Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളി കഴിഞ്ഞു, ഇന്ത്യ ജയിച്ചു എന്നിട്ടും ഈ കളി തീരുന്നില്ലല്ലോ...‌

bachan-shafaqat

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ‌സിൽ‌ നടന്ന ലോക കുട്ടിക്രിക്കറ്റിൽ ഇന്ത്യ പാകിസ്ഥാനെ തോൽപിച്ചു. വാദങ്ങളെയും പ്രതിവാദങ്ങളെയും അടിച്ചുപറത്തി തകർപ്പൻ ജയം. കളി ജയിച്ചതിന്റെയും തോറ്റതിന്റെയും ബാക്കിക്കളികൾ ഇരു രാജ്യത്തിന്റെയും ക്രിക്കറ്റ് കൂടാരങ്ങളിൽ പുരോഗമിക്കുമ്പോൾ പുറത്ത് ഒരു പ്രശ്നം ഇനിയും കെട്ടടിങ്ങിട്ടില്ല. കളി തുടങ്ങും മുൻപ് ദേശീയ ഗാനം ആലപിച്ചതിനെ ചൊല്ലിയുള്ള അലയൊലികള്‍ അടങ്ങുന്നില്ല. ഇന്ത്യയ്ക്ക്് വേണ്ടി അമിതാഭ് ബച്ചനും പാകിസ്ഥാന് വേണ്ടി ഷഫാഖത് അമാനതുമായിരുന്നു ദേശീയ ഗാനം പാടിയത്. ഇരുവർക്കും പാടിത്തീരും മുൻപ് പ്രശ്നങ്ങളായെന്ന് പറഞ്ഞാൽ മതിയല്ലോ.

അമ്പത്തിരണ്ട് സെക്കൻഡ് കൊണ്ട് ആലപിക്കാൻ സാധിക്കുന്ന നമ്മുടെ ദേശീയ ഗാനം പാടാൻ നാലു കോടി രൂപ വാങ്ങിയെന്നാണ് ബച്ചനെതിരെ‌യുള്ള ആരോപണം. പ്രഗത്ഭനായ ഗായകാനാണെങ്കിലും പാടിക്കുളമാക്കിയെന്നാണ് ഷഫാഖത് നേരിട്ട പ്രശ്നം. വരികൾ തെറ്റിച്ചു പാടി, ശരിയായ ഉച്ഛാരണം ആയിരുന്നില്ല, സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു തുടങ്ങിയ വാദങ്ങളുമായി പാകിസ്ഥാനിലെ സോഷ്യൽ മീഡിയ ഷഫാഖതിനെതിരെ വാളോങ്ങുകയാണ്. അടുത്ത സുഹൃത്തുക്കൾ പോലും ഷഫാഖതിനെ വെറുതെ വിട്ടില്ല. ആരോപണങ്ങൾക്ക് കൃത്യമായി മറുപടി പറയാൻ നിൽക്കാതെ മാപ്പു പറഞ്ഞ് പ്രതിരോധം തീർത്തു ഷഫാഖത്.

ആ അഭിനയം പോലെ ശ്രേഷ്ഠമായിരുന്നു ബച്ചന്റെ ദേശീയ ഗാനാലാപനം. പക്ഷേ അദ്ദേഹം നാലു കോടി രൂപയാണ് ദേശീയ ഗാനം പാടാൻ ബച്ചന് പ്രതിഫലം വാങ്ങിയതെന്ന വാർത്ത പടർന്നതോടെ ഈഡൻ ഗാർഡൻസിൽ ഉയർന്നു പൊങ്ങിയതിനേക്കാൾ ഉയരത്തിലാണ് വിമർശന ശരങ്ങൾ അദ്ദേഹത്തിനെതിരെ ചെന്നത്. എന്നാൽ ഇതെല്ലാം കഴിഞ്ഞപ്പോഴാണ് എന്താണ് ഇതിന്റെ സത്യാവസ്ഥയെന്ന് എല്ലാവര്‍ക്കും അറിയാൻ കഴിഞ്ഞത്. ബച്ചൻ ഒരു രൂപ പോലും ഇക്കാര്യത്തിനായി പ്രതിഫലം ആവശ്യപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, മുപ്പത് ലക്ഷം രൂപ സ്വന്തം കൈയിൽ നിന്ന് ചെലവാക്കിയാണ് കൊൽക്കത്തയിൽ വന്നതും പാടിയതും തിരിച്ചുപോയതും . ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാലും മണിക്കൂറുകൾ കൊണ്ട് ബച്ചനെ സോഷ്യൽ മീഡിയ വലിച്ചു കീറിയെന്ന് പറ‍ഞ്ഞാൽ മതിയല്ലോ. അഭിമാനത്തോടെ മനോഹരമായി ദേശീയ ഗാനം പാടിത്തീർത്തിട്ട് ട്വിറ്ററിൽ ഇക്കാര്യത്തെ കുറിച്ച് രൂക്ഷമായി പ്രതികരിക്കേണ്ടി വന്നു ബച്ചന്.

തൊട്ടതെല്ലാം പൊന്നാക്കി എന്നു പറയുന്ന പോലെ ഇന്ത്യയും പാകിസ്ഥാനും എപ്പോൾ ക്രിക്കറ്റിൽ ഏറ്റുമുട്ടിയാലും തൊടുന്നതെല്ലാം വിവാദമാകും. ദേശീയ ഗാനത്തിന്റെ കാര്യത്തിലും അത് തെറ്റിയില്ല.

Your Rating: