Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല പാട്ടുകളുടെ സംവിധായകന് കാത്തിരുന്ന് കിട്ടിയ പുരസ്കാരം

m-jayachandran

'നീ റെയില്‍ തെറ്റിയോടുന്ന തീവണ്ടിയാണോ എന്നൊരു സംശയം' സംഗീതപ്രതിഭ ദേവരാജൻ മാസ്റ്ററുടേതാണ് ഈ വാക്കുകൾ. അടുത്തേക്ക് വന്ന് ഒരു കീർത്തനം നന്നായി പാടുകയും, എന്നാൽ സംഗീത സംവിധാനമാണ് എനിക്കിഷ്ടമെന്ന് പറയുകയും ചെയ്ത ചെറുപ്പക്കാരനെ അങ്ങനെയായിരുന്നു ദേവരാജൻ മാസ്റ്റർ വിശേഷിപ്പിച്ചത്. പക്ഷേ കുറുക്കുവഴികളില്ലാതെ, ആഡംബരങ്ങളില്ലാതെ, ഈണങ്ങൾക്കൊപ്പം തനിക്കു മുന്നിലിരിക്കുന്നയാൾ നടന്നുകൊള്ളും എന്നു മനസിലാക്കിയതോടെ പാടേണ്ട, സംവിധാനം ചെയ്താൽ മതിയെന്ന വാശി അംഗീകരിച്ചു നൽകി ഒപ്പംകൂട്ടി. ഇങ്ങനെ ദേവരാജൻ മാസ്റ്ററെ പോലുള്ള ഗുരുക്കൻമാരുടെ ചിറകിനടിയിൽ അനുസരണയുള്ള കുട്ടിയായി നിൽക്കുകയും, ഒരിക്കലും കേട്ടിട്ടില്ലാത്ത ഈണങ്ങളെ സ്വപ്നം കാണുകയും ചെയ്തതാണ് എം ജയചന്ദ്രനെന്ന സംഗീത സംവിധായകനെ വാർത്തെടുത്തത്. ഇപ്പോൾ അദ്ദേഹത്തെ തേടി രാജ്യത്തിന്റെ പുരസ്കാരവുമെത്തിയിരിക്കുന്നു.

എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ 'കാത്തിരുന്നു കാത്തിരുന്നു...' എന്ന പാട്ടിന് ഈണമിട്ട് രാജ്യത്തെ മികച്ച സംഗീത സംവിധായകനാകുമ്പോൾ അതിലൊരു അതിശയകരമായ വസ്തുതയുണ്ട്. സംഗീത സംവിധാനം എം ജയചന്ദ്രൻ എന്ന് കേൾക്കാൻ തുടങ്ങി രണ്ടു ദശാബ്ദക്കാലം പിന്നിട്ടപ്പോഴാണ് ദേശീയ പുരസ്കാരം ജയചന്ദ്രനെ തേടിയെത്തുന്നത്. കാത്തിരുന്ന് കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയ അവാർഡ് തന്നെയാണിതെന്ന് എം ജയചന്ദ്രനും പറയുന്നു. ഗുരുവായൂരിലെ കണ്ണൻ കയ്യിലേക്ക് കൊണ്ടു തന്ന സമ്മാനം. എം ജയചന്ദ്രൻ അച്ഛനെ മനസിലോർക്കുകയാണിപ്പോൾ. ഒരുപാടൊരുപാട് ഓർമകളും അനുഭവങ്ങളും ഉള്ളിലിപ്പോഴും സൂക്ഷിച്ചു വയ്ക്കുന്നതുകൊണ്ടു കൂടിയാണ് നല്ല സംഗീതം എം ജയചന്ദ്രനിൽ നിന്ന് പിറവികൊള്ളുന്നത്.

