Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ചെണ്ടകൊട്ട് കേട്ടാലറിയാം...കലിപ്പാണെന്ന്

kali-movie

ഒരു ചിത്രത്തിലെ കഥാപാത്രത്തിന്റെ പ്രസക്തിയെ പ്രേക്ഷകനിലേക്ക് പൂർണമായും ഉൾക്കൊള്ളിക്കുന്നതിൽ അതിലെ പശ്ചാത്തല സംഗീതത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. മൂക്കിന്റെ തുമ്പത്തെ 'റൊമാന്റിക് കലിയുമായി നമുക്ക് മുന്നിലേക്കെത്തിയ സിദ്ധാർഥിനെ കുറിച്ചോർക്കുമ്പോൾ ഗോപീ സുന്ദർ നൽകിയ പശ്ചാത്തല സംഗീതവും മനസിലേക്ക് വരുന്നില്ലേ. അയാൾക്കുള്ളിലെ ശൗര്യത്തിന്റെ ഭാവം എത്രമാത്രം ആഴമുള്ളതാണെന്നും അത് അയാൾക്ക് ചുറ്റുമുള്ളവരിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്നും ആ സംഗീതത്തിന് സംവദിക്കാനാകുന്നുണ്ട്. സമീർ താഹിർ ദുൽഖർ സൽമാനേയും സായി പല്ലവിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച കലി ചിത്രം കാണുമ്പോഴും കണ്ടിറങ്ങുമ്പോഴും ആ താളം കാതിൽ മുഴങ്ങും. മലയാളം ഇഷ്ടപ്പെടുന്ന നായക കഥാപാത്രങ്ങളിലൊന്നായി സിദ്ധാർഥ് മാറിക്കഴിഞ്ഞു. തീർത്തും റിയലിസ്റ്റിക് ആയ കഥാപാത്രം. ആ വേഷത്തെ ദുൽഖർ സൽ‌മാൻ കൈപ്പിടിയിലൊതുക്കിയിട്ടുമുണ്ട്. ഈ സംഗീതവും അതുപോലെ തന്നെ. പ്രേക്ഷകന്റെ മനസ് പിടിച്ചെടുത്തുകഴിഞ്