Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിശാഗന്ധിയിൽ അലിയാൻ ഗുലാം അലി

mumbai-gulam-ali

വിശ്വഗായകന്റെ നാദം കേള്‍ക്കാൻ നിശാഗന്ധി ഒരുങ്ങിക്കഴിഞ്ഞു. കാതങ്ങളകലെ നിന്ന് കലയുടെ വസന്തമൊരുക്കാനെത്തുന്നവർക്ക് തലസ്ഥാന നഗരിയിലെ ഏറ്റവുമടുത്ത ചങ്ങാതിയാണ് നിശാഗന്ധി. നിശാഗന്ധിയെന്ന പുഷ്പം പോലെ സുന്ദരം തന്നെയാണ് ഈ വേദിയും. കനക്കക്കുന്നിലെ ഈ വേദിയിലിരുന്ന് കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ മുഖത്തിന് അഭിമാനത്തിന്റെ നിറം പകർന്ന് ഇന്ന് പാടുന്നത് ഗുലാം അലിയാണ്. വിശ്വ ഗായകന്റെ ഗസൽ ഗീതങ്ങൾ കാതോർക്കുവാൻ നിശാഗന്ധി ഒരുങ്ങിക്കഴിഞ്ഞു. സംഗീതമെന്നാൽ സ്നേഹമാണെന്ന സന്ദേശം പകർന്ന് ഗുലാം അലി പാടിത്തുടങ്ങും. അസഹിഷ്ണുതയുടെ മുനമ്പുകളൊടിച്ച് ഗുലാം അലി പാടിത്തുടങ്ങാനിനി മണിക്കൂറുകൾ മാത്രം.

ചാന്ദ്നി കി രാത് ഗുലാം അലി കേ സാഥ് എന്നു പേരിട്ട് സ്വരലയ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഗുലാം അലി ഗസൽ അവതരിപ്പിക്കുക. മലയാളത്തിന്റെ പ്രിയ കവി ഒ എൻ വി കുറുപ്പ്, ടൂറിസം വകുപ്പ് മന്ത്രി കെ പി അനിൽ കുമാർ, എം എഎൽഎ എം എ ബേബി എന്നിവരാണ് പരിപാടിക്ക് തിരിതെളിയിക്കുക. ഗുലാം അലിക്കൊപ്പം പണ്ഡിറ്റ് വിശ്വനാഥ് അടങ്ങുന്ന പത്തംഗ സംഘവും ചേർന്നാണ് ഗസൽ ഗാനങ്ങൾ അവതരിപ്പിക്കുക. സ്വരലയയുടെ പ്രഥമ ഗ്ലോബൽ ലെജൻഡറി അവാർഡും ഗുലാം അലിക്ക് ചടങ്ങിൽ സമ്മാനിക്കും. മറ്റന്നാളാണ് കോഴിക്കോടിന് ഗസൽ ഗീതങ്ങൾ ഗുലാം അലി പാടിക്കൊടുക്കുക.

ലോകം കാതോർത്ത ആദരിച്ച നാദമാണ് ഗുലാം അലിയുടേത്. ഹിന്ദുസ്ഥാനി ഗാനശാഖയിലെ ഗസൽ നാദങ്ങളിലൂടെ വാക്കുകൾക്കപ്പുറമുളള അത്ഭുതം സൃഷ്ടിച്ച പ്രതിഭ. ഇന്ത്യൻ സംഗീത ലോകവും അദ്ദേഹത്തെ ഹൃദയത്തോടാണ് ചേർത്തുനിർത്തുന്നത്. ഗുലാം അലി ഒരിക്കലും ഇന്ത്യൻ ജനതയ്ക്ക് പാകിസ്ഥാനിയായ കലാകാരനായിരുന്നില്ല. ഗുലാം അലിക്കും ഇന്ത്യ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നു തന്നെ. അതുകൊണ്ടാണ് അസഹിഷ്ണത തലയ്ക്കു പിടിച്ച ശിവസേന അദ്ദേഹത്തിന്റെ പരിപാടികൾക്ക് ഇടങ്കോലിട്ടപ്പോൾ, ഇവിടെ പാടേണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിനും തലച്ചോറിൽ ഉറുമ്പരിക്കാത്ത മനുഷ്യർക്കും അതൊരു കനത്ത നൊമ്പരമായത്.

