Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാന്റെ ആരും പറയാത്ത കഥ പറഞ്ഞ് ഷോർട്ട് ഫിലിം

A R Rahman

ഒമ്പതാം വയസിൽ തുടങ്ങിയതാണ് ഈ സംഗീത ജീവിതം. താളങ്ങൾക്കൊപ്പം ജീവിച്ച് മരിച്ചയാളായിരുന്നു അവന്റെ അച്ഛൻ. അതുകാരണം അവന് പിന്നീട് പഠിക്കാനായില്ല. അമ്മയ്ക്കും സഹോദരിമാർക്കുമായി അവനും അച്ഛന്റെ വഴിയേ പോയി. അവൻ ഈണമീട്ടിയ സംഗീതത്തിൽ മണ്ണിനപ്പുറം മതങ്ങൾക്കപ്പുറം മനസുകൾക്കപ്പുറം മനുഷ്യരൊന്നിച്ചു. അവന്റെ ജീവിതവും ആ സംഗീതത്തിലെ മാന്ത്രികതയും പലകുറി പലരും എഴുതി പല ഫ്രെയിമുകളിൽ പലരും വരച്ചിട്ടു. എന്നിട്ടും രാവും പകലും വേർ‌തിരിക്കാതെ പുതിയ സംഗീതക്കൂട്ടുകൾക്കായി ആ സംഗീതജ്ഞനും സംഘവും പ്രയാണം നടത്തുന്ന ചെന്നൈയിലുള്ള ആ സംഗീത കൂടാരത്തിനു ചുറ്റും നമ്മൾ ചുറ്റിപ്പറ്റുകയാണ്. എ ആർ റഹ്മാനെ കുറിച്ചറിയാൻ ആ ചുറ്റിക്കറങ്ങൾക്കുള്ള നല്ലൊരു മറുപടിയാകും തൊണ്ണൂറ് മിനുട്ട് ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിം.

'ജയ് ഹോ' എന്നു പേരിട്ട കുഞ്ഞൻ ചിത്രത്തിൽ ഓസ്കർ വേദി വരെയെത്തിയ റഹ്മാൻ ജീവിതം അതിസുന്ദരമായി ചിട്ടപ്പെടുത്തിയ ഒരു സംഗീതം പോലെ ചിത്രീകരിച്ചിട്ടുണ്ട്. ഇന്ത്യയിലും ലോസ് ഏഞ്ചൽസിലുമായുള്ള സംഗീത ചക്രവർത്തിയുടെ വ്യക്തിപരമായ ജീവിതത്തിലെ ആരും പറയാത്ത ഏടുകളാണ് ചിത്രത്തിന്റെ വ്യത്യസ്തതകളിലൊന്ന്. ഡിസ്കവറി ചാനലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടത്തിയത്. സംഗീതം നിങ്ങളെ ഉണർ‌ത്തുന്നുവെങ്കിൽ അത് നിങ്ങളെ ചിന്തിപ്പിക്കുന്നുവെങ്കിൽ നിങ്ങളുടെ ശ്വാസമാകാൻ അതിന് കഴിയുന്നുവെങ്കിൽ എന്റെ സംഗീതത്തിന് ശക്തിയുണ്ടെന്നും അതിന് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെന്നുമാണ് ചിത്രം അവതരിപ്പിച്ചുകൊണ്ട് റഹ്മാൻ പറഞ്ഞത്.

JAI HO - A FILM ON A. R. RAHMAN (Trailer)

ഇന്ത്യയുടെ സംഗീത പാരമ്പര്യത്തിനപ്പുറം സഞ്ചരിക്കുന്നയാളാണ് റഹ്മാനെന്നതിൽ തർക്കമില്ല. മണിരത്നത്തിന്റെ റോജയിലെ പാട്ടുകൾ അതിനുള്ള ആദ്യ തെളിവായിരുന്നു. ലോസ് ഏഞ്ചൽസ്, ലണ്ടൻ, മുംബൈ ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിലെ ഓരോ തലങ്ങളും അതിർവരമ്പുകൾ വെട്ടിമാറ്റുന്ന ആ സംഗീത വഴിയുടെ കഥ പറഞ്ഞു തരും. മണിരത്നം, അശുതോഷ് ഗ്വാരിക്കർ, ശേഖർ കപൂർ, ഡാനി ബോയെൽ, ആമിർ ഖാൻ സംഗീത സംവിധായകൻ ആൻഡ്ര്യു ലോയ്ഡ് വെബ്ബർ‌ തുടങ്ങി റഹ്മാനിലെ പ്രതിഭ തൊട്ടറിഞ്ഞ പ്രതിഭകൾ ചിത്രത്തിലെത്തുന്നുണ്ട്, ഈ സംഗീത മാന്ത്രികനെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവയ്ക്കാൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.