എഞ്ചിനീയർമാരുടെ വീട്ടിൽ നിന്ന്, അഞ്ചാം വയസിലാണ് മുല്ലമൂട് ഹരിഹരയ്യർ‌ ഭാഗവതർക്കു കീഴിൽ സംഗീതം പഠിക്കാനായി കുഞ്ഞു ജയചന്ദ്രൻ പോകുന്നത്. പിന്നീട് പെരുമ്പാവൂർ ജി രവീന്ദ്രനാഥും നെയ്യാറ്റിൻകര മോഹനചന്ദ്രനും സണ്ണി വത്സവും വത്സൻ സിങും നെയ്യാറ്റിൻകര മോഹനചന്ദ്രനുമെല്ലാം ജയചന്ദ്രന്‍റെ ഗുരുക്കൻമാരായി വന്നു. സ്റ്റുഡിയോയിലിരുന്ന് മ്യൂസിക് കണ്ടക്ട് ചെയ്യുന്നതിലെ ബാലപാഠങ്ങൾ പോലും അറിയാത്ത സമയത്താണ് ദേവരാജൻ മാസ്റ്റർ ജയചന്ദ്രനെ അസിസ്റ്റ് കണ്ടക്ടർ ആക്കുന്നത്. വൺ ടു ത്രീ എന്നു പോലും പറയാനാറിയാത്ത ആൾ ചെവിയില്‍ ഹെഡ്സെറ്റ് വച്ചപ്പോൾ കേട്ടത് സാക്ഷാൽ ഗാനഗന്ധർവൻ യേശുദാസിന്റെ സ്വരവും. ഇങ്ങനെ അപൂർവങ്ങളായ ഒരുപാട് മുഹൂർത്തങ്ങളെ കരിയറിന്റെ തുടക്കത്തിൽ അനുഭവിക്കാനായതും, മകനെ പോലെ സ്നേഹിക്കുന്ന ഈ ഗുരുക്കൻമാരെ കിട്ടിയതുമാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് പല വേദികളിൽ അദ്ദേഹം പറഞ്ഞിട്ടുമുണ്ട്.

എഞ്ചിനീയറിങ് ബിരുദധാരിയുടെ സംഗീത സ്വപ്നങ്ങൾക്ക് കൂടുതൽ നിറപ്പകിട്ട് വരുന്നത് കോളജ് കാലഘട്ടമാണ്. പ്രിഡിഗ്രി കാലത്ത് യൂണിവേഴ്സിറ്റി ക്വയറിൽ സംഗീതം ചിട്ടപ്പെടുത്താനെത്തിയ എം ബി ശ്രീനിവാസനാണ് ജയചന്ദ്രനെ ഏറെ സ്വാധീനിച്ചത്. സംഗീത സംവിധാനത്തിലെ ക്രിയാത്മകത വല്ലാതെ ആകർഷിച്ചതോടെ പാട്ടുകാരനാകേണ്ട ചിട്ടപ്പെടുത്തുന്നയാൾ ആയാൽ മതിയെന്ന് ഉറപ്പിച്ചു. സർവ്വകലാശാല കലോത്സവത്തിൽ നാലു പ്രാവശ്യം ശാസ്ത്രീയ സംഗീതത്തിൽ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ജയചന്ദ്രനുള്ളിലെ ഗായകന് പരിമിതികളുണ്ട്. ആ പരിമിതിക്കുള്ളിൽ നിന്ന് കുറേ നല്ല ഗാനങ്ങൾ പാടിത്തന്നിട്ടുമുണ്ട്.

അക്ഷരം എന്ന സിനിമയിലെ പാട്ടുകളുടെ റെക്കോർഡിങിന് പെരുമ്പാവൂർ ജി രവീന്ദ്രനാഥിനൊപ്പം ചെന്നൈയിലെ സ്റ്റുഡിയോയിലെത്തിയപ്പോഴാണ് നിനക്കെന്നെ അറിയാമോടാ എന്നു ചോദിച്ചുകൊണ്ട് ഗിരീഷ് പുത്തഞ്ചേരി ജയചന്ദ്രന് അരികിലേക്കെത്തുന്നത്. പിന്നീട് പുത്തഞ്ചേരി തന്നെയാണ് ജയചന്ദ്രനുള്ളിലെ 'സ്പാർക്കിനെ' സംവിധായകൻ സുനിലിനോട് പറയുന്നതും ചന്ത എന്ന സിനിമയിലൂടെ ആദ്യമായി സ്വതന്ത്ര സംവിധായകനാകാനുള്ള അവസരമൊരുങ്ങുന്നതും. ജയചന്ദ്രനുള്ള സംഗീതത്തിനുള്ള വരികളെ മനസിൽ കുറിച്ച് അത് തന്നെക്കൊണ്ടു തന്നെ പകർത്തിയെഴുതിക്കുമായിരുന്നു പുത്തഞ്ചേരി. ഈ കൂട്ടുകെട്ടിൽ നമ്മൾ കേട്ട എല്ലാ ഗാനങ്ങളും മനസു കീഴടക്കി.

ആദ്യ ചിത്രത്തിനു പിന്നാലെ കൈ നിറയെ ഹിറ്റ് ചിത്രങ്ങൾ ജയചന്ദ്രനിലേക്കു വന്നു. പക്ഷേ അതൊരു വസന്തമായിരുന്നില്ല. താഴ്ചകളുമുണ്ടായി. ആ വീഴ്ചകളെ അതേ പടി ഉൾക്കൊള്ളുകയും തന്റെ കയ്യൊപ്പ് പതിയുന്ന ഈണങ്ങൾ വേണമെന്ന ഉറച്ചുവിശ്വസിക്കുകയും ചെയ്തിടത്താണ് എം ജയചന്ദ്രനിലെ വിജയഗാഥ തുടങ്ങുന്നത്. ജയചന്ദ്രൻ സംഗീത സംവിധായകനായി എത്തുമ്പോഴും പ്രതിഭകളുടെ ഒരു വലിയ നിര മലയാളത്തിലുണ്ടായിരുന്നു. വ്യത്യസ്തങ്ങളായ, പാളിച്ചകളില്ലാതെ, കേൾവി സുഖം കളയാതെ ഉപയോഗിക്കുവാനുള്ള കഴിവാണ് എം ജയചന്ദ്രനെ വേറിട്ട് നിർത്തുന്നതും. തനി നാടൻ വരികൾക്ക് തീർത്തും കാൽപനികമായ ഈണം പകരുവാനും കവിത തുളുമ്പുന്ന ഈരടികളെ രസക്കൂട്ടുള്ള താളം പകരാനും ജയചന്ദ്രന് അതിസുന്ദരമായി സാധിക്കും. മണിക്കുയിലേ...മണിക്കുയിലേ...എന്ന ഗാനവും ബാലേട്ടനിലെ കറു കറുത്തൊരു പെണ്ണാണ് എന്ന പാട്ടും ചില ഉദാഹരണങ്ങൾ മാത്രം.

ഈണങ്ങളുടെ കാര്യത്തിൽ മാത്രമല്ല, പാട്ടു പാടുന്നവരുടെ കാര്യത്തിലും അദ്ദേഹം നിഷ്കർഷയുണ്ടായിരുന്നു. യേശുദാസിന്റെയും ചിത്രയുടെയും സുജാതയുടെയും സ്വരത്തിലെ ഏറ്റവും വശ്യമായ ഭാവങ്ങളെ താൻ സൃഷ്ടിച്ച ഈണങ്ങളെ ചേർത്തുവച്ച സംഗീത സംവിധായകൻ അതുപോലെ സുന്ദരമായി ഉപയോഗപ്പെടുത്തിയ സ്വരം ശ്രേയാ ഘോഷാലെന്ന ബംഗാളി ഗായികയുടേതാണ്. ഇപ്പോൾ ശ്രേയ പാടിയ പാട്ടിനു തന്നെയാണ് ജയചന്ദ്രന് ദേശീയ പുരസ്കാരം ഇപ്പോൾ കിട്ടിയതും.

mj-with-mohanlal എം ജയചന്ദ്രനും കുടുംബത്തോടുമൊപ്പം മോഹൻലാൽ. എം ജയചന്ദ്രൻ സംഗീത ജീവിതത്തിൽ ഇരുപത് വർഷം പൂർത്തിയാക്കിയ വേളയിൽ അനുമോനങ്ങളുമായി വീട്ടിലെത്തിയതായിരുന്നു മോഹൻലാൽ. ചിത്രത്തിനു കടപ്പാട് :ഫേസ്ബുക്ക്

സംഗീതത്തിന് ആത്മാവ് സമർപ്പിച്ച സംഗീത സംവിധായകനെ തേടി അർഹമായ അംഗീകാരമാണ് വന്നെത്തിയിരിക്കുന്നത്. അവാർഡുകൾ ബോണസാണെന്ന് വിശ്വസിക്കുന്നയാൾക്ക് വലിയ പുരസ്കാരം കിട്ടിയത് വൈകിയാണ്. സംഗീതത്തെ കുറിച്ച് ആഴത്തിലുള്ള അറിവും കാമ്പുള്ള പരീക്ഷണങ്ങൾ ചെയ്യാനുമുള്ള മനസുമുള്ള ഈ സംഗീത സംവിധായകൻ കാലഘട്ടത്തിന്റെ സ്വത്താണ്. സിനിമയിൽ ജീവിതഗന്ധിയായ മുഹൂർത്തങ്ങൾ വന്നാൽ അവിടെ നല്ല സംഗീതാവിഷ്കാരം സൃഷ്ടിക്കാൻ പുതിയ കാലഘട്ടത്തിലുമുണ്ട് സംഗീത സംവിധായകർ. ജയചന്ദ്രൻ അക്കൂട്ടത്തിലൊരാളാണ്. വരികളുടെ അർഥതലങ്ങളിലൂടെ മറ്റെല്ലാം മറന്ന് ശുദ്ധ സംഗീതവുമായി പ്രയാണം തുടരാൻ ഇനിയുമദ്ദേഹത്തിന് സാധിക്കട്ടെ.

Your Rating: