Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തേ പൊന്നേ പാടി കുട്ടിക്കൂട്ടത്തിനൊപ്പം അരിസ്റ്റോ സുരേഷ്

aristo-suresh ശിശുക്ഷേമ സമിതിയിലെ അവധിക്കാല ക്യാംപിൽ പാട്ട് പാടി അരിസ്റ്റോ സുരേഷ്. സംവിധായകൻ എബ്രിഡ് ഷൈനും ചിത്രത്തിലുണ്ട്.

ശിശുക്ഷേമ സമിതിയിലെ പുനർജനി അവധിക്കാല ക്യാംപിൽ പാട്ട് പാടി കുട്ടികളെ രസിപ്പിച്ച് അരിസ്റ്റോ സുരേഷും ഒപ്പം സംവിധായകൻ എബ്രിഡ് ഷൈനും. സുരേഷിനെ കണ്ടതോടെ കുട്ടികൾ മുത്തേ പൊന്നേ പാടി കയ്യടികളോടെ സ്വീകരിച്ചു. ഇന്നലെ വൈകിട്ട് നാലോടെയാണ് അരിസ്റ്റോ സുരേഷും എബ്രിഡ് ഷൈനും പുനർജനി ക്യാംപിൽ എത്തിയത്. അരമണിക്കൂറോളം ഇവർ കുട്ടികളുമായി ചെലവഴിച്ചു. സുരേഷിനെ കണ്ടതോടെ കുട്ടികൾ ആർപ്പുവിളിച്ച് സന്തോഷം പങ്കുവച്ചു. കുട്ടികളുടെ സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞ ഇരുവരും കുട്ടികളുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു.

സിനിമയിലേക്കു വന്നത് എങ്ങനെയാണെന്നായിരുന്നു എബ്രിഡിനോടുള്ള ചോദ്യം. കൂട്ടുകാരനായ മാർട്ടിൻ പ്രക്കാട്ട് സിനിമയിൽ എത്തിയതാണു തനിക്കു പ്രചോദനമായതെന്ന് എബ്രിഡ് പറഞ്ഞു. രണ്ടു സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നായി അടുത്ത ചോദ്യം. രണ്ടും പ്രിയപ്പെട്ടതാണെന്ന് എബ്രിഡിന്റെ ഉത്തരം. രണ്ടു സിനിമയിലും നിവിനെ നായകനാക്കിയതു കഥാപാത്രത്തിനു യോജിച്ചതായതു കൊണ്ടാണെന്നും നിവിൻ മികച്ച നടനാണെന്നും കുട്ടികളുടെ സംശയത്തിന് എബ്രിഡ് മറുപടി നൽകി. സുരേഷിലെ പാട്ടുകാരനാണു സിനിമയിൽ വേഷം നൽകാൻ തന്നെ പ്രേരിപ്പിച്ചതെന്നും എബ്രിഡ് പറഞ്ഞു.

suresh-thampanoor.jpg.image.784.410.jpg.image.784.410

സിനിമയിൽ എത്തിയപ്പോൾ അങ്കിളിനു സന്തോഷമായോയെന്നു സുരേഷിനോടു കുട്ടികൾ. വലിയ സന്തോഷമെന്നു സുരേഷും പറഞ്ഞതോടെ കുട്ടികൾ കയ്യടിച്ചു. ഇങ്ങനെ കളിചിരികളുമായാണു സുരേഷും എബ്രിഡും ക്യാംപിലെ കുട്ടികളെ സന്തോഷിപ്പിച്ചത്. തുടർന്നു കുട്ടികളുടെ ആവശ്യപ്രകാരം സുരേഷ് മുത്തേ പൊന്നേ എന്നു തുടങ്ങുന്ന ഗാനം താളം പിടിച്ചു പാടിത്തകർത്തു. പാട്ടിനൊപ്പിച്ചു കുട്ടികൾ കയ്യടിച്ച് ആനന്ദിച്ചു. പുനർജനി എന്നാൽ രണ്ടാം ജൻമമാണെന്നും തങ്ങളുടെ ഈ രണ്ടാം ജൻമത്തെ കുറിച്ചു സിനിമ ചെയ്യുമോയെന്നുമുള്ള കുട്ടികളുടെ ചോദ്യത്തിന് എബ്രിഡ് ചെയ്യാമെന്ന് ഉറപ്പു നൽകിയാണു മടങ്ങിയത്. ക്യാംപിൽ നിന്നു സുരേഷും എബ്രിഡ് ഷൈനും ഇറങ്ങുമ്പോഴും കുട്ടികൾ ആഹ്ലാദത്തോടെ ഉച്ചത്തിൽ മുത്തേ പൊന്നേ പാടിത്തകർക്കുന്നുണ്ടായിരുന്നു.