Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലാസ്റ്റിങ് ഡിജെ

kerala-blasters-disco-jockey

ആരാധകരുടെ ആവേശത്തിനൊപ്പം ത്രസിപ്പിക്കുന്ന സംഗീതവുമായി ഐഎസ്എൽ ഉദ്ഘാടന വേദിയിൽ നിറഞ്ഞു നിന്ന കൊച്ചിക്കാരൻ – ഡിജെ റയാൻ. കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഡിജെയായാണു റയാൻ കൊച്ചി സ്റ്റേഡിയത്തിൽ ഉദ്ഘാടന മൽസരത്തിൽ കാണികൾക്ക് ആവേശം പകരാനെത്തിയത്. നാലാം സീസണിൽ കേരളത്തിന്റെ മുഴുവൻ മൽസരങ്ങൾക്കും ഡിജെ റയാന്റെ സംഗീതം കാണികൾക്കൊപ്പം ഉണ്ടാകും. 

ആദ്യ മൽസരം

ശരിക്കും ആവേശത്തിന്റെ കൊടുമുടിയിൽ നിൽക്കുകയായിരുന്നു കൊച്ചിയിലെ ആരാധകർ. അവർക്കായി ഡിജെ ഒരുക്കുക ശരിക്കും വെല്ലുവിളിയായിരുന്നെന്നു റയാൻ പറയുന്നു. സാധാരണ ഡിജെ പാർട്ടികൾ പോലെയല്ല ഇത്രയധികം കാണികൾ നിറഞ്ഞ സ്റ്റേ‍ഡിയത്തിൽ ഡിജെ ചെയ്യുന്നത്. മൽസരത്തിനു രണ്ടു മണിക്കൂറുകൾക്കു മുൻപു ഗേറ്റ് തുറക്കുന്നതു മുതൽ കാണികൾക്ക് ആവേശം പകരുകയാണു ചെയ്യേണ്ടത്. ഉദ്ഘാടന മൽസരത്തിനു മൂന്നു മണിക്കു ഗേറ്റുകൾ തുറന്നപ്പോൾ മുതൽ പ്ലേ ചെയ്തു തുടങ്ങി. 

ബോളിവുഡിൽ എല്ലാവർക്കും അറിയാവുന്ന പാട്ടുകളും മലയാളത്തിലെ ജിമിക്കി കമ്മലുമാണ് ഇംഗ്ലിഷ് പാട്ടുകൾക്കു പുറമെ പ്ലേ ചെയ്തത്. ജിമിക്കി കമ്മലിനും ലുങ്കി ഡാൻസിനുമെല്ലാം മികച്ച പ്രതികരണങ്ങളായിരുന്നെന്നും റയാൻ പറയുന്നു. കൂടുതലും ഫുട്ബോളുമായി ബന്ധമുള്ള പാട്ടുകളായിരുന്നു പ്ലേ ചെയ്തത്. 

എല്ലാ മൽസരങ്ങൾക്കും ഡിജെ

കേരളത്തിന്റെ ഈ സീസണിലെ എല്ലാ മൽസരങ്ങൾക്കും ഗാലറിയിൽ ആവേശത്തിരയിളക്കാൻ ഉണ്ടാകുമെന്നു ഡിജെ റയാൻ പറയുന്നു. കാണികളെ കൂടി പങ്കെടുപ്പിക്കുന്ന തരത്തിലുള്ള ഡിജെയാണ് ഉദ്ദേശിക്കുന്നത്. ആദ്യ മൽസരത്തിൽ ബീറ്റ് ഇട്ട് അതിനനുസരിച്ചു കാണികളെക്കൊണ്ടു കയ്യടിപ്പിച്ചു. 

കൂടാതെ ‘കോൾഡ് പ്ലേ’ ബാൻഡിന്റെ ‘സ്കൈ ഫുൾ ഓഫ് സ്റ്റാർസ്’ പ്ലേ ചെയ്ത് എല്ലാവരോടും മൊബൈൽ ഫോൺ ലൈറ്റുകൾ തെളിയിക്കാൻ പറഞ്ഞിരുന്നു.

 ഇവയ്ക്കു സ്റ്റേഡിയത്തിന്റെ പ്രതികരണം വളരെ വലുതായിരുന്നു. അടുത്ത മൽസരങ്ങളിലും ഇതുപോലെയുള്ള നമ്പറുകൾ പരീക്ഷിക്കുമെന്നു ഡിജെ റയാൻ പറയുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ കാണിക്കൂട്ടമായ മഞ്ഞപ്പട തയാറാക്കി ചാന്റുകൾ ഉൾപ്പെടുത്തിയുള്ള പരീക്ഷണങ്ങളും നടത്തും. 

സിസിഎൽ ഡിജെ 

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സിന്റെ കൊച്ചിയിലെ മൽസരത്തിനു ഡിജെയുമായി ഗാലറിയിൽ ഉണ്ടായിരുന്നതു റയാനാണ്. 15 വർഷത്തോളമായി ഡിജെ ചെയ്യുന്ന റയാൻ കളമശേരി സ്വദേശിയാണ്. ഇപ്പോൾ സ്വതന്ത്രമായി ഡിജെ ചെയ്യുന്ന റയാൻ കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളിലെല്ലാം പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. എയർക്രാഫ്റ്റ് മെയിന്റനൻസിൽ ബിടെക് ബിരുദധാരിയാണു റയാൻ.