Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ട് വൻ ഹിറ്റായിട്ടും തിരിച്ചറിയപ്പെടാതെ ഈ രചയിതാവ്

ambalamillathe-aaltharayil-vazhum

‘അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓങ്കാരമൂർത്തി ഓച്ചിറയിൽ...’ ഏറെ പ്രശസ്തമായ സിനിമാ ഗാനം. ഇൗ ഗാനം ആരെഴുതി എന്നു ചോദിച്ചാൽ പലർക്കും മൗനം. ചിലർ അത് പ്രമുഖ കവി ഒഎൻവിയുടെ പേരിൽ ചാർത്തിക്കൊടുക്കും. ഭക്തിഗാനമല്ലേ എന്നു നിഷ്കളങ്കമായി ചോദിക്കുന്നവരും ഉണ്ട്!

ഒറ്റ ഗാനം കൊണ്ടു തന്നെ വ്യക്തിമുദ്ര പതിപ്പിച്ച രചയിതാവ് ഇവിടെത്തന്നെയുണ്ട്– ഹരി കുടപ്പനക്കുന്ന്.  കവിയും സിനിമാ സംവിധായകനുമായ വ്യക്തി. തന്റെ പാട്ട് ഇന്നും ആളുകൾ മൂളി നടക്കുകയാണെങ്കിലും തന്റെ പേര് എവിടെയും പരാമർശിക്കപ്പെടാത്തതിൽ ആരോടും പരാതിയും പരിഭവവും പറയാൻ ഹരി തയാറല്ല.‌

അടുത്തിടെ ഒരു ചാനലിൽ നടൻ മോഹൻലാലും ‘പാദമുദ്ര’ സിനിമയുടെ അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന പരിപാടി നടന്നു. ‘അമ്പലമില്ലാതെ ’ എന്നു തുടങ്ങുന്ന ഗാനം സംഗീത സംവിധായകനായ വിദ്യാധരൻ പാടി. മോഹൻലാലും മറ്റുള്ളവരും ഏറ്റു പാടി. തനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ് ഗാനമെന്ന് മലയാളത്തിന്റെ മഹാനടൻ പറയുകയും ചെയ്തു. എങ്കിലും ഇത് ആരുടെ വരികളാണെന്ന് ആരും പറഞ്ഞില്ല. 

ഇതേസമയം തന്നെ മറ്റൊരു ചാനലിൽ ഓച്ചിറ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടി വരികയും അതേപ്പറ്റി വിമർശിച്ചും അനുകൂലിച്ചും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുകയും ചെയ്തു. ശിവക്ഷേത്രമാണോ ബുദ്ധക്ഷേത്രമാണോ എന്ന ചർച്ചയും ഇതിനിടയിൽ നടന്നു. ഇൗ ചർച്ചയ്ക്കിടയിലും തലങ്ങും വിലങ്ങും ഉപയോഗിച്ചത് ഹരി എഴുതിയ ഗാനത്തിലെ വരികൾ. എന്നാൽ ആ ചർച്ചയിൽ പങ്കെടുത്തവരിലും ആർക്കും രചയിതാവിനെ അറിയില്ല! 

1984ൽ എം.ബി. ശ്രീനിവാസന്റെ സംഗീതത്തിൽ പാട്ടെഴുതാൻ അവസരം കിട്ടിയതോടെയാണ് ഹരി ഇൗ രംഗത്തെത്തിയത്. ‘ജലരേഖ’ എന്ന ചിത്രത്തിൽ യേശുദാസ് പാടിയ ‘നാലുകെട്ടിൻ തിരുമുറ്റത്ത് ഇളവെയിലേറ്റു നിൽക്കും കൃഷ്ണതുളസി പോലെ’ എന്നു തുടങ്ങുന്ന ഗാനം അക്കാലത്ത് പ്രശസ്തമായി. എങ്കിലും ‘പാദമുദ്ര’യിലെ ‘അമ്പലമില്ലാതെ’യാണ് ഏറെ പ്രശസ്തമായതും ഇന്നും ആളുകൾ മൂളിനടക്കുന്നതും. ‘വീണ്ടുമൊരു ഗീതം’ എന്ന സിനിമയിലെ ഹരിയുടെ ഗാനങ്ങൾക്ക് ദക്ഷിണാമൂർത്തിയായിരുന്നു സംഗീതം പകർന്നത്. മഹസർ എന്ന സിനിമയിൽ രവീന്ദ്രൻ സംഗീതം നൽകിയ ‘ഏതോ കിളിനാദമെൻ കരളിൽ മധുമാരി പെയ്തു’ മറ്റൊരു പ്രശസ്തമായ ഗാനം. 

അന്ന്, പാദമുദ്രയിലെ പാട്ടു പാടിയ ശേഷം സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങിയ യേശുദാസ് അവിടെ വച്ചു തന്നെ ഒരു കാര്യം പ്രഖ്യാപിച്ചു– തംരംഗിണിയുടെ അടുത്ത വർഷത്തെ അയ്യപ്പ ഭക്തിഗാനങ്ങൾ ഹരി എഴുതും. വിദ്യാധരൻ മാഷ് സംഗീതം ചെയ്യും. അങ്ങനെ തരംഗിണിയുടെ ഏഴാം വോളിയം ഹരിയുടെ രചനയും വിദ്യാധരന്റെ സംഗീതവുമായാണ് പുറത്തിറങ്ങിയത്. ‘കാട്ടിൽ വന്നു ഞാൻ കൂട്ടുവിളിച്ചു, കൂട്ടിനു നീവന്നു’, ‘കളഭാഭിഷേകം ചാർത്തിയ നിന്നുടെ കനകവിഗ്രഹം കണ്ടു’ തുടങ്ങിയവയാണ് അതിലെ ശ്രദ്ധേയമായ ഗാനങ്ങൾ. മലയാളത്തിനു പുറമെ നാലു ഭാഷകളിൽ കൂടി ഇൗ ഗാനങ്ങൾ തരംഗിണി ഇറക്കി. 

തിരുവനന്തപുരം ദൂരദർശനിൽ ഉദ്യോഗസ്ഥനായതോടെയാണ് സിനിമാ രംഗത്തുനിന്ന് തൽക്കാലം പിന്തിരിഞ്ഞത്. ദൂരദർശനിൽ ഹരി എഴുതി എം.ജയചന്ദ്രൻ സംഗീതം നൽകിയ ‘സ്മൃതി തൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിലണയുന്നു’ എന്ന ജയചന്ദ്രൻ പാടിയ ഗാനം ഇപ്പോഴും പലരും ആവർത്തിച്ചുകേൾക്കുന്ന പ്രിയ ഗാനമാണ്. എം. ജയചന്ദ്രൻ എന്ന സംഗീത സംവിധായകന്റെ പിറവി കുറിച്ചതാണ് ഇൗ ഗാനം. 

‘പാദമുദ്ര’യിൽ മോഹൻലാൽ അഭിനയിച്ച കഥാപാത്രങ്ങളായ മാതുപ്പണ്ടാരവും മകൻ സോപ്പു കുട്ടപ്പനും അസ്തിത്വം ഏതെന്ന് നിശ്ചയമില്ലാത്തവരാണ്. അഥവാ ദ്വന്ദ്വവ്യക്തിത്വം ഉള്ളവർ. അതിനാലാണ് പ്രതിഷ്ഠയില്ലാത്ത ക്ഷേത്രമായ ഓച്ചിറയുമായി  ബന്ധപ്പെട്ട ഗാനം രചിച്ചതെന്ന് ഹരി വ്യക്തമാക്കുന്നു. ഓച്ചിറയിൽ ശിവൻ അരൂപിയാണ്. പരബ്രഹ്മം. 

‘അരൂപിയാണെങ്കിലും ശങ്കരലീലകൾ 

ഭക്തർക്കുള്ളിൽ  കണ്ടീടാം’ എന്നും

‘വെള്ളിക്കുന്നും ചുടലക്കാടും 

വിലാസനർത്തന രംഗങ്ങൾ’ എന്നും

‘സംഹാരതാണ്ഡവമാടുന്ന നേരത്തും 

ശൃംഗാരകേളികളാടുന്നു’

എന്നും എഴുതിയത് ഇൗ ഇരട്ട വ്യക്തിത്വത്തെ സൂചിപ്പിക്കാനാണ്. 

അതേസമയം തെറ്റിദ്ധരിക്കപ്പെട്ടതിനാൽ ഇൗ ഗാനം നാലു വർഷത്തോളം ആകാശവാണി പ്രക്ഷേപണം ചെയ്യുന്നത് ഒഴിവാക്കിയ രസകരമായ സംഭവവുമുണ്ട്. ഈ ഗാനത്തിലെ ‘കുന്നിൻ മകളറിയാതെയാ ഗംഗയ്ക്ക് ഒളിസേവ ചെയ്യുന്നു മുക്കണ്ണൻ’ എന്ന വരിയാണ് ചിലരെ പ്രകോപിപ്പിച്ചത്. ഒളിഞ്ഞുനോട്ടം എന്നുമാത്രമാണ് അതിന്റെ അർഥം എങ്കിലും ചിലരെങ്കിലും ആ വരികളിൽ അരുതായ്മ കണ്ടു. മികച്ച പാട്ടിനുള്ള ദേശീയ അവാർഡിന് പരിഗണിച്ചപ്പോൾ ആരോ ഇൗ ആരോപണത്തെപ്പറ്റി സൂചിപ്പിച്ചപ്പോൾ ഹരിയുടെ കൈയിൽ നിന്ന് വഴുതിപ്പോയത് ദേശീയ അവാർഡു മാത്രമായിരുന്നില്ല, ഇൗ രംഗത്ത് തുടരാനുള്ള ഉൗർജം കൂടിയായിരുന്നു.