Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറുപ്പിക്കില്ല, ഇത് പുതിയ ജിമ്മിക്കി കമ്മൽ...!

jimmikki-kammal-videos

എന്റെ പാട്ടിന് ഇങ്ങനൊരു വിജയം സങ്കൽപത്തിൽ പോലുമുണ്ടായിരുന്നില്ല എന്നു പറഞ്ഞ് ദീർഘശ്വാസം വിട്ടിരിക്കുന്ന ഷാൻ റഹ്മാൻ വീണ്ടും ഞെട്ടാന്‍ തയ്യാറിയിക്കോളൂ. ദാ താങ്കളുടെ പാട്ടിന് ഇതുവരെ കണ്ടതൊന്നും ഒന്നുമല്ലെന്ന് പറഞ്ഞുകൊണ്ട് പുതിയ ഒരു വിഡിയോയുമായെത്തിയിരിക്കുകയാണ് രണ്ടു പേർ. ജിമ്മിക്കി കമ്മൽ പാട്ട് എന്നു കേൾക്കുമ്പോഴേ... ഇതിനൊരു അന്ത്യമില്ലേ എന്നു ചോദിക്കുന്നവർ തീർച്ചയായും കാണണം. അത്രയ്ക്കു നന്നായിരിക്കുന്നു ഈ വിഡിയോ. ഒരു കാര്യം ആദ്യമേ പറയാം; വിനീത് ശ്രീനിവാസന്റെ പാടിയ പാട്ടല്ല ഈ വി‍ഡിയോയിലുള്ളത്. ആദ്യമായി ഈ പാട്ടിനൊരു ഫീമെയിൽ വേർഷനുമായാണ് ഈ മിടുക്കികൾ എത്തിയിരിക്കുന്നത്.

ഐശ്വര്യ കല്യാണിയാണ് ഈ ജിമ്മിക്കി കമ്മൽ പാടിയിരിക്കുന്നത്. ഹിന്ദുസ്ഥാനി ഗായികയാണ് ഐശ്വര്യ എന്നതാണ് മറ്റൊരു കൗതുകം. അശ്വതി വെല്ലൂരാണ് ഈ ‘ഡപ്പാംകുത്ത്’ പാട്ടിനൊപ്പം എങ്ങനെ കളിക്കണമെന്ന് അഭിനേതാക്കളെയെല്ലാം പഠിപ്പിച്ചു കൊടുത്തത്. തിരുവാതിരയും മാര്‍ഗംകളിയും ഒപ്പനയും എല്ലാമുണ്ട് ഈ വിഡിയോയിൽ. പാട്ടിന്റെ തട്ടുപൊളിപ്പൻ താളത്തിനോട് എങ്ങനെയാണ് അടക്കവും ഒതുക്കവുമുള്ള ഈ നൃത്തരൂപങ്ങളെ ചേർത്തുവയ്ക്കുക എന്നാണ് ചിന്തയെങ്കിൽ വിഡിയോ കണ്ടുകഴിയുമ്പോൾ അതൊക്കെ തീർന്നു കിട്ടും. നൃത്തസംവിധാനം ഏറെ നന്നായിരിക്കുന്നു. ബൂഗി ബട്ടർഫ്ലൈസ് എന്ന യുട്യൂബ് അക്കൗണ്ടിലൂടെയാണ് ഈ പാട്ട് പുറത്തിറക്കിയത്.

'വെളിപാടിന്റെ പുസ്തകം' എന്ന ചിത്രത്തിലെ ഈ പാട്ടിനെ പിന്നെയും പാടിയും അതിനൊപ്പം ആടിയും പല രൂപത്തിൽ പല ഭാവത്തിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ ആവിഷ്കാരം തികച്ചും വ്യത്യസ്തം.