Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുതലിന്റെ സംഗീതം

ar-stephen

ഏ ആർ റഹ്മാന‌ൊപ്പം ഒരുപാട് വേദികൾ പങ്കിട്ട സ്റ്റീഫൻ ദേവസി ആ ഓർമ്മകളിലൂടെയാണ് അദ്ദേബത്തിന് ആശംസകൾ നേരുന്നത്....

എ.ആർ. റഹ്മാന് അൻപത് വയസ്സായെന്നോ ?! 

വിശ്വസിക്കാനാവുന്നില്ല. 

എന്റെയൊക്കെ ചെറുപ്പം മുതൽ ഹരംപിടിച്ചു കേട്ടു തുടങ്ങിയതാണു റഹ്മാന്റെ പാട്ടുകൾ. ഇന്നും അതേ യുവത്വമുള്ള പാട്ടുകളുമായി റഹ്മാൻ.  

ആദ്യം ദൂരെ നിന്ന് ആരാധനയോടെ നോക്കിക്കാണാനും പിന്നീട് അദ്ദേഹത്തിന്റെ  സംഘത്തിൽ‌ അംഗമായി  ഒപ്പം പെർഫോം ചെയ്യാനും കിട്ടിയ അവസരങ്ങളാണ് എന്റെ ജീവിതത്തിലെ മഹാ ഭാഗ്യങ്ങളിലൊന്ന്. 

10 വർഷങ്ങൾക്കു മുൻപ് എന്റെ സംഗീത ജീവിതത്തിന്റെ തുടക്ക കാലത്ത് ഓർക്കാപ്പുറത്താണു സ്വപ്നം പോലെ എ.ആർ. റഹ്മാന്റെ സംഘത്തിലേക്കു വഴി തുറക്കുന്നത്. അദ്ദേഹവുമായി  ഏറെ അടുപ്പം പുലർത്തിയിരുന്ന ഗായകൻ ശ്രീനിവാസ് എന്നെക്കുറിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. റഹ്മാന്റെ മ്യൂസിക് പ്രൊഡ്യൂസർമാരിലൊരാളായ പ്രവീൺ മണിയാണ് എന്നെ വിളിച്ചത്. ചെന്നൈയിലെ സ്റ്റുഡിയോയിലായിരുന്നു ആദ്യ കൂടിക്കാഴ്ച. സ്റ്റേജ് ഷോകളിൽ കണ്ടിട്ടുണ്ടെങ്കിലും മുഖാമുഖം കാണുന്നത് ആദ്യം. അദ്ദേഹത്തിന്റെ  ഷോയിൽ പങ്കാളിയാവാനുള്ള ക്ഷണംവന്നു, സ്വപ്നം പോലെ.  ലോകത്തിന്റെ  പല ഭാഗങ്ങളിൽ മുപ്പത്തിയഞ്ചോളം റഹ്മാൻ ഷോകളിൽ ഞാൻ കീ ബോർഡ് വായിച്ചു.  

ആദ്യമൊക്കെ 10-12 ദിവസമായിരുന്നു റിഹേഴ്സൽ. സ്ഥിരം ടീം അംഗമായപ്പോൾ പിന്നെ നാലുദിവസമൊക്കെയായി. അദ്ദേഹം മിക്കപ്പോഴും  ക്യാംപിലുണ്ടാവും. പൊതുവേ അന്തർമുഖനാണ്. അടുപ്പമായാൽ തമാശയൊക്കെ പറയും. എന്നോടു മലയാളത്തിലൊക്കെ സംസാരിക്കാൻ ശ്രമിക്കും. നല്ല രസികത്വമുണ്ടെങ്കിലും  ക്യാംപിൽ അദ്ദേഹം ഗൗരവക്കാരനായിരിക്കും. 

പിന്നീടു ഷോയ്ക്കു മുന്നോടിയായുള്ള  കൂടിയാലോചനകളിലും  എന്നെ വിളിക്കാൻ തുടങ്ങി. ഏതെല്ലാം പാട്ടുകൾ, ഇൻസ്ട്രമെന്റ്സ്, അവതരണം, പശ്ചാത്തല സംഗീതം എന്നിവയെല്ലാം വിശദമായി ചർച്ച ചെയ്യും.  ഈ ചർച്ചകളുടെയെല്ലാം ഓഡിയോ ഫോണിൽ റെക്കോർഡ് ചെയ്യും. ചിലപ്പോൾ അതിനൊപ്പം ഇൻസ്ട്രമെന്റ്സൊക്കെ  വായിക്കും.  പലപ്പോഴും എനിക്കായിരുന്നു ഫോണിൽ റെക്കോർഡ് ചെയ്യാനുള്ള ചുമതല. ആലോചനകളിലെ ആശയങ്ങളും നിർദേശങ്ങളുമെല്ലാം കുറിച്ചുവയ്ക്കുന്നതിനു  പകരമാണിത്. സംശയമുണ്ടെങ്കിൽ  ഈ ഓഡിയോ കേൾക്കുകയാണ് അദ്ദേഹത്തിന്റെ  പതിവ്. ഇങ്ങനെയുള്ള അറുപതോളം  ഓഡിയോകൾ ഇന്നും നിധിപോലെ ഞാൻ ഫോണിൽ സൂക്ഷിച്ചിട്ടുണ്ട്. 

