Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകവലിയുടെ ദോഷങ്ങള്‍ എത്ര പറഞ്ഞിട്ടും മനസിലാകാത്തവർക്കായി...

thooven-vaanil-nee

നമുക്ക് എന്തെങ്കിലും അസുഖം വരുന്നതിനേക്കാള്‍ നൊമ്പരമാണ് നമുക്ക് പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിക്കുന്നത്. നമ്മളും ഇന്നത്തെ കാലവും ഏറെ ഭയപ്പെടുന്ന ഒരു അസുഖത്തിന്റെ പിടിയിലാണോ അവർ എന്നറിയാനുള്ള കാത്തിരിപ്പും ആശുപത്രി യാത്രകളും ഭയാനകമാണ്. പരിശോധനാ ഫലങ്ങളുമായി ഡോക്ടറുടെ മുറിയിലേക്കുള്ള യാത്ര കനലില്‍ ചവിട്ടി നടക്കുന്നതിനേക്കാൾ വേദനയാണ്. പ്രത്യേകിച്ച് അവർക്ക് ആ അവസ്ഥ വന്നതിനു കാരണം നമ്മളും കൂടിയാണെന്ന് തിരിച്ചറിവുണ്ടാകുമ്പോൾ. ഈ സംഗീത വിഡിയോയും അതാണു പറയുന്നത്. പുകവലിയ്ക്കെതിരെ ക്രിയാത്മകമായൊരു പോരാട്ടം. മനസോടു ചേരുന്ന സംഗീതവും അതുപോലെ ശക്തമായ സന്ദേശവും നൽകുന്നു ഈ സംഗീത ആൽബം. കണ്ടിരിക്കുമ്പോൾ നമ്മുടെ മനസ് വിങ്ങും...കണ്ടുതീരുമ്പോൾ പ്രതീക്ഷയുടെ പ്രകാശം നിറയും. 

തൂവെണ്‍വാനിൽ നീ എന്നു തുടങ്ങുന്ന സംഗീത വിഡിയോ സംവിധാനം ചെയ്തതും എഡിറ്റ് ചെയ്തതും അരുൺ ഏലിയാസ് പലാൽ ആണ്. പുകവലിയ്ക്കെതിരെ ക്രിയാത്മകമായൊരു നീക്കം. ശാന്തമായി സംഗീതാത്മകമായി ഈ വിപത്തിന്റെ കറുത്ത വശത്തെ മനസുകളിലേയ്ക്കെത്തിയ്ക്കുകയാണ് ഇവർ ലക്ഷ്യമിടുന്നതും. ചിന്തു ജോസ് ആണ് കവിത പോലുള്ള വരികൾ കുറിച്ചത്. അമൽ വിശ്വനാഥിന്റേതാണ് സംഗീതം. വിനീതാ ശ്രീനിവാസനോടൊപ്പം അമലാണു പാടിയതും. എംടി വിനീത് ഭാസ്കറിന്റേതാണു ഛായാഗ്രഹണം. വിജിൻ വിഎ, റിയാസ് മുഹമ്മദ്, വിപിൻ പി.സി. എന്നിവർ ചേർന്നാണ് വിഡിയോ നിർമ്മിച്ചത്. 

സ്വാഭാവിക അഭിനയത്തികവുകൊണ്ട് സംഗീത ആൽബത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനോടൊന്നു മികച്ചുനിൽക്കുന്നു. പുകവലി ആരോഗ്യത്തിന് ഹാനികരം എന്നതു പോലുള്ള അല്‍പം പരുക്കനായ പരസ്യവാചകങ്ങൾക്കപ്പുറം നിന്നുള്ള ഈ പോരാട്ടങ്ങൾ തീർച്ചയായും അംഗീകരിക്കപ്പെടേണ്ടതാണ്.