ADVERTISEMENT

കോവിഡ് വ്യാപനം തുടരുന്നതിനിടയിൽ കുംഭമേള നടത്തിയതിനെ വിമർശിച്ച് ഗായകൻ സോനു നിഗം. കുംഭമേള നടന്ന ഹരിദ്വാറിലും പരിസരപ്രദേശങ്ങളിലും കോവിഡ‍് വ്യാപനം രൂക്ഷമായിരുന്നിട്ടും ചടങ്ങ് നടത്തിയതിനെ ഗായകൻ വിമർശിച്ചു. നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക മാത്രമാണ് പരമപ്രധാനമെന്നും എല്ലാവരും സുരക്ഷിതരായി കഴിയുക അത്യാവശ്യമാണെന്നും സോനു പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹ്രസ്വ വിഡിയോയിലൂടെയായിരുന്നു ഗായകന്റെ പ്രതികരണം. 

 

‘ഈ സമയം എനിക്കു മറ്റൊന്നിനെയും കുറിച്ചു സംസാരിക്കാനില്ല. ഞാൻ ഒരു ഹിന്ദുവായാണ് ജനിച്ചത്. ഇപ്പോൾ ജീവിക്കുന്നതും ഹിന്ദു ആയിത്തന്നെ. കുംഭമേള വിശ്വാസത്തിന്റെ ഭാഗമാണെന്നറിയാം. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ യാതൊരു കാരണവശാലും കുംഭമേള നടക്കാൻ പാടില്ലായിരുന്നു. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുക്കുമ്പോൾ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നതു മാത്രമാണ് പരമപ്രധാനം. അതിലുപരിയായി ഇപ്പോൾ മ‌റ്റൊരു ആവശ്യവും ഇല്ല. ഒരു ഗായകൻ എന്ന നിലയിൽ എനിക്ക് ഇപ്പോൾ സംഗീതപരിപാടികൾ നടത്താനാകില്ല. കുറച്ചു നാളുകൾ കഴിയുമ്പോൾ സാമൂഹിക അകലം പാലിച്ചും മറ്റു മുൻകരുതൽ നടപടികൾ സ്വീകരിച്ചും വേണമെങ്കിൽ എനിക്കു പരിപാടികൾ അവതരിപ്പിക്കാം. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് പാടില്ല. കാരണം, ഗുരുതരമായ അവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നത്. എല്ലാവരും വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു’, സോനു നിഗം പറഞ്ഞു.

 

അതേസമയം, ഹരിദ്വാറിലെ കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചു. ജുന അഖാഡ ‌അധിപൻ സ്വാമി അവധേശാനന്ദ ഗിരിയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അഭ്യർഥിച്ചത്. തുടർന്ന് 27ന് നടക്കുന്ന മൂന്നാമത്തെ ഷാഹി സ്നാനം പ്രതീകാത്മകമായി നടത്തുമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്നും സ്വാമി അറിയിച്ചു. പ്രധാനമന്ത്രിയുടെ അഭ്യർഥനയെ തുടർന്ന് പ്രമുഖ സന്യാസി സംഘമായ ജൂനാ ജൂനാ അഖാര കുംഭമേളയിൽനിന്നു പിന്മാറി. കുംഭമേളയ്ക്കിടെ 30 സന്ന്യാസിമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മഹാ‌ നിർവാണി അഖാഡയുടെ അധ്യക്ഷൻ സ്വാമി കപിൽദേവ് കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com