സഹോദര തുല്യനായ ഇന്ത്യൻ ഗസൽ ഗായകൻ ജഗജീദ് സിങിന്റെ ഓര്‍മ ദിനത്തിൽ പാടാനാണ് കഴിഞ്ഞ ഒക്ടോബറിൽ ഗുലാം അലി മുംബൈയിലെത്തിയത്. ഒമ്പതാം തീയതി നടത്താനിരുന്ന ഗസൽ സന്ധ്യ ശിവസേനയുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഗുലാം അലി വേണ്ടെന്നു വച്ചത്. രാഷ്ട്രീയ വടംവലികൾക്കില്ലെന്ന് പ്രഖ്യാപിച്ച് ഡൽഹിയിൽ നടത്താനിരുന്ന പരിപാടികളും അദ്ദേഹം ഉപേക്ഷിച്ചു. പക്ഷേ ഇന്ത്യയിലെ പൊതുസമൂഹത്തിന് അദ്ദേഹത്തിന്റെ കണ്ണീരോടു കൂടിയ മടക്കയാത്രയുണ്ടാക്കിയ വേദന ചെറുതായിരുന്നില്ല. പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാൾ ഗുലാം അലിയെ പാടാൻ വിളിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. ഇന്ത്യൻ ജനതയുടെ ആ സങ്കടത്തിന് അധികനാളത്തെ ആയുസുണ്ടായിരുന്നില്ല. ഇന്ത്യയില്‍ നിന്നു വന്ന ക്ഷണങ്ങളെ വീണ്ടുമൊഴിവാക്കാൻ ഗുലാം അലിയുടെ മനസിനും ആകുമായിരുന്നില്ല. അതുകൊണ്ടാണ് ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി ബംഗാളിലും പിന്നീടിപ്പോൾ കേരളത്തിലും അദ്ദേഹം പാടാനെത്തിയത്.

കേരളത്തിന്റെ സഹിഷ്ണുതാ മനോഭാവത്തിനുള്ള ഏറ്റവും സുന്ദരമായ അംഗീകാരമാണ് ഗുലാം അലിയുടെ ഗസൽ സന്ധ്യയെന്ന് നിസംശയം പറയാം. സലാം ഗുലാം അലി ഹാപ്പി വെല്‍കം എന്ന് ഒരേ സ്വരത്തിൽ കേരളം പറഞ്ഞതും. കേരളത്തിലെ ഇടതു വലതു രാഷ്ട്രീയ പക്ഷം ഒന്നിച്ചു നിന്ന് ഗുലാം അലിയെ വിമാനത്താവളത്തിൽ സ്വീകരിച്ചതും അഭിമാനകരം തന്നെ. തിരുവനന്തപുരത്തും കോഴിക്കോടും ഗുലാം അലി ഗസൽ അവതരിപ്പിക്കുന്ന വേദികളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും പാടാനനുവദിക്കില്ലെന്നും ശിവസേന വ്യക്തമാക്കിയിട്ടുണ്ട്. പതാൻകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണത്രേ ഈ നീക്കം. എന്ത് യുക്തിയാണ് ഈ വാദത്തിനു പിന്നിലെന്ന് മനസിലാകുന്നില്ല.

പാകിസ്ഥാൻകാരനായി പോയതുകൊണ്ട് ഗുലാം അലിയുടെ ഇന്ത്യയിലേ പാടിക്കില്ലെന്ന് പറയുന്നത് കപട ദേശസ്നേഹമാണ്. ഈ രാജ്യത്തെ സംഗീതം ഞങ്ങൾ കേൾക്കില്ല, ആ രാജ്യത്തെ നാടകവും സിനിമയും നൃത്തവും ‍ഞങ്ങൾ ആസ്വദിക്കില്ല എന്നു പറയാന്‍ മനുഷ്യരായി പിറന്ന ആർക്കുമാകില്ല. കാതിലേക്കൊഴുകിയെത്തുന്ന നാദത്തിനോട് അവിടെ നിൽക്ക് നിന്റെ കുലം തേടി പോയി മാത്രമേ ഞാൻ നിന്നെ കേൾക്കൂ എന്നു പറയുവാൻ ആർക്കുമാകില്ല. അതാണ് സംഗീതത്തിന്റെ ബലം. ലോകത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിന് വേണ്ടിയും അനീതിക്കെതിരെയും കലാകാരൻമാർ ഉയർത്തിയതോളം ശബ്ദം ഉയർത്താൻ ഇന്നോളമാർക്കുമായിട്ടുമില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.