Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഎസിനായി എന്തിന് പാട്ടൊരുക്കി? - ബിജിബാല്‍ പറയുന്നു

bijipal

കയ്യൂരുള്ളൊരു സമരസഖാവിന് വിയ്യൂരെന്നൊരു ഭയമില്ല....സമര ലഹരിയിലാരോ പറത്തിവിട്ടൊരു വരികള്‍ പിന്നീട് പാട്ടായി മാറിയെന്നാണ് പലരും ചിന്തിച്ചിരിക്കുക. അവകാശമുന്നയിച്ച് ആരുമെത്താത്തൊരു പാട്ടായിരുന്നു ഈ അടുത്തകാലം വരെയിത്. വിപ്ലവവീര്യം ഒരുപാടുള്ള വടക്കന്‍ മണ്ണില്‍ ഏറെ പ്രചാരം നേടിയ ഗാനം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ബിജിബാലും അദ്ദേഹത്തിന്റെ ഗായകസംഘവും ചേര്‍ന്ന് പുതിയ ഭാവത്തില്‍ പുതിയ താളത്തില്‍ അവതരിപ്പിക്കുകയുണ്ടായി. കേരളമൊട്ടുക്ക് അലയടിക്കുകയാണ് ഈ ഗാനം. എഴുപത്തിയേഴ് വര്‍ഷത്തിലധികമായി കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സഖാവ് വി എസ് അച്യുതാനന്ദന് ഒരു സ്‌നേഹാദര സമ്മാനമായിട്ടാണ് ബിജിബാല്‍ ആല്‍ബം പുറത്തിറക്കിയത്.

വി എസ് ആരാധകരായ കുറച്ചു പേര്‍ ചേര്‍ന്ന് 2008ല്‍ നിര്‍മിച്ച ഒരു ആല്‍ബത്തിലേക്കായാണ് ബിജിബാല്‍് ആദ്യം ഈ പാട്ട് ചെയ്യുന്നത്. അതിനു ശേഷം പിന്നെയതിനെ കുറിച്ചു ചിന്തിച്ചിരുന്നേയില്ല. അടുത്തിടെ ഒരു സുഹൃത്ത് മൊബൈലില്‍ ഈ പാട്ടു കേള്‍പ്പിച്ചിട്ട് ബിജിബാലിനോട് തന്നെ ചോദിച്ചു, ഇതാരാണ് ചെയ്തതെന്ന് അറിയാമോയെന്ന്. അപ്പോഴാണ് മനസിലാക്കിയത് നാഥനില്ലാത്ത ഗാനമായിട്ട് അത് മാറിക്കഴിഞ്ഞുവെന്ന്. അതുകൊണ്ടാണ് വയലാര്‍ ശരത് ചന്ദ്ര വര്‍മയെഴുതി താന്‍ ഈണമിട്ട പാട്ടിന് ഒരു പുനരവതരണം നല്‍കാന്‍ ബിജിബാല്‍ തീരുമാനിച്ചത്. ആദ്യം ഈ പാട്ടുള്‍പ്പെട്ട ആല്‍ബം നിര്‍മ്മിച്ചത് വിഎസ് അച്യുചാനന്ദന്റെ ആരാധകരായിരുന്നുവെങ്കില്‍ ഇത്തവണ അത് ബോധി സൈലന്‌റ് സ്‌കേപ് ആണ് ചെയ്തത്. ഒരു പത്ര സമ്മേളനത്തിനിടെ വി എസ് തന്നെ പാട്ടിന്റെ പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു.

വിഎസ് അഭിവാദ്യം ചെയ്ത പാട്ടിന് തന്നെ പോലും അത്ഭുതപ്പെടുത്തിയ പ്രതികരണമാണ് ലഭിച്ചത്. അടുത്തിടെയൊന്നും ഇത്തരമൊരു അനുഭവം മറ്റൊരു പാട്ടും തന്നിട്ടില്ല. വടക്കന്‍ ജില്ലകളില്‍ ഗാനമേള അവതരിപ്പിക്കാനെത്തുന്നവരെക്കൊണ്ട് നിര്‍ബന്ധിച്ച് ഈ പാട്ട് പാടിക്കാറുണ്ടെന്നൊക്കെ ഇപ്പോഴാണ് അറിയുന്നത്. ഇന്നത്തെ രാഷ്ട്രീയക്കാരില്‍ തനിക്കേറ്റവും പ്രിയപ്പെട്ടയാളാണ് വി എസ്. ഈ ആല്‍ബം കണ്ട് അദ്ദേഹത്തിന് സന്തോഷമായിക്കാണും എന്ന് കരുതുന്നു. ആല്‍ബം പ്രകാശനം ചെയ്ത ശേഷം അഭിവാദ്യം ചെയ്താണ് മടങ്ങിയത്. ഒരുപാട് തിരക്കിനിടയില്‍ ആല്‍ബം പ്രകാശനത്തിന് സമയം കണ്ടെത്തിയതു തന്നെ വലിയ കാര്യമാണ്. നല്ലൊരു ചെഞ്ചുവപ്പന്‍ പാട്ട് പാടിയ അനുഭവത്തെ കുറിച്ച് ആദരവോടെ ബിജിബാല്‍ പറഞ്ഞു.

സിനിമാക്കാരിലേക്ക് രാഷ്ട്രീയമെല്ലാക്കാലത്തും എത്തിച്ചേര്‍ന്നിട്ടുണ്ട്. പക്ഷേ പാട്ടുകാരിലേക്ക് അതുണ്ടാകാത്തത് അവര്‍ കുറച്ചു കൂടി വ്യക്തികേന്ദ്രീകൃതമായതുകൊണ്ടാകാം എന്നാണ് ഇദ്ദേഹത്തിന്‌റെ അഭിപ്രായം. ഈ പാട്ട് പുറത്തു വന്നതിനു ശേഷം സംഗീതജ്ഞരായ കുറച്ചു സുഹത്തുക്കളൊക്കെ വിളിച്ചു പറയുന്നത് അവര്‍ക്ക് കമ്യൂണിസം എന്താണെന്ന് അറിയില്ലെങ്കിലും പാട്ടിലെ ഊര്‍ജ്ജം ഒരുപാടിഷ്ടമായെന്നാണ്. ബിജിബാല്‍ പറഞ്ഞു. തന്റെ രാഷ്ട്രീയമെന്തെന്ന് പ്രശസ്തരില്‍ ഒരു വലിയ വിഭാഗം തുറന്നു പറയുവാന്‍ മടികാണിക്കുന്നിടത്താണ് ബിജിബാല്‍ തനിക്കേറ്റവുമിഷ്ടപ്പെട്ട നേതാവിന് സമര്‍പ്പിച്ചുകൊണ്ടൊരു പാട്ട് തന്നെ വീണ്ടും ചെയ്യുന്നത്. എങ്കിലും രാഷ്ട്രീയത്തിലേക്കെത്തുവാന്‍ ബിജിബാലിന് തീരെ താല്‍പര്യമില്ല. തന്റെ ഭാഷ സംഗീതമാണ്. അതിലൂടെ മുന്നോട്ട് പോകുവാനാണ് താല്‍പര്യവും. രാഷ്ട്രീയവും വ്യക്തമായ സാമൂഹിക കാഴ്ചപ്പാടും എപ്പോഴുമുണ്ടാകും. അത് പറയേണ്ടിടത്ത് പറഞ്ഞാല്‍ മതിയല്ലോ. ബിജിബാല്‍ വ്യക്തമാക്കി. 

Your Rating: