Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ആ വിളി കേൾക്കാൻ 'ഉമ്പായിക്ക' ഇല്ല

umbayee5

വിഷാദഭരിതമായ ഒരു പാട്ട് തീരുന്നതുപോലെ ഉമ്പായി എന്ന പാട്ടുകാരന്‍ പാതിയില്‍ മടങ്ങുകയാണ്. ഗസലിന്‍റെ ഭാവാര്‍ദ്രതയും വിഷാദ മധുരവും അപൂര്‍വമായി സമ്മേളിച്ച ആ ഭാവശബ്ദം ഇനി ജീവനോടെയില്ല.മലയാളി പരിചയിച്ച പല പാട്ടു ശിഖരങ്ങളില്‍ ഉമ്പായിയുടേത് മറ്റെവിടെയും കിട്ടാത്ത അനുഭവലോകമായിരുന്നു. ഗസലെന്ന പാട്ടുശാഖയെ മലയാളത്തില്‍ ജനകീയമാക്കിയ പ്രതിഭാധനന്‍. അതിനപ്പുറം, പാട്ടിനെ സ്നേഹിക്കുന്ന മലയാളിക്ക് ആനന്ദവും ആശ്വാസവും പകര്‍ന്ന ശബ്ദമായിരുന്നു അത്. നടന്നുതീര്‍ന്ന കയ്പനുഭവങ്ങള്‍ ഊടും പാവും നെയ്ത പാട്ടുകളുടെ ഉടമ.

ജീവിതത്തിന്‍റെ കയ്പുനിറഞ്ഞ വഴികളില്‍ പല വേഷങ്ങള്‍. പഴയ ബോംബെയുടെ അധോലോകങ്ങളടക്കം കയറിയിറങ്ങിയ മനുഷ്യന് ജീവിതത്തെത്തന്നെ തിരികെപ്പിടിക്കലായിരുന്നു സംഗീതം.

അനുഭവങ്ങളുടെ കടല്‍ താണ്ടി പിന്നെ പിറന്ന കൊച്ചിയില്‍.  മട്ടാഞ്ചേരിയും ഫോർട്ട്‌കൊച്ചിയും മെഹ്ബൂബുമൊക്കെയാണ് തന്നെ പണിതതെന്ന് നേരം കിട്ടുമ്പോഴൊക്കെ പറയുന്ന തനി നാടന്‍. പാട്ടിലും ആ നന്‍മയും ഊഷ്മളതയും സദാ കെടാതെ നിന്നു.

ഓഎന്‍വിക്കവിതകളെ ഗസലുകളുമായി ചേര്‍ത്തുകെട്ടി അന്നോളം കേള്‍ക്കാത്ത പരീക്ഷണങ്ങളിലേക്കും ഉമ്പായി മലയാളിയെ കൂടെക്കൂട്ടി.എണ്ണമറ്റ ആല്‍ബങ്ങളിലൂടെ മലയാളിയുടെ യാത്രകളെയും ഏകാന്തതകളെയും ആഘോഷങ്ങളെയും ഈ പാട്ടുകാരന്‍ പുഷ്കലമാക്കി. 

പാട്ടിന്‍റെ വൈകുന്നേരങ്ങളിലേക്ക് എളിമ മുറ്റിയ ചിരി തൂകി സവിശേഷമായ വേഷവിധാനങ്ങളോടെ ഉമ്പായിക്ക എന്ന് അടുപ്പക്കാര്‍ വിളിച്ച സ്നേഹധനനായ മനുഷ്യന്‍ നടന്നെത്തി.ഗസലിന്‍റെ സുല്‍‌ത്താനെന്ന വിളിപ്പേരില്‍ ഇനിയുമൊരുപാട് കാലം ആ പാട്ടുകള്‍ മലയാളി ജീവിതത്തിന് ഒപ്പമുണ്ടാകും. അപ്പോഴും ഉമ്പായിയെ കേട്ടു മതിയായില്ലെന്ന് കേട്ട ഓരോ കാതും മൊഴിയും. അത്രമേല്‍ ഹൃദ്യമായ ശബ്ദത്തോടെ പാടാന്‍, അത്രമേല്‍ നിഷ്കളങ്കതയോടെ പാട്ടിനുമുന്‍പിലിരുന്ന്  ചിരിക്കാന്‍ ഇനി ഉമ്പായിക്കയില്ല.