Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്രയും വലിയൊരു ഹിറ്റ് എന്റെ സങ്കൽപത്തിൽ ഉണ്ടായിരുന്നില്ല: ഷാൻ റഹ്മാൻ

shaan-rahman-jimmikki-kammal-issue

പാട്ടിന്റെ കാതിലൊരു ജിമിക്കിക്കമ്മലണിയിച്ചാൽ ഇത്രയും ചേലുണ്ടാവുമെന്നു ഷാൻ റഹ്മാൻ വിചാരിച്ചതേയില്ല. ആ പാട്ടൊരു സുന്ദരിയാവുമെന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷേ, അതൊരു ‘വിശ്വസുന്ദരി’യാകുമെന്നു സ്വപ്നം കണ്ടിട്ടു പോലുമില്ല. പാട്ടിന്റെ ഭാഷയെടുത്തു പറഞ്ഞാൽ, നാട്ടുകാരാകെ ഈ ജിമിക്കിക്കമ്മൽ കട്ടോണ്ടുപോവുകയായിരുന്നു.

അനിൽ പനച്ചൂരാൻ ഈ പാട്ട് എഴുതിത്തരുമ്പോൾ എന്താണാദ്യം തോന്നിയത്?

ക്യാംപസ് സോങ് എന്ന നിലയിൽ സംഗതി ഹിറ്റാകണമെന്ന് എനിക്കുണ്ടായിരുന്നു. നമ്മളൊക്കെ കോളജിൽ പഠിക്കുമ്പോൾ വെറുതെയിരുന്നു ഡെസ്കിൽ കൊട്ടിപ്പാടുന്ന ഒരു പാട്ട്, ആ ഓർമയാണ് ആദ്യം എന്റെ മനസ്സിൽ വന്നത്. ചുറ്റും വായ്ത്താരികളൊക്കെയുണ്ടാകും. ഈ ആശയം  ലാൽ ജോസുമായി പങ്കുവച്ചപ്പോൾ അദ്ദേഹം സമ്മതം മൂളി. അതേ ശൈലിയിൽ തന്നെ ഈ പാട്ട് ചിത്രീകരിക്കുകയും ചെയ്തു.

മിക്കപ്പോഴും വിദ്യാസാഗറിനെക്കൊണ്ടു സംഗീതം ചെയ്യിക്കാറുള്ള ലാൽ ജോസ് ഷാനിനെ ആദ്യമായി പാട്ട് ഏൽപിക്കുമ്പോൾ എന്താണു പറഞ്ഞത്?

ഞാൻ ഇതുവരെ ചെയ്യാത്ത ശൈലി കൊണ്ടുവരണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. എന്റെ പാട്ടുകളിലൊക്കെയുള്ള വെസ്റ്റേൺ സംഗീതസ്പർശം പരമാവധി മാറ്റിവയ്ക്കാൻ ലാലുവേട്ടൻ നിർദേശിച്ചു. ‘ഇതൊരു ഗ്രാമീണ കഥയാണ്. നിന്റെ ആ പതിവു പാശ്ചാത്യശൈലി മാറ്റിവച്ചുവേണം വെളിപാടിന്റെ പുസ്തകത്തിലേക്കു കയറാൻ’ എന്നായിരുന്നു നിർദേശം.

 ലാൽ ജോസിനു പാട്ടുകൾ കൊടുക്കുമ്പോഴുള്ള അനുഭവം...?

ഞാൻ കൊടുത്ത ട്യൂണൊക്കെ അദ്ദേഹം സ്വീകരിച്ചു എന്നതു വലിയ ഞെട്ടലായിരുന്നു. വിദ്യാജിയെക്കൊണ്ടു മ്യൂസിക് ചെയ്യിക്കുമ്പോൾ ലാലുവേട്ടൻ അദ്ദേഹത്തെക്കൂട്ടി മൂന്നാറിലോ ആലപ്പുഴയിലോ പോകും. എനിക്കു പക്ഷേ, ഡയറക്ടറുടെ നിഴൽ കണ്ടാൽപ്പോലും ഒന്നും പുറത്തേക്കു വരില്ല. ഞാൻ അയച്ചുകൊടുത്ത ട്യൂണിനൊക്കെ ലാലുവേട്ടന്റെ ‘ഓകെ’ മറുപടി വന്നപ്പോൾ എനിക്കു ധൈര്യം കൂടുകയായിരുന്നില്ല, കുറഞ്ഞു വരികയായിരുന്നു. ഈ ആശങ്ക പങ്കുവച്ചു മെസേജ് അയച്ചപ്പോൾ വീണ്ടും ലാലുവേട്ടന്റെ വോയ്സ് മെസേജ്: ‘ധൈര്യമായിരുന്നോ. സംസാരിച്ചു സമയം കളയാതെ അടുത്ത പാട്ട് ചെയ്യ്.’

  

‘എന്റമ്മേടെ ജിമിക്കിക്കമ്മൽ...’ ഇത്രയും വലിയൊരു ഹിറ്റാവുമെന്ന് എപ്പോഴാണു തോന്നിയത്?

ഇത്രയും വലിയൊരു ഹിറ്റ് എന്റെ സങ്കൽപത്തിൽ ഉണ്ടായിരുന്നില്ല. മലയാള സിനിമയിൽ ഒരു പാട്ടു ചെയ്യുമ്പോൾ നമ്മൾ പരമാവധി ആഗ്രഹിക്കുക, ലോകമെങ്ങുമുള്ള മലയാളികൾ അത് നെഞ്ചോടുചേർക്കണമെന്നു മാത്രമാണല്ലോ? പക്ഷേ, ഇന്ത്യയിലെ വിവിധ ഭാഷക്കാരും ലോകത്തെ പല രാജ്യക്കാരുമൊക്കെ ഈ പാട്ടു കേട്ടു ചുവടുവയ്ക്കുമ്പോൾ, ഞാനേതോ സ്വപ്നത്തിലാണെന്നു തോന്നിപ്പോകുന്നു.

  

‘ജിമിക്കിക്കമ്മൽ’ വെറും 15 മിനിറ്റ് കൊണ്ടു ചെയ്തതാണല്ലേ...?

അത്ര സമയമേ ആ പാട്ട് കംപോസ് ചെയ്യാൻ വേണ്ടിവന്നുള്ളൂ. പക്ഷേ, ‘നീയും നിനക്കുള്ളൊരീ ഞാനും...’, ‘മേലേ അരിമുല്ലപ്പൂവാലേ പന്തല്...’ എന്നീ പാട്ടുകൾ ഏറെ സമയമെടുത്തു ചെയ്തതാണ്.

ജിമിക്കിക്കമ്മലിനു സ്വീകാര്യത പോലെ വിവാദങ്ങളുമുണ്ടല്ലോ...?

അതൊരു ആസൂത്രിത ആക്രമണമാണ്. ഗുജറാത്തിലെ ഒരു ചായക്കടയിലിരുന്നു നമ്മുടെ ജിമിക്കിക്കമ്മൽ പാട്ടു കേൾക്കുന്ന സംഘം, മുന്നിലൂടെ ഒരു പെൺകുട്ടി പോകുമ്പോൾ ജിമിക്കിക്കമ്മലിന്റെ ഗുജറാത്തി വേർഷൻ അവതരിപ്പിക്കുന്ന വിഡിയോയാണു ചിലർ വിവാദമാക്കിയത്. ആദ്യഭാഗം ഒഴിവാക്കി ഗുജറാത്തി ഭാഗം മാത്രമെടുത്തു പ്രചരിപ്പിക്കുകയാണു ചെയ്തത്. യഥാർഥ വിഡിയോ ശ്രദ്ധിച്ചാൽ അതിൽ വിനീത് ശ്രീനിവാസന്റെ ശബ്ദമടക്കം കേൾക്കാം. അതൊക്കെ മാറ്റി സോഷ്യൽ മീഡിയയിലിടുന്നവർക്ക് എന്തെങ്കിലും ഉദ്ദേശ്യം കാണും. അതൊക്കെ അതിന്റെ വഴിക്കു പോകും.

ഷാൻ: സിലക്റ്റഡ് ഹിറ്റ്സ്

∙ അനുരാഗത്തിൻ വേളയിൽ... (തട്ടത്തിൻ മറയത്ത്)

∙ മുത്തുച്ചിപ്പി പോലൊരു... (തട്ടത്തിൻ മറയത്ത്)

∙ മന്ദാരമേ ചെല്ലച്ചെന്താമരേ... (ഓം ശാന്തി ഓശാന)

∙ കാറ്റു മൂളിയോ പ്രണയം... (ഓം ശാന്തി ഓശാന)

∙ എന്റെ മാവും പൂത്തേ... (അടി കപ്യാരേ കൂട്ടമണി)

∙ തിരുവാവണിരാവ്... (ജേക്കബിന്റെ സ്വർഗരാജ്യം)

∙ ഈ ശിശിരകാലം... (ജേക്കബിന്റെ സ്വർഗരാജ്യം)

∙ എന്നെ തല്ലേണ്ടമ്മാവാ... (ഒരു വടക്കൻ സെൽഫി)

∙ കൈക്കോട്ടും കണ്ടിട്ടില്ല... (ഒരു വടക്കൻ സെൽഫി)

∙ നീലക്കണ്ണുള്ള മാനേ... (കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ)

∙ ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന നേരം... (ഗോദ)

∙ എന്റമ്മേടെ ജിമിക്കിക്കമ്മൽ... (വെളിപാടിന്റെ പുസ്തകം)

∙ മേലെ അരിമുല്ലപ്പൂവാലേ പന്തല്... (വെളിപാടിന്റെ പുസ്തകം)

∙ നീയും നിനക്കുള്ളൊരീ ഞാനും... (വെളിപാടിന്റെ പുസ്തകം).