Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിമ്മിക്കി കമ്മൽ കളിച്ച് താരമായി ഇവർ!

jimmiki-kammal-dancers

ഒരു ഫ്ലാഷ് മോബോ അല്ലെങ്കിൽ ഒരു കിടിലൻ പാട്ടിനോടൊത്തൊരു നൃത്തമോ ഇല്ലാതെന്ത് ഓണാഘോഷമാണ് സ്കൂളിലും കോളജിലും. നമ്മുടെ ഓണാഘോഷ സമയത്ത് ഏതെങ്കിലും സിനിമാ പാട്ട് ഹിറ്റ് ആയി ഓടുന്നെങ്കിൽ അതിനോടൊപ്പമായിരിക്കും നമ്മളുടെ ഡാൻസ് അല്ലേ? അത്രയേ ഇന്ത്യൻ സ്കൂൾ കൊമേഴ്സിലെ കുട്ടികളും സ്റ്റാഫും ചെയ്തുള്ളൂ. ഓണത്തിനോട് അനുബന്ധിച്ച് റിലീസ് ആയ മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമ്മിക്കിക്കൽ എന്ന പാട്ടിനൊത്തൊരു കലക്കൻ നൃത്തം ചെയ്തു. ഓണത്തിന് ഡാൻസ് കളിച്ച വിഡിയോ യുട്യൂബിലും സമൂഹമാധ്യമത്തിലും ഇടുകയും ചെയ്തു. തീർത്തും അപ്രതീക്ഷിതമായാണ് പിന്നീട് വി‍ഡിയോ മുന്നേറിയത്. വിഡിയോയും വൈറലായി അതിൽ മുന്നിൽ നിന്നു കളിച്ച പെൺകുട്ടികൾ താരമാകുകയും ചെയ്തു. എന്തിന് ഓസ്കർ പുരസ്കാരം വരെ അവതരിപ്പിച്ച ജിമ്മി കിമ്മൽ വരെ ഈ പാട്ടിനെ കുറിച്ച് ട്വീറ്റ് ചെയ്യുക വരെയുണ്ടായി. 

ഷെറിൽ ജി കടവനും അന്നാ ജോർജുമാണ് ഈ പാട്ടിൽ മുന്നിൽ നിന്നവർ. ഇവർ രണ്ടു പേരും ചേർന്നാണ് ക്ലാസ് മുറിയിൽ‌ വച്ച് നൃത്തം ചിട്ടപ്പെടുത്തി അവതരിപ്പിച്ചതും. ഓണാഘോഷ പരിപാടിയുടെ ഭാഗമായി വെറുതെ ചെയ്തതാണ് ഈ നൃത്തംവളരെ ലളിതവും രസകരവുമായിട്ടായിരുന്നു ഇവർ നൃത്തം ചിട്ടപ്പെടുത്തിയത്. ഒത്തൊരുമയോടെ ഒരു വലിയ സംഘമായി അത് കളിക്കുകയും ചെയ്തു.  ഇന്ന് ഇവർ രണ്ടാൾക്കും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. പാട്ടിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ ആയിരത്തിലേറെ പ്രാവശ്യമാണ് ഷെയർ ചെയ്യപ്പെട്ടത്. യുട്യൂബിൽ ഇവർ അ‍പ്‍ലോഡ് ചെയ്ത വിഡിയോയ്ക്കു മാത്രം 70 ലക്ഷത്തിലധികം ആരാധകരെ നേടാനായി. ക്ലാസ് മുറിയിൽ ഒരു രസത്തിനു ചെയ്ത വിഡിയോ ഇത്രമേൽ പ്രശസ്തമായതിന്റെ ഞെട്ടലിലാണ് ഇന്ത്യൻ സ്കൂൾ കൊമേഴ്സിലെ കുട്ടികളും സ്റ്റാഫും. 

വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ ഷാൻ റഹ്മാൻ ഈണമിട്ട പാട്ടാണ് ജിമ്മിക്കി കമ്മൽ. അനിൽ പനച്ചൂരാൻ എഴുതിയ വരികൾ പാടിയത് വിനീത് ശ്രീനിവാസനും സംഘവുമാണ്. അപ്പാനി രവിയും ജൂഡ് ആന്റണിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ കോളജ് ക്യാംപസിൽ ആടിപ്പാടുന്നതാണ് സിനിമയിലെ രംഗം. ഈ നൃത്തവും ആവേശമുണർത്തുന്നതാണ്.