Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിമിക്കിക്കമ്മലും ബ്രാണ്ടിക്കുപ്പിയും

jimmikki-kammal-song

ജിമിക്കിക്കമ്മലിനോടുള്ള ഇഷ്ടം മലയാളിക്കു പണ്ടേയുണ്ട്. അത്ര പ്രാചീനമായ ആഭരണമാണത്. ഗൃഹാതുരത്വത്തിലേക്കു കുലുങ്ങിത്തിളങ്ങിയാണ് അതിന്റെ തൂങ്ങിക്കിടപ്പ്. ജാതി, മത ഭേദമില്ലാതെ ഏതു ചെവിക്കും ചേരും. ജിമിക്കിയിട്ട കാമുകിയെ ഇഷ്ടമല്ലാത്ത ഏതു കാമുകനുണ്ട് ഭൂമി മലയാളത്തിൽ? ഈ ഇഷ്ടംകൊണ്ടു കൂടിയാവാം പാട്ടു കത്തിക്കയറിയത്. അല്ലാതെ, വരികളിലെയോ സംഗീതത്തിലെയോ മിടുക്കുകൊണ്ടല്ലെന്ന് ഉറപ്പ്.

ഫോക്കിന്റെ സ്പർശമുള്ള പാട്ടുകൾ എക്കാലത്തും ശ്രദ്ധ നേടാറുണ്ട്. അതിന് എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും പറയാം. ‘കറുത്ത പെണ്ണേ, കരിങ്കുഴലീ...’ എന്ന പാട്ട് ഓർമയില്ലേ? ഇപ്പോൾ കേൾക്കുമ്പോഴും അറിയാതെ താളമിട്ടുപോകും. നേരും വേരുമുള്ള വരികളും സംഗീതവുമാണു ഫോക്കിന്റെ ആത്മാവ്. അതു നമ്മുടെ ഉള്ളിലങ്ങനെ കിടപ്പുണ്ട്. ‘എന്റമ്മേട ജിമിക്കിക്കമ്മൽ’ എന്നു തുടങ്ങുന്ന നാടൻപാട്ടിന്റെ ആദ്യ വരി മാത്രമെടുത്തു സിനിമയ്ക്കുവേണ്ടി മാറ്റിപ്പണിതതാണു പുതിയ ജിമിക്കിക്കമ്മൽ. പുതിയ പാട്ടിലെ ഫോക്ക് എലമെന്റ് ആദ്യവരിയിൽ മാത്രമേയുള്ളു. ബാക്കി വരികളെല്ലാം ഫോക്കുമായി പുലബന്ധമില്ലാത്തത്. സംഗീതത്തിലുമില്ല നാടൻ സ്പർശം. ന്യൂജനറേഷൻ കേൾവിക്കാരെ ലക്ഷ്യമിട്ട് കെട്ടിയുണ്ടാക്കിയ വികല സൃഷ്ടിയാണത്. പാട്ടൊരുക്കിയവരെ കുറ്റംപറയാനാവില്ല. പുതിയ കാലം ഇതേ അവശ്യപ്പെടുന്നുള്ളൂ. ജീൻസും ടീഷർട്ടുമിട്ട് ‘കറുത്ത പെണ്ണേ, കരിങ്കുഴലീ...’ എന്നു ചുവടുവച്ചാൽ വൈറലാകില്ല; അതിന് ‘എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ചു തീർത്താലേ’ പറ്റൂ.

തുള്ളാൻ ആഗ്രഹിക്കുന്ന മലയാളികളാണ് ഇന്നുള്ളത്. ആബാലവൃദ്ധം ജനങ്ങളും ഈ പെരുംതുള്ളലിന്റെ ലഹരിയിലാണ്. ഇതിനുമുമ്പ് ഇങ്ങനെ തുള്ളിയത് ‘ലജ്ജാവതിയേ’ എന്ന പാട്ടുപാടിയാണ്. ആ പാട്ടിന്റെ റിഥം പാറ്റേൺ ഫോക്ക് അടിസ്ഥാനമാക്കിയായിരുന്നു. നാടനിൽ മോഡേൺ കലർത്തിയൊരു സൃഷ്ടി. 

ഒന്നോർക്കുക: ഈ വെറും തുള്ളലുകൾക്ക് ആത്മാവില്ല. ഇന്ന് ആരെങ്കിലും കൊണ്ടു നടക്കുന്നുണ്ടോ ‘ലജ്ജാവതി’യെ? ജിമിക്കിക്കമ്മൽ എന്ന പാട്ടിന്റെ കാര്യത്തിലും ഇതു തന്നെയാണു സംഭവിക്കുക. ഓണക്കാലത്തെത്തിയ ആ പാട്ടും തുള്ളലും  പൂക്കളം വാടുംപോലെ ഇല്ലാതാവും. പടുപാട്ടുകളുടെ ഊറ്റമേറുന്ന ഈ കാലത്തും മണ്ണിന്റെ വീററിഞ്ഞു പണ്ടുള്ളവർ ഒരുക്കിയ ഒരുപിടി നല്ല പാട്ടുകൾ ഈടുവയ്പ്പായുണ്ട് എന്നതേ ഭാഗ്യം. ഈ പാട്ടുകളൊന്നും യുട്യൂബിൽ വൈറലായില്ലെങ്കിലും ഉൾക്കാമ്പിൽ വൈറലായിക്കൊണ്ടേയിരിക്കും!