ADVERTISEMENT

കൊറിയോഗ്രഫർ സരോജ് ഖാന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഡാൻസിങ് ക്വീൻ മാധുരി ദീക്ഷിത്. വിയോഗവാർത്ത ഏറെ വേദനിപ്പിച്ചു എന്നും സരോജ് ഖാൻ എന്ന അദ്ഭുത പ്രതിഭയെ എന്നും മിസ് ചെയ്യുമെന്നും മാധുരി സമൂഹമാധ്യമത്തിൽ കുറിച്ചു. സരോജ് ഖാനുമൊത്തുള്ള പഴയകാല ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 

 

മാധുരി ദീക്ഷിതിന്റെ സമൂഹമാധ്യമ പോസ്റ്റ്:

 

‘എന്റെ സുഹൃത്തും ഗുരുവുമായ സരോജ് ഖാന്റെ അപ്രതീക്ഷിത വേർപാട് എന്നെ തളർത്തിയിരിക്കുന്നു. നൃത്തത്തിൽ എന്റെ മുഴുവൻ കഴിവുകളും പുറത്തെടുക്കാനും പ്രകടനങ്ങൾ കാഴ്ചവയ്ക്കാനും എന്നെ സഹായിച്ചതിന് ആ പ്രതിഭയോടു ഞാൻ നന്ദി പറയുന്നു. അദ്ഭുതകരമായ ഒരു കലാകാരിയെ ആണ് ലോകത്തിനു നഷ്ടമായിരിക്കുന്നത്. ഞാൻ തീർച്ചയായും നിങ്ങളെ മിസ് ചെയ്യും. സരോജ് ഖാന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നു. ശാന്തിയിൽ ലയിക്കുക സരോജ്ജി’. 

 

മാധുരി ദീക്ഷിത് സ്വയം മറന്നാടിയ ‘ഏക് ദോ തീൻ’ എന്ന ഒരൊറ്റ ഗാനം മാത്രം മതി സരോജ് ഖാൻ എന്ന നൃത്തസംവിധായികയെ മാധുരി ദീക്ഷിതിന്റെ പേരിനോടു ചേർത്തു വായിക്കാൻ. 2002ലെ ‘ദേവദാസ്’ എന്ന ചിത്രത്തിലെ ‘ഡോലാ രെ’ എന്ന ഗാനത്തിനും സാരോജ് ഖാന്റെ താളത്തിനൊത്താണ് മാധുരി ചുവടുകൾ വച്ചത്. ഈ രണ്ടു പാട്ടുകളും ഇന്ത്യൻ സിനിമയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. 

 

സിനിമാ മേഖലയ്ക്കു പുറമേ മാധുരിയും സരോജ് ഖാനും തമ്മിൽ വ്യക്തിപരമായ അടുപ്പവും സൂക്ഷിച്ചിരുന്നു. സരോജ് ഖാന്റെ ഇക്കഴിഞ്ഞ ജന്മദിനത്തിൽ‌ ആശംസകൾ നേർന്ന് മാധുരി ദീക്ഷിത് പങ്കുവച്ച ചിത്രവും കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. സരോജ് ഖാൻ സൃഷ്ടിച്ച അദ്ഭുതങ്ങളെക്കുറിച്ച് എന്നും അഭിമാനം തോന്നുന്നുവെന്നും അവർക്ക് തന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം എന്നും ഉണ്ടായിരിക്കുമെന്നുമാണ് അന്ന് മാധുരി കുറിച്ചത്.  

 

സരോജ് ഖാന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി പേർ രംഗത്തു വന്നിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 2:30ന് മുംബൈ ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് സരോജ് ഖാൻ അന്തരിച്ചത്. ഒരാഴ്ചയിലധികമായി ശ്വസനസംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിൽ ആയിരുന്നു. വ്യാഴാഴ്ച രാത്രിയോടെ രോഗം മൂർച്ഛിക്കുകയും വെള്ളിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെത്തുടര്‍ന്നു മരണം സംഭവിക്കുകയുമായിരുന്നു. സംസ്കാരം ഇന്നലെ രാവിലെ മലാഡിലെ പൊതുശ്മശാനത്തിൽ നടത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com