ADVERTISEMENT

അർജുൻ അശോകൻ നായകനായെത്തുന്ന ‘മെമ്പർ രമേശൻ ഒൻപതാം വാർഡ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘അലരേ നീയെന്നിലെ’ എന്നു തുടങ്ങുന്ന പാട്ട് ചുരുങ്ങിയ സമയത്തിനകം മികച്ച പ്രേക്ഷകസ്വീകാര്യതയോടെ ട്രെൻഡിങ്ങിൽ ഇടം പിടിക്കുകയും ചെയ്തു. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലാണ് പാട്ടൊരുക്കിയിരിക്കുന്നത്. നാട്ടിൻപുറക്കാഴ്ചകൾക്കൊപ്പം സുന്ദരമായ പ്രണയ രംഗങ്ങളാണ് പാട്ടിൽ കാണാനാകുക. അർജുൻ അശോകും ഗായത്രി അശോകും ആണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. കൈലാസ് മേനോൻ സംഗീതം നൽകിയ ഗാനത്തിന്റെ പിന്നണിയിൽ സ്വരമായത് യുവഗായകൻ അയ്റാനും ഗായിക നിത്യ മാമ്മനും ആണ്. 

പുതിയ പാട്ടിനെക്കുറിച്ചു പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്നും പാടാൻ അവസരം നൽകിയ കൈലാസ് മേനോൻ തനിക്കൊരു പാട്ട് മാത്രമല്ല, ജീവിതമാണ് നൽകിയതെന്നും ഗായകൻ അയ്റാൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ഹൃദയം തൊടും ആലാപനത്തിലൂടെ അയ്റാൻ നിരവധി ആസ്വാദകരെ സ്വന്തമാക്കിയിട്ടുമുണ്ട്. കൈലാസ് മേനോന്റെ പാട്ടിലൂടെ തന്നെ ശ്രദ്ധേയയായ ഗായികയാണ് നിത്യ മാമ്മൻ. ‘എടക്കാട് ബെറ്റാലിയൻ 06’ എന്ന ടൊവിനൊ ചിത്രത്തിലെ ‘നീ ഹിമമഴയായ് വരൂ’ എന്ന ഗാനത്തിലൂടെയായിരുന്നു ഗായികയുടെ പിന്നണി ഗാനരംഗത്തിലേയ്ക്കുള്ള അരങ്ങേറ്റം. ‘അലരേ നീയെന്നിലെ’ എന്ന ഈ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണിപ്പോൾ. ശബരീഷ് ആണ് പാട്ടിനു വരികൾ കുറിച്ചത്. ‘പ്രേമം’, ‘നേരം’ എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെ ശ്രദ്ധേയനായ പാട്ടെഴുത്തുകാരനാണ് ശബരീഷ്. 

നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘മെമ്പർ രമേശൻ ഒൻപതാം വാർഡ്’. ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ശബരീഷ് വർമ്മ, രഞ്ജി പണിക്കർ‌, ഇന്ദ്രൻസ്, മാമുക്കോയ, സാജു കൊടിയൻ, ജോണി ആന്റണി, ബിനു അടിമാലി, സിനി അബ്രഹാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ബോബൻ, മോളി എന്നവര്‍‌ ചേർന്നാണ് ചിത്രത്തിന്റെ നിര്‍മാണം.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com