Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോപ്പിയടി!മുപ്പത്തിയഞ്ച് ലക്ഷം കോപ്പികൾ വിറ്റ പാട്ടിനെതിരെ 133 കോടിയുടെ കേസ്

ed-sheeran

ഗ്രാമി ജേതാവായ ബ്രിട്ടീഷ് ഗായകൻ എഡ് ഷീറന്റെ ഹിറ്റ് പാട്ട് ഫോട്ടോഗ്രാഫ് കോപ്പിയടി വിവാദത്തിൽ. അമേരിക്കയിൽ മാത്രം 35 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ പാട്ട്, മാർട്ടിൻ‌ ഹാരിങ്ടൺ, തോമസ് ലിയോനാർഡ് എന്നിവർ ചേർന്നെഴുതി മാറ്റ് കാഡിൽ ഈണമിട്ട് ആലപിച്ച അമേസിങ് എന്ന ഗാനത്തിന്റെ കോപ്പിയാണെന്നാണ് ആരോപണം. 20 മില്യൺ യുഎസ് ഡോളർ (ഏകദേശം 133 കോടി രൂപ) നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഇവർ ഷീറനെതിരെ കേസ് കൊടുത്തിരിക്കുകയാണ്. 

സംഗീത റിയാലിറ്റി ഷോ ആയ എക്സ് ഫാക്ടറിന്റെ 2010 സീസൺ വിജയിയായ മാറ്റ് കാഡിലിന്റെ മൂന്നാമത്തെ സിംഗിളാണ് 2009 ൽ പുറത്തിറങ്ങിയ അമേസിങ്. രണ്ടുപാട്ടുകളുടെയും കോറസിലും മ്യൂസിക്കൽ നോട്ടുകളിലും അസാധാരണമായ സമാനതയുണ്ടെന്നാണ് പരാതിക്കാരുടെ വാദം. 

കേസിൽ ജയിക്കണമെങ്കിൽ കോടതിയിൽ നല്ല പോരാട്ടം തന്നെ എഡ് ഷീറൻ നടത്തേണ്ടി വരും. പകർപ്പവകാശ കേസുകളില്‍ ഉഗ്രൻ വിജയം നേടി ചരിത്രമുള്ള അഭിഭാഷകൻ റിച്ചാർഡ് ബസ്ക് ആണ് പരാതിക്കാർക്കുവേണ്ടി വാദിക്കാനെത്തുന്നത്. റോബിൻ തിക്കെ, ഫാരൽ വില്യംസ് എന്നിവർക്കെതിരെ മാർവിൻ ഗയെയുടെ കുടുംബം നൽകിയ കേസിലും ബസ്ക് ആയിരുന്നു അഭിഭാഷകൻ. ഗയെ 1977ൽ പുറത്തിറക്കിയ ഗോട് റ്റു ഗീവ് ഇറ്റ് അപ് എന്ന ഗാനത്തിന് സമാനമാണ് 2013ൽ തിക്കെയും വില്യംസും ചേർന്ന് ചെയ്ത പാട്ട് എന്നതായിരുന്നു കേസ്. ഗയെയ്ക്ക് 7.4 മില്യൺ ഡോളറാണ് പിഴയായി വില്യംസും തിക്കെയും നൽകേണ്ടി വന്നത്. 

2009ലാണ് അമേരിക്കൻ സംഗീതജ്ഞരായ ഹാരിങ്ടണും ലിയോനാർഡും ചേർന്ന് അമേസിങ് എന്ന പാട്ടിന് ഈണമിട്ടത്. ബ്രിട്ടനിൽ ഈ പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. യുകെ ചാർട്ടിൽ 84ാം സ്ഥാനത്തായിരുന്ന പാട്ട് യുട്യൂബിൽ പത്തുലക്ഷത്തിലേറെപ്പേർ കാണുകയും ചെയ്തു. എന്നാൽ ഷീറന്റെ പാട്ട് ഇതുവരെ 208 മില്യൺ പ്രാവശ്യമാണ് ലോകം കണ്ടത്. വിപണിയിലും നന്നായി വിറ്റഴിഞ്ഞു. മീ ഫോർ യൂ എന്ന സിനിമയിൽ ഈ ഗാനം ഉപയോഗിക്കുകയും ചെയ്തു.. ഈ വ്യത്യാസമാണ് ഇവരെ കേസിനു പോകാന്‍ പ്രേരിപ്പിച്ചത്.

എന്തായാലും മാറ്റ് കാഡില്‍ നിയമ യുദ്ധത്തിൽ പങ്കാളിയല്ല. കോടതിക്ക് പുറത്ത് സാമ്പത്തിക നഷ്ടപരിഹാരം ഉറപ്പു വരുത്തി കേസ് തീർക്കാനും ഇവർ തയ്യാറാണ്. എഡ് ഷീറൻ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. എഡ് ഷീറന് സമാനമാണ് ജസ്റ്റിൻ ബീബറിന്റെയും സ്ക്രിലെക്സിന്റെയും കാര്യം. 2015ൽ പുറത്തിറങ്ങിയ ഇവരുടെ പോപ് ഹിറ്റ് ഗാനം സോറിക്കെതിരെ വൈറ്റ് ഹിൻഡർലാൻഡ് കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഹിന്റർലാൻഡിന്റെ റിങ് ദി ബെൽ എന്ന പാട്ടിനു സമാനമാണ് സോറി എന്നാണ് വാദം.

Your Rating: