Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റൂവിന്റെ പേര് നല്‍കി മ്യൂസിക് ബാൻഡുമായി രഞ്ജിനി

ranjini-jose-music-band

ടാറ്റൂവിന്റെ പേര് തന്നെ നൽകി ഒരു പാട്ടു സംഘവുമായി എത്തിയിരിക്കുകയാണ് ഗായിക രഞ്‍ജിനി ജോസ്. ഏക,ദി ബാൻഡ് എന്നാണ് ബാൻഡിന്റെ പേര്. കയ്യില്‍ 'ഏക' എന്ന് ടാറ്റൂവും കുത്തിയിട്ടുണ്ട്്. ആത്മീയ ഗുരുവിൽ നിന്ന് ലഭിച്ച പേര് തന്നെ സ്വപ്നങ്ങളിലൊന്നായിരുന്ന മ്യൂസിക് ബാൻഡിന് ഈ പാട്ടുകാരി നൽകുകയായിരുന്നു. ഏക എന്ന വാക്കിന്റെ അർഥം പോലെ മനോഹരമായ പാട്ടുകളുമായി ഏക സജീവകാൻ ഒരുങ്ങുകയാണ്. 

ഒരുപാടുകാലമായി മനസിൽ ഇങ്ങനെയൊരു ആശയം വന്നിട്ടെന്ന് രഞ്ജിനി. പിന്നണി ഗായികയാകുന്നതിനു മുൻപേ മനസിൽ വിടർന്ന സ്വപ്നം. സിനിമകളിലെ പാട്ടും സ്റ്റേജ് പരിപാടികളും തിരക്കുമൊക്കെയായപ്പോൾ മ്യൂസിക് ബാൻഡിന്റെ കെട്ടിപ്പടുക്കൽ നീണ്ടുപോയി എന്നു മാത്രം. സ്വന്തം ഇഷ്ടങ്ങളിലെന്നുമുളള പാട്ടുകളും കേൾക്കണമെന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നത് എന്നു തോന്നുന്ന ഗാനങ്ങളും പാടിത്തരാൻ രഞ്ജിനിയും സംഘവും ഏകയ്ക്കു കീഴിലുണ്ട്. രഞ്ജിനി മാത്രമാണ് പാട്ടുകാരി.  അതായത് കേൾക്കാൻ സുഖമുള്ള എല്ലാ പാട്ടുകളും ഇവർ നമുക്കായി രഞ്ജിനി പാടിത്തരും. ശനിയാഴ്ച തൃപ്പൂണിത്തുറയിലെ ജെറ്റിപാക് എന്ന വിശാലമായ വേദിയിലായിരുന്നു രഞ്ജിനിയുടെ ഏക-ദി ബാൻഡിന്റെ ആദ്യ ഷോ.

ഒന്നരമണിക്കൂർ നീളുന്ന ഷോയിൽ കർണാടിക്, ഹിന്ദുസ്ഥാനി, ഫോക്, ഇന്‍ഡീ പോപ്, റോക്ക് തുടങ്ങിയ എല്ലാ വിഭാഗം പാട്ടുകളും ഏക പാടിത്തരും. ഏതു ഭാഷയിലുള്ള പാട്ടുകൾ പാടാനും ഇവർ റെഡി. വർഷങ്ങളായുള്ള പാട്ടു ജീവിതത്തിനിടയിൽ പരിചയപ്പെട്ട നാലു പാട്ടു കൂട്ടുകാരുമുണ്ട് ഏകയിൽ. റാൾഫിൻ സ്റ്റീഫനാണ് പിയാനോയും ഗിത്താറും വായിക്കുന്നത്. അഖിലാണ് ഡ്രംസിൽ. അശ്വിൻ ലീഡ് ഗിത്താറും, സന്തോഷ് സാമുവേൽ ബാസ് ഗിത്താറിലും. 

"ഇപ്പോൾ ഒത്തിരി മ്യൂസിക് ബാൻഡുകൾ വരുന്നുണ്ട്. അവരുമായി മത്സരം എന്നൊരു കാര്യമേ മനസിലില്ല. ഏക എന്റെ ഉള്ളിലെ പാട്ടിഷ്ടങ്ങളുടെ ഒരു കൂടാരമാണ്. അത്രേയുള്ളൂ. എന്റെ ബാൻഡിൽ ഒപ്പമുള്ളവരെല്ലാം മറ്റു ബാന്‍ഡുകളിൽ വാദ്യോപകരണങ്ങൾ വായിക്കുന്നവരാണ്.  "-രഞ്ജിനി പറയുന്നു. 

ബാൻഡ് എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് കൂടുതൽ ഊർജമേകിയ കാര്യങ്ങളെ കുറിച്ച് രഞ്ജിനിക്ക് പറയാനുള്ളത് ഇതാണ്. "ഒരു ഗാനമേളയ്ക്കു പോയാൽ നമുക്ക് ഇഷ്ടമുള്ള പാട്ടുകളെല്ലാം പാടാനാകില്ലല്ലോ. ഗാനമേളകളുടെ രീതി അതാണല്ലോ. പക്ഷേ നമ്മുടെ സ്വന്തം ബാൻഡിൽ നമുക്കിഷ്ടമുള്ള എല്ലാ പാട്ടുകളും പാടാം. നമ്മുടേതായ രീതിയിലേക്ക് ആ ഗാനങ്ങളെ മാറ്റി ആസ്വദിച്ചു പാടാം. ആ ഒരു മൂഡിൽ നിന്ന് ഒരു മാറ്റം വേണമല്ലോ. ഗാനമേളകളിൽ നിന്ന് മാറിനിൽക്കാതെ തന്നെ എനിക്കിഷ്ടമുള്ള പാട്ടുകളുമായി ഏകയ്ക്കൊപ്പം പോകും. അതാണ് ആഗ്രഹം.

സിനിമയിൽ ഗായികമാർക്ക് പൊതുവെ പാട്ടുകൾ ഇപ്പോൾ കുറവാണെന്ന കാര്യം പറയാതെ വയ്യെന്നാണ് രഞ്ജിനിയുടെ അഭിപ്രായ‌ം. സിനിമ ഹിറ്റ് ആയാലേ പാട്ടും ഹിറ്റ് ആകൂ എന്ന പ്രവണതയും സത്യമാണ്. എന്റെ തന്നെ കുറേ നല്ല പുതിയ പാട്ടുകൾ സിനിമ വിജയിക്കാത്തതു കൊണ്ട് അധികം ശ്രദ്ധിക്കപ്പെടാതെ പോയി എന്നു തോന്നിയിട്ടുണ്ട്. മ്യൂസികിന്റെ ഗതി തന്നെ മാറിപ്പോയതായി തോന്നിയിട്ടുണ്ട്. അപ്പോൾ ഇൻഡിപെൻഡന്റ് ആയി മ്യൂസിക് ചെയ്യണം എന്നതിന് പ്രസക്തി ഏറെയാണ്. ഇന്ത്യയിലാണ് പിന്നണി ഗാനരംഗം ഇത്രമേൽ സജീവമായത്. ബാക്കിയെല്ലായിടത്തും ഇൻഡിപെൻഡന്റ് മ്യൂസിക് ആണല്ലോ സജീവം. ഇപ്പോള്‍ ഇവിടെ തന്നെ ഞാൻ ഉൾ‌പ്പെടെയുള്ള എല്ലാ പാട്ടുകാരും അവരുടേതായ പാട്ടുകളും വിഡിയോകളും ഇറക്കുന്നുണ്ട്. അനൽഹഖ് എന്ന സംഗീത വിഡിയോ ഞാൻ പുറത്തിറക്കിയിരുന്നു. പിന്നണി ഗാനരംഗം ഒരു കരിയർ അല്ലാതായി മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് വാസ്തവം. അതുകൊണ്ട് സിനിമയിലെ പാട്ടുകൾക്കും ഗാനമേളകൾക്കും ഒപ്പം ബാൻഡും ഇനിയൊപ്പമുണ്ടാകും."