തേകുന്നു. പുല്ലാകുഴല്‍നാദത്തോടെയാണ് അദ്ദേഹം പാട്ടിലേക്ക് കേള്‍വിക്കാരെ വരവേല്‍ക്കുന്നത്. ഒരു ഇളംകാറ്റു വീശുന്ന അനുഭൂതി സൃഷ്ടിക്കുന്നു ഈ ഗാനം. വൈശാഖ് സി. മാധവെന്ന ഗായകന്റെ ശബ്ദവും പാട്ടിനെ കൂടുതല്‍ പ്രിയങ്കരമാക്കുന്നു. 

ആരോ ഇവളാരോ ആരോ

ടോം ഇമ്മിട്ടിയെന്ന നവാഗത സംവിധായകനൊരുക്കിയ ഒരു മെക്‌സിക്കന്‍ അപാരത ടൊവീനോ തോമസെന്ന യുവനടന്റെ കരിയറിലെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായിരുന്നു. മണികണ്ഠന്‍ അയ്യപ്പാ എന്ന യുവ സംഗീത സംവിധായകന്‍ മലയാള ചലച്ചിത്രശാഖയില്‍ തന്റെ സാന്നിധ്യം അറിയിച്ച ചിത്രം കൂടിയായിരുന്നു ഇത്. റഫീക്ക് അഹമ്മദ് രചന നിര്‍വ്വഹിച്ച 'ഇവളരോ' എന്ന ഗാനം ക്യാംപസ് പ്രണയകാലത്തേക്ക് കേള്‍വിക്കാരെ മടക്കി കൊണ്ടുപോകുന്നു. മലയാളത്തിലെ ഏറ്റവും പ്രണയാദ്രമായ ശബ്ദം തന്റേതാണെന്നു ഒരിക്കല്‍കൂടി അടിവരയിടുന്നു വിജയ് യേശുദാസ് എന്ന ഗായകന്‍. നായകന്റെ പ്രണയ സ്വപ്‌നങ്ങളെ ഭംഗിയായി അവതരിപ്പിക്കുന്നു ഈ ഗാനം.