ADVERTISEMENT

അമ്മയാകുന്നതിനു കൃത്യം 24 മണിക്കൂറുകൾക്കു മുൻപ് അഭിനേത്രി പാർവതി കൃഷ്ണ ചുവടു വച്ച വിഡിയോ വൈറലാകുന്നു. ഈ മാസം ഏഴിനാണ് പാർവതിയ്ക്കും സംഗീതസംവിധായകൻ ബാലഗോപാലിനും ആൺകുഞ്ഞ് പിറന്നത്.‌ ബാലഗോപാലിന്റെ അച്ഛന്റെ ജന്മദിനത്തിൽ തന്നെയാണ് പാർവതിയും ബാലഗോപാലും കുഞ്ഞതിഥിയെ വരവേറ്റത്. അമ്മയായതിന്റെ സന്തോഷം പാർവതി കൃഷ്ണ മനോരമ ഓൺലൈനിനോടു പങ്കുവച്ചിരുന്നു. 

പ്രസവത്തലേന്നുള്ള ഡാൻസിന്റെ വിഡിയോ കുഞ്ഞ് ജനിച്ച് ഏതാനും ദിവസങ്ങൾക്കു ശേഷം പാർവതി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ചുരുങ്ങിയ സമയം കൊണ്ടു വൈറലായ വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളും ലഭിച്ചു. ‘കൊട്ട് പാട്ട്’ എന്ന ഗാനത്തിനൊപ്പമായിരുന്നു പാർവതിയുടെ തകർപ്പൻ ചുവടുകള്‍. ഗർഭകാല ആശങ്കകൾ അകറ്റാനും പിരിമുറുക്കം കുറയ്ക്കാനും നൃത്തം തന്നെ ഒരുപാട് സഹായിച്ചു എന്ന് പാർവതി പറയുന്നു. കുഞ്ഞിനെ സുരക്ഷിതമാക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ച ശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരമായിരുന്നു പാർവതി ചുവടു വച്ചത്.  

ഒൻപതാം മാസത്തിൽ നിറവയറുമായി പാര്‍വതി ചുവടു വച്ചതിനെ പലരും വിമർശിച്ചിരുന്നു. ഗർഭകാലത്തെ ഡാൻസ് വിഡിയോകളെക്കുറിച്ചും അവയ്ക്കു നേരെയുയർന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും ചോദിക്കാൻ മനോരമ ഓൺലൈനിൽ നിന്നും വിളിച്ചപ്പോൾ ‘കൊട്ട് പാട്ടി’ നൊപ്പമുള്ള പ്രകടനം കഴിഞ്ഞതേയുണ്ടായിരുന്നുള്ളു പാർ‌വതി. എന്നിട്ടും എനർജി ഒട്ടും കുറയാതെ പ്രസരിപ്പോടെയായിരുന്നു പ്രതികരണം. ഫോൺ വച്ചു കഴിഞ്ഞ ഉടൻ ഡാൻസിനു പിന്നാലെയെടുത്ത ബോൾഡ് ആൻഡ് എനർജറ്റിക് സെൽഫിയും താരം അയച്ചു തന്നു. പിറ്റേ ദിവസം ആശുപത്രിയിൽ അഡിമിറ്റ് ആകാൻ പോവുകയാണെന്നും അറിയിച്ചിരുന്നു. തുടർന്നുള്ള ദിവസമാണ് കുഞ്ഞിക്കൈ ചേർത്തു പിടിച്ചുള്ള ചിത്രം പങ്കുവച്ച് താൻ അമ്മയായി എന്ന ശുഭവാർത്ത പാർവതി പങ്കുവച്ചത്. 

മറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ പോലെ മറ്റേണിറ്റി ഡാൻസ് വിഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കാറുണ്ട്. അവയ്ക്കെതിരെ പലരും വിമർശനങ്ങളും ഉയർത്തുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഇത്തരം വിഡിയോകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിരവധി പേർ ചുവടു വയ്ക്കുന്നുമുണ്ട്. എന്നാൽ അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നുറപ്പു വരുത്തിയ ശേഷം മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാവൂ എന്ന് അമ്മമാർ തന്നെ ഓർമിപ്പിക്കുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com