Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറവയുടെ യാത്ര പോലെ മനോഹരം ഈ സംഗീതവും: വീണ്ടും റെക്സ് വിജയൻ

parava-music

ചില ചിത്രങ്ങൾ കാണുമ്പോൾ അതിലെ കഥാപാത്രങ്ങളും കഥയും മാത്രമല്ല, സംഗീതവും കൂടിയാണ് നമ്മുടെ മനസിലേക്കു കയറുന്നത്. പറവ എന്ന ചിത്രത്തിലും അനുഭവിക്കാനാകുന്നത് അക്കാര്യമാണ്. റെക്സ് വിജയനെന്ന ഗിത്താറിസ്റ്റ് അഭിനേതാവായ സൗബിൻ ഷാഹിർ ആദ്യമായി സംവിധായകനായ ചിത്രം പറവയ്ക്കു നൽകിയത് അത്തരത്തിലെ സംഗീതമാണ്. പാട്ടുകൾക്കും പശ്ചാത്തല സംഗീതത്തിനും ചിത്രത്തിന്റെ പ്രമേയം പോലെ ഹൃദയത്തോടു ചേർത്തുവച്ചു പോകുന്നൊരു ആത്മാവുണ്ട്. 

കഥാപാത്രമാണെന്ന വേർതിരിവ് പോലും പ്രേക്ഷകന് തോന്നിക്കാതെ വേഷപ്പകർച്ച അഭിനേതാക്കളുടെ തലത്തിലാണ് ഇവിടെയും പശ്ചാത്തല സംഗീതം. കെട്ടുപാടുകളിൽ നിന്ന് മുക്തി നേടി അകലങ്ങളിലേക്കു പാറിപ്പോകുന്ന പറവ മേഘമാലകൾക്കുമേൽ സഞ്ചരിക്കുന്ന കാഴ്ച പോലെ സുന്ദരമായ സംഗീതം. പറവയുടെ പറക്കലും കഥാപാത്രങ്ങളും വികാരവിക്ഷോഭങ്ങളും സംഗീതത്തിലൂടെ വിജയകരമായി സംവദിക്കുവാൻ റെക്സ് വിജയന് സാധിച്ചു. 

അവിയൽ എന്ന ബാന്‍ഡിലൂടെയാണ് റെക്സ് മലയാളികൾക്കിടയിൽ കൂടുതൽ പരിചിതനാകുന്നത്. പറവയുടെ നിർമാതാവ് അൻവർ റഷീദിന്റെ "ബ്രിഡ്ജ്'(കേരള കഫേയിലെ ചിത്രങ്ങളിലൊന്ന്) ന് സംഗീതം നൽകിയാണ് റെക്സ് സിനിമാ മേഖലയിലെത്തുന്നത്. ചാപ്പക്കുരിശ്, 22 ഫീമെയ്‍ൽ കോട്ടയം. സെക്കന്‍ഡ് ഷോ, ഫ്രൈഡേ, ഇംഗ്ലിഷ്, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, നോർത്ത് 24 കാതത്തിന്റെ ടൈറ്റിൽ സോങ്, സപ്തമ ശ്രീ തസ്കര, പിക്കറ്റ് 43ന്റെ പശ്ചാത്തല സംഗീതം, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി തുടങ്ങിയ ചിത്രങ്ങളിലാണ് റെക്സിന്റെ സംഗീതമുള്ളത്. സിനിമയുടെ വേറിട്ട മുഖങ്ങളെ ഉൾക്കൊള്ളുന്ന ഒരുപിടി ചിത്രങ്ങളാണ് ഇവയെല്ലാം. അതിലെല്ലാമുള്ള റെക്സിന്റെ സംഗീതവും ശ്രദ്ധ നേടിയിട്ടുണ്ട്. പറവയാണ് അക്കൂട്ടത്തിൽ ഏറ്റവും പുതിയത്. സിനിമ കണ്ടിറങ്ങിയാലും കാതിൽ നിന്നൊഴിയില്ല പറവയിലെ പശ്ചാത്തല സംഗീതം.