Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരുവുനായ വിഷയം പാടി കലക്കനൊരു പാട്ട്; ആനിമേഷനും

stray-dog-issue

തെരുവ്...എന്നു കേൾക്കുമ്പോഴേ ചിലർക്കു പേടിയാണ്. മറ്റു ചിലർക്ക് ഭ്രാന്തുപിടിപ്പിക്കുന്ന ദേഷ്യവും. എല്ലാം ഇവർ കാരണമാണ് - തെരുവു നായകൾ. ചന്തയായാലും ഫെയ്സ്ബുക്ക് ആയാലും ട്വിറ്ററായാലും ശരി, നാലാള്‍ കൂടുന്നിടത്തെല്ലാം ചര്‍ച്ച ഇന്ന് ഇവരെക്കുറിച്ചാണ്.  തെരുവുനായകളെ കൊല്ലണമെന്ന് ഒരുപക്ഷം, അരുതെന്ന് മറുപക്ഷം. എഴുത്തും വാക്കും കൊണ്ട് തെരുവുനായ വിഷയത്തിൽ ഒരു യുദ്ധം തന്നെ നടക്കുന്നു. 

മനുഷ്യനെ കടിച്ചു പറിച്ചു തിന്നുന്നവർ എന്ന ദുഷ്പേരും സമ്പാദിച്ച് തെരുവിലൂടെ ഒരു കൂസലുമില്ലാതെ പിന്നെയും ഓടിയും ചാടിയും നടക്കുന്നതിടയിൽ ഇവർ ഈ പുകിൽ അറിയുന്നുണ്ടോ? അല്ലെങ്കിൽ അവരുടെ പക്ഷം ആരെങ്കിലും അറിയാന്‍ ശ്രമിക്കുന്നുണ്ടോ. ഉണ്ട് ശ്രമിക്കുന്നുണ്ട്. അതിനുള്ള ഉദാഹരണമാണ് നരനായാട്ടം ഓട്ടൻതുള്ളൽ എന്ന ആനിമേഷൻ വിഡിയോ. തെരുവുനായ വിഷയത്തിൽ അഭിപ്രായം പറഞ്ഞ് ഏറെ വിമർശനം നേരിട്ട, അഭിനേത്രിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് ഈ വിഡിയോയെ അഭിനന്ദിച്ചു ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു.

സാമൂഹിക പ്രശ്നങ്ങളിലെ പച്ചയായ യാഥാർഥ്യത്തെ എക്കാലവും വിളിച്ചുപറഞ്ഞിട്ടുള്ള കലാരൂപമായ ഓട്ടൻതുള്ളലിന്റെ രൂപത്തിൽ തെരുവുനായ വിഷയത്തെ സമീപിക്കുകയാണ് ഒരു കൂട്ടർ. നായയുടെ വശം പറഞ്ഞും, തെരുവുനായകൾ എന്തുകൊണ്ടിങ്ങനെ പെറ്റുപെരുകി എന്നതും പിന്നെ മനുഷ്യന്റെ നിലവിളിയും തെരുവുനായ വിഷയത്തിൽ അഭിപ്രായം പറഞ്ഞു തെറിവിളി കേട്ടവരെ ചെറുതായിട്ടൊന്നു കളിയാക്കുകയും ചെയ്യുന്ന തകർപ്പൻ ഓട്ടൻതുള്ളൽ പാട്ട്. തെരുവുനായ വിഷയത്തിന്റെ ആകെത്തുക ഈ ഒരൊറ്റ ഗാനത്തിൽ തന്നെയുണ്ട്. 

കാലിക പ്രസക്തിയുള്ള വിഷയത്തെ, ആനിമേഷനിലൂടെ അവതരിപ്പിച്ചിരിക്കുന്നത് ഫെലിക്സ് ദേവസ്യയാണ്. നായയ്ക്കു സ്വരം നൽകിയതും ഫെലിക്സ് തന്നെ. കുറിക്കു കൊള്ളുന്ന ഈ ആശയത്തിനൊപ്പം ഫെലിക്സ് പകർന്ന സ്വരത്തിനും ഊർജ്ജമേറെ. കോട്ടയം സാബുലാൽ ആണു മറ്റൊരു ഗായകൻ. രാജേഷ് കെ പുതുമണയാണു വീറുറ്റ ഹാസ്യാവിഷ്കാരത്തിനു വരികൾ കുറിച്ചത്.

എന്തായാലും തെരുവുനായ വിഷയത്തിൽ നായയുടെ പക്ഷം കൂടി കേട്ട് ഇങ്ങനെയൊരു വിഡിയോ ചെയ്തവർക്ക് നല്ലൊരു കൈയ്യടി കൊടുത്തേ മതിയാകൂ. ഈ പാട്ടിനിടയിലെ വരികളിൽ വിഷയത്തിന്റെ സത്യസന്ധമായ ചില വശങ്ങൾ പരാമർശിക്കുന്നു. എന്തായാലും നായകൾ നരനായാട്ടം തുടരുന്ന ഈ വേളയിൽ ഈ ആനിമേഷൻ ഓട്ടൻതുള്ളൽ കണ്ടിരിക്കുന്നതു നായകൾ പെരുകുന്നതിനു ഒരു പരിധി വരെയെങ്കിലും നാം തന്നെയാണു കാരണക്കാരെന്ന തിരിച്ചറിവു നൽകുമെന്നുറപ്പ്.

Your Rating: