മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ നിന്ന് മറ്റൊരു മനോഹര ഗാനം കൂടി പുറത്തിറങ്ങി. അത്തിമരക്കൊമ്പിലെ എന്ന പാട്ടിന്റെ വിഡിയോ ആണു പുറത്തുവന്നത്. തളിർത്തു നിൽക്കുന്ന മുന്തിരി വള്ളികളുടേതു പോലെ ഭംഗിയാക്കി തീർക്കണം കുടുംബ ജീവിതം എന്നു പറയുന്നു ഈ വിഡിയോ. വിജയ് യേശുദാസും ശ്രേയാ ഘോഷാലും പാടിയ പാട്ടിന്റെ ഓഡിയോ നേരത്തെ തന്നെ വൻ ജനപ്രീതി നേടിയിരുന്നു. കേൾക്കാനും കാണാനും കാത്തിരുന്നൊരു മോഹൻലാൽ പാട്ടു തന്നെയാണിത്. അത്രയ്ക്കു യാഥാർഥ്യതയോടെയാണ് മോഹൻലാൽ പാട്ടിന്റെ രംഗത്തിൽ നിറഞ്ഞാടുന്നത്.
മോഹൻലാലും മീനയും പിന്നെ മക്കളും അടങ്ങുന്ന കുടുംബം ഉല്ലാസ യാത്ര പോകുന്നതാണ് പാട്ടിന്റെ പശ്ചാത്തലം. ഗാനത്തിന്റെ ദൃശ്യങ്ങൾ ആരംഭിക്കുന്നതു തന്നെ അതിമനോഹരമായൊരു പ്രകൃതി ദൃശ്യത്തിലേക്കാണ്. അതിനൊപ്പം ഭാവാർദ്രമായി മണിക്കിലുക്കം പോലുള്ള സ്വരം കൊണ്ട് ശ്രേയയുടെ ആലാപനവും ആരംഭിക്കുന്നു. മോഹൻലാൽ കഥാപാത്രത്തിന് ഏറെ ചേർന്നു നിൽക്കുന്നു വിജയ് യേശുദാസിന്റെ സ്വരവും.
എം ജയചന്ദ്രൻ ഈണമിട്ട പാട്ട് എഴുതിയത് റഫീഖ് അഹമ്മദാണ്. ജിബു ജേക്കബ് സംവിധാനം ചെയ്ത ഈ കുടുംബ ചിത്രം സോഫിയ പോൾ ആണു നിർമ്മിച്ചത്.