Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമൃതം ഗമയുമായി അമൃത ഗൾഫ് നാട്ടിൽ

amrutha-abhirami

സുരേഷ് സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന അമൃതാ സുരേഷും സഹോദരി അഭിരാമി സുരേഷും നേതൃത്വം നൽകുന്ന അമൃതം ഗമയ സംഗീത ബാൻഡിൻ്റെ പരിപാടി ഷാർജയിലും ദുബായിലും അരങ്ങേറും. ബലി പെരുനാൾ–ഒാണം ആഘോഷങ്ങളുടെ ഭാഗമായി ആംബിയൻ്റ് ഇവൻ്റ്സിൻ്റെ സഹകരണത്തോടെ അമല മെ‍ഡിക്കൽ സെൻ്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഇന്ന് വൈകിട്ട് ആറരയ്ക്കാണ് പരിപാടി ആരംഭിക്കുക. ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിൽ വെള്ളിയാഴ്ച വൈകിട്ട് ഏഴ് മുതലും അരങ്ങേറും. കൂടാതെ, ഇൗ മാസം 23ന് വൈകിട്ട് അഞ്ചിന് അൽഖൂസ് അൽ ഖായിൽ മാളിൽ അമൃത സുരേഷ് പങ്കെടുക്കുന്ന സോളോ മ്യൂസിക്കൽ ലൈവ് പരിപാടിയും ഉണ്ടായിരിക്കുമെന്ന് അമല മെഡിക്കൽ സെൻ്റർ മാനേജിങ് ഡയറക്ടർ മനോജ് ശ്രീകാന്ത് പറഞ്ഞു.

മൂന്ന് വർഷം മുൻപ് ആരംഭിച്ച അമൃതം ഗമയ സംഗീത ബാൻഡ്, സഹോദരിമാർ നേതൃത്വം നൽകുന്ന കേരളത്തിലെ ആദ്യ ബാൻഡാണെന്ന് അമൃത സുരേഷ് പറഞ്ഞു. അയല പൊരിച്ചതുണ്ട് തുടങ്ങിയ പഴയ കാല പാട്ടുകൾ ആധുനിക സംഗീതത്തിൻ്റെ അകമ്പടിയോടെയാണ് അവതരിപ്പിക്കുക. അനൂപ്, സുരേഷ്, രാജു, ജെറി എന്നിവരാണ് പിന്നണിയിൽ. ജാക്കി റഹ്മാനാണ് സംവിധാനം. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

അമല മെഡിക്കൽ സെൻ്റർ ബർ ദുബായ് അൽ റഫ, ഷാർജ ബുതീന എന്നിവിടങ്ങളിൽ  ഇൗ മാസവും ഒക്ടോബറിൽ ദെയ്റ മുറഖബാത്തിലും പുതിയ ക്ലിനിക്കുകളും ഫാർമസികളും ആരംഭിക്കുമെന്ന് മനോജ് ശ്രീകാന്ത് പറഞ്ഞു. അഭിരാമി സുരേഷ്, ഡോ.പ്രമഷ, ജാക്കി റഹ്മാൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.