റഹ്മാന് ഓസ്കർ പുരസ്കാരം ലഭിച്ചതിനു പിന്നാലെ സിഡ്നിയിലെ ഒരു പാർക്കിൽ നടത്തിയ ഷോ മനസ്സിലുണ്ട് ഇപ്പോഴും. ഒന്നര ലക്ഷത്തോളം പേരാണു പരിപാടിക്ക് എത്തിയത്. വൈകിട്ടത്തെ ഷോയ്ക്കായി രാവിലെ 11 മുതൽ ജനം വന്നുതുടങ്ങി. ഉച്ച കഴിഞ്ഞപ്പോൾ മൈതാനം നിറഞ്ഞു. 

ആ ഷോയുടെ തലേ ദിവസം ഭക്ഷ്യവിഷബാധയേറ്റ് ഞാൻ വല്ലാതെ അവശനായി.  രാവിലെ അദ്ദേഹത്തിന്റെ  മുറിയിലെത്തി കാര്യം പറഞ്ഞു. കുഴപ്പമില്ല, എല്ലാം ശരിയാവുമെന്ന് ആശ്വസിപ്പിച്ചു. ഗ്ലൂക്കോസ്  കഴിക്കാൻ നിർദേശിച്ചു. ഇവിടെ കരിക്കു കിട്ടില്ലല്ലോ, ഇല്ലെങ്കിൽ അതു കഴിച്ചാൽ മതിയായിരുന്നു എന്നും പറഞ്ഞു. വൈകിട്ട് ഷോയ്ക്കായി ഞാൻ എത്തുമ്പോൾ  സ്റ്റേജിനു പിന്നിൽ ഗ്രീൻ റൂമിൽ ഒരു കിടക്ക സജ്ജമാക്കിയിരുന്നു. എന്റെ അവശത അറിയാമായിരുന്ന അദ്ദേഹം  എനിക്കു വേണ്ടി പറഞ്ഞു ചെയ്യിച്ചതാണ്. ആ കരുതൽ ഞാൻ തൊട്ടറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.  അന്നു ഷോയിൽ അസുഖമൊക്കെ മറന്ന് ഞാൻ ഒരു സോളോ പെർഫോമൻസ് ചെയ്തു. അതു വളരെ നന്നായെന്ന് അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സ്റ്റേജ് പെർഫോമൻസുകളിലൊന്നായി ഞാൻ കാണുന്നതും  ആ ഷോയാണ്. 

ഞാൻ അദ്ദേഹത്തിന്റെ  സംഘത്തിൽ വന്നതിനു ശേഷമുള്ള ഷോകളിലൊന്നും അദ്ദേഹം കീ ബോർഡ് വായിച്ചിട്ടില്ല. ഇടയ്ക്കു പിയാനോ വായിക്കുമെന്നു മാത്രം. എന്നോടുള്ള വിശ്വാസം അതായിരുന്നു. 

ലണ്ടനിൽ വിണ്ണൈതാണ്ടി വരുവായ സിനിമയുടെ ഓഡിയോ പ്രകാശന വേദി. ഞാനും അൽഫോൺസേട്ടനുമെല്ലാമുണ്ട്. റഹ്മാൻ പെർഫോം ചെയ്തിരുന്നില്ല.  ഷോ കഴിഞ്ഞു നിൽക്കുമ്പോൾ ഗായകൻ ശ്രീനിവാസിന്റെ  ഫോണിലേക്കു വിളിച്ച് എനിക്കു ഫോൺ നൽകാൻ റഹ്മാൻ പറഞ്ഞു. എന്നെ അഭിനന്ദിക്കാനായിരുന്നു  അത്.  അനുഗ്രഹിക്കപ്പെട്ട  കൈകളാണു നിങ്ങളുടേതെന്നും  ആ അനുഗ്രഹം  എന്നും തുടരട്ടേയെന്നും  പറഞ്ഞപ്പോൾ എനിക്കുണ്ടായ വികാരമെന്തെന്നു പറഞ്ഞറിയിക്കാനാവില്ല. 

കഴിഞ്ഞ വർഷം ചെന്നൈ മ്യൂസിക് അക്കാദമിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണാർഥം  ശങ്കർ മഹാദേവനൊപ്പം  ഒരു ഷോ ചെയ്തിരുന്നു. അന്നു റഹ്മാനും ആസ്വാദകനായി സദസിന്റെ മുൻ നിരയിൽ ഇടം പിടിച്ചു. ഞാൻ കംപോസ് ചെയ്ത ഒരു ഫ്യൂഷനായിരുന്നു ആദ്യം അവതരിപ്പിച്ചത്.  അടുത്ത ദിവസം ഇ-മെയിലിൽ ഒരു മെസേജ് വന്നു.  ഇന്നലത്തെ കംപോസിഷൻ നന്നായി !

ലോകം അംഗീകരിച്ച സംഗീത പ്രതിഭയാണു നമ്മളുടെ സംഗീതം നന്നായെന്നു പറയുന്നത്. അതിലും വലിയ അംഗീകാരം വേറെന്തു  വേണം. സംഗീത യുവത്വത്തിനു മുന്നിൽ പ്രായം വെറും അക്കം മാത്രമാവുന്നത് എ.ആർ. റഹ്മാനിലൂടെ നമ്മൾ വീണ്ടും കാണുകയാണ്. ഇനിയും ആ ഹരം പിടിപ്പിക്കുന്ന സംഗീതം  ഒഴുകട്ടേ എന്നാണ് എന്റെ ജൻമദിനാശംസ.