വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ എന്റമ്മേടെ ജിമ്മിക്കി കമ്മൽ എന്ന പാട്ട് ഇതിനോടകം രണ്ടു കോടിയിലധികം ആളുകളാണ് യുട്യൂബ് വഴി കണ്ടത്. പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന നിരവധി വിഡിയോകളുമെത്തി. അവയെല്ലാം ശ്രദ്ധ നേടി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആകുകയാണ് പാട്ടിന്റെ പാരഡിയും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ടത്തരമാണ് നോട്ട് നിരോധനമെന്നും മറ്റും പറഞ്ഞ് കേന്ദ്രഭരണത്തേയും ബിജെപി നേതാക്കളേയും കണക്കിന് കളിയാക്കുകയാണ് ഈ പാരഡി.
ജിമ്മിക്കി കമ്മലിന്റെ താളവും വരികളിലെ രസികത്വവും ചേർന്നുള്ള പാരഡി ആർക്കും ഇഷ്ടമാകും. വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ് സമയത്ത് പാരഡി ഗാനങ്ങൾ തീർക്കുന്നതിൽ ശ്രദ്ധേയനായ അബ്ദുൽ ഖാദർ കാക്കനാടാണ് പാട്ട് എഴുതിയത്. സി.എച്ച്.ഫഹദും ലിജി ഫ്രാൻസിസും ചേർന്നാണു പാടിയത്. ട്രോളൻമാരേയും കണ്ണന്താനത്തേയും ബീഫ് നിരോധനത്തേയുമെല്ലാം ജിമ്മിക്കി കമൽ താളത്തിനൊത്ത് ചേരുംപടി ചേർത്തെഴുതിയിരിക്കുന്നു അബ്ദുൽ ഖാദർ. ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പാരഡി ഗാനങ്ങൾ പണ്ടേ തന്നെ പ്രശസ്തമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടി പാരഡി പാട്ടെഴുതാറുണ്ട് അബ്ദുൽ ഖാദർ. വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലെ താരമായി മാറുകകയാണ് ഈ പാട്ട്.