Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനെറ്റ് പാടുമ്പോൾ

annette-philip

യൂട്യൂബിൽ ‘ബെർക്‌ലി റഹ്മാൻ’ എന്നു സേർച്ച് ചെയ്താൽ കുറേ വിഡിയോകൾ ഉയർന്നുവരും. എ.ആർ.റഹ്മാനെ ആദരിക്കുന്നതിന്റെ ഭാഗമായി യുഎസിലെ ഇന്ത്യൻ എൻസെമ്പിൾ ഒരുക്കിയ സംഗീതനിശയിൽനിന്നുള്ള വിഡിയോകൾ. ലോകപ്രസിദ്ധമായ ഈ സംഗീതനിശ നയിച്ചതു ബെർക്‌ലി സ്കൂൾ ഓഫ് മ്യൂസിക്കിലെ മലയാളി സംഗീത അധ്യാപികയാണ് – അനെറ്റ് ഫിലിപ്പ്.

കടലുകൾക്കപ്പുറത്തേക്ക്...

ഡൽഹിയിലെ വിദ്യാഭ്യാസത്തിനു ശേഷം ഇൻലാക്സ് ഫൗണ്ടേഷന്റെ സ്കോളർഷിപ്പോടെയാണ് അമേരിക്കയിലെ ബോസ്റ്റണിലുള്ള ബെർക്‌ലി കോളജ് ഓഫ് മ്യൂസിക്കിൽ അനെറ്റ് എത്തിയത്. പ്രശസ്തമായ സിൽവിയ സുൻസ് മെമ്മോറിയൽ സ്കോളർഷിപ്പും ഇതോടൊപ്പം ലഭിച്ചു. ഒടുവിൽ പഠനം കഴിഞ്ഞിറങ്ങിയപ്പോൾ അവിടെത്തന്നെ അധ്യാപികയുമായി. ലോകത്തെ എണ്ണംപറഞ്ഞ സംഗീതജ്ഞർ കൊതിക്കുന്ന സ്ഥാനം. 

അനെറ്റിന്റെ നേതൃത്വത്തിൽ നഗരത്തിൽ തുടങ്ങിയ ആർട്ടിസ്റ്റ് അൺലിമിറ്റഡ് എന്ന സ്ഥാപനം ഒട്ടേറെ യുവസംഗീതജ്ഞരെ പ്രശസ്തരാക്കി. സംഗീത ഉപകരണങ്ങൾ വളരെക്കുറച്ചുമാത്രം ഉപയോഗിക്കുന്ന അക്കാപ്പെല്ല സംഗീതത്തിന്റെ ആദ്യകാല പ്രയോക്താക്കളും ഇവർ തന്നെ.

ബെർക്‌ലിയിലെ ഇന്ത്യൻ സംഘം

ബെർക്‌ലിയിൽ ഒരു ഇന്ത്യൻ എൻസെമ്പിൾ അനെറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇവർ പുറത്തിറക്കിയ യൂട്യൂബ് വിഡിയോകൾക്കു പ്രേക്ഷകർ ഒട്ടേറെയാണ്. ബെർക്‌ലി ഇന്ത്യ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഡയറക്ടറായി പ്രവർത്തിക്കവെ സാക്ഷാൽ എ.ആർ.റഹ്മാനെ ബെർക്‌ലിയിൽ എത്തിച്ചതിൽ അനെറ്റ് പ്രധാന പങ്കുവഹിച്ചു. അന്നു റഹ്മാന്റെ കരിയറിലെ മികച്ച ഗാനങ്ങൾ കോർത്തിണക്കി ഒരുക്കിയ സംഗീതനിശയുടെ വിഡിയോകൾക്കുള്ള യൂട്യൂബ് പ്രേക്ഷകർക്കു കയ്യും കണക്കുമില്ല. തന്റെ സംഗീതയാത്രയ്ക്കു വഴിതെളിച്ചവരിൽ റഹ്മാനു സവിശേഷ സ്ഥാനമുണ്ടെന്ന് അനെറ്റ് പറയുന്നു.

അംഗീകാരങ്ങളുടെ നീണ്ട പട്ടിക

ബെർക്‌ലിയിലുള്ള ‘വിമൻ ഓഫ് ദ് വേൾഡ്’ വോക്കൽ ക്വാർട്ടറ്റിന്റെ ക്രിയേറ്റിവ് ഡയറക്ടർ അനെറ്റാണ്. രാജ്യാന്തര അക്കാപ്പെല്ല സംഗീത മൽസരങ്ങളിലൊന്നിൽ വിമൻ ഓഫ് ദ് വേൾ‌ഡ് ഒന്നാംസ്ഥാനം നേടി. 2016ൽ ‘ഇന്ത്യ ന്യൂ ഇംഗ്ലണ്ട് ന്യൂസ്’ വുമൺ ഓഫ് ദ് ഇയർ പുരസ്കാരം അനെറ്റിനു ലഭിച്ചു. അവർ സ്വയം ചിട്ടപ്പെടുത്തിയ ‘ദേരേ നാ’ എന്ന ഗാനം വാർഷിക ഇൻഡിപെൻഡന്റ് മ്യൂസിക് അവാർഡ്സിൽ പുരസ്കാരം നേടി. ബെർക്‌ലി അർബൻ സർവീസ് പുരസ്കാരം, ഭാരത് നിർമാൺ പുരസ്കാരം തുടങ്ങി ലഭിച്ച പുരസ്കാരങ്ങൾ ഒട്ടേറെ.

വേറിട്ട വ്യക്തിത്വം

അമേരിക്കയിൽ അത്ര സാധാരണമല്ലാത്ത, സാരിയാണ് അനെറ്റിന്റെ പ്രിയവേഷം. കുലീനത തുളുമ്പുന്ന വേഷമാണു സാരിയെന്നാണ് അവരുടെ അഭിപ്രായം. അനെറ്റിന്റെ മറ്റൊരു പ്രത്യേകത നര വീണ ഒരുപിടി മുടിയാണ്. ഒൻപതാം വയസ്സിൽ കാരണങ്ങളില്ലാതെ എത്തിയ ഈ നര ഇപ്പോൾ തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്ന് അനെറ്റ് പറയുന്നു.

annette-philip-img

ബാൽക്കൻ, ഇസ്രയേലി, ഗോസ്പൽ, സൂഫി, ബംഗാളി, സെനഗളീസ് തുടങ്ങി അനെറ്റിന് ഇഷ്ടമുള്ള സംഗീത ശാഖകൾ ഒട്ടേറെ. മലയാളം ഗാനങ്ങളും പാടാറുണ്ട്. പാട്ടു മാത്രമല്ല, പിയാനോ വായിക്കാനും അനെറ്റിനു നല്ല തഴക്കമാണ്.

തിരുവല്ല കണ്ടത്തിൽ നെടുമ്പ്രോത്ത് കെ.പി.ഫിലിപ്പിന്റെയും മേരി ഫിലിപ്പിന്റെയും മകളാണ്.