Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരിവരാസനം അവകാശത്തിന് ജാനകിയമ്മയുടെ മകൾ

പണമോ പ്രശസ്തിയോ ഒന്നും മോഹിച്ചല്ല. ആരാണ് ഭഗവാന്റെ ഉറക്കുപാട്ട് എഴുതിയതെന്നതിന് ഉത്തരമുണ്ടാകണം. ധർമശാസ്താവിന്റെ ഉറക്കുപാട്ട് ‘ഹരിവരാസനം’ എഴുതിയത് എന്റെ അമ്മ ജാനകിയമ്മയാണ്. അല്ലെന്നു പറയുന്നത് അമ്മയുടെ ആത്മാവിനോടു ഈ നാടു ചെയ്യുന്ന വഞ്ചനയായിരിക്കും’. ഹരിവരാസനം എഴുതിയതെന്ന് അവകാശപ്പെടുന്ന പുറക്കാട് കോന്നകത്ത് വീട്ടിൽ ജാനകിയമ്മയുടെ മകൾ ബാലാമണിയമ്മ (75) പറയുന്നു. ‘അമ്മയുടെ അച്ഛൻ അനന്തകൃഷ്ണ അയ്യർ ശബരിമലയിൽ പൂജാരിയും വലിയ വെളിച്ചപ്പാടുമായിരുന്നു. അപ്പൂപ്പൻ അയ്യപ്പസ്വാമിയുടെ കഥകൾ കുഞ്ഞുന്നാളിൽതന്നെ അമ്മയോടു പറയുമായിരുന്നു. ഭക്തയായ അമ്മ മുപ്പതാംവയസിലാണ് കീർത്തനമെഴുതിയത്.

നടയിൽ സമർപ്പിക്കാൻ തീരുമാനിച്ചതിനാൽ പേരു വച്ചില്ല. ഇതാണു പിന്നീട് തർക്കത്തിനു കാരണമായത്. സ്ത്രീകൾക്കു പ്രവേശന നിയന്ത്രണമുള്ള അയ്യപ്പസന്നിധിയിൽ, അയ്യനെ പാടിയുറക്കുന്നത് സ്ത്രീയെഴുതിയ താരാട്ടുപാട്ടാണെന്നതു ചരിത്രവസ്തുതയാണ്. അത് ഇനിയെങ്കിലും തെളിയിക്കപ്പെടണം.’ ജാനകിയമ്മയാണ് ഹരിവരാസനം എഴുതിയതെന്നതിന് സാഹചര്യങ്ങളുടെ പിന്തുണയുണ്ടെങ്കിലും ദേവസ്വം ഓംബുഡ്സ്മാൻ അവരുടെ കുടുംബം നൽകിയ നിവേദനം തള്ളുകയായിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡും സാഹിത്യ അക്കാദമിയും ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല. പ്രതീക്ഷ കൈവിടാതെ പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റിനെ കാണാനിരിക്കുകയാണ് ബാലാമണിയമ്മ. ‘കമ്പക്കുടി അയ്യരുടെയും പേര് പറയുന്നുണ്ട്. അതു ശരിയല്ല. കീർത്തനം അച്ചടിച്ച പുസ്തകത്തിൽ സമ്പാദകൻ എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പേര് ചേർത്തിരിക്കുന്നത്. അമ്മയുടെ നാടായ പുറക്കാടുള്ള ഭജനസംഘമാണ് ഹരിവരാസനം ആദ്യമായി ആലപിച്ചത്. സ്വാമി അയ്യപ്പൻ എന്ന സിനിമയിലൂടെ പിന്നീട് കീർത്തനം ഏറെ പ്രശസ്തമായി.’...

ജാനകിയമ്മയുടെ 12 മക്കളിൽ ചേർത്തലയിൽ കഴിയുന്ന ബാലാമണിയമ്മ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. കെ.എസ്. പുരുഷോത്തമൻപിള്ളയുടെ മകൻ പി. മോഹൻകുമാറാണ് ബാലാമണിയമ്മയ്ക്കൊപ്പം കീർത്തനത്തിന്റെ രചനാവകാശം സ്ഥാപിച്ചുകിട്ടാനായി രംഗത്തുള്ളത്. ബാലാമണിയമ്മയെ സന്ദർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ഇക്കാര്യത്തിൽ സഹായിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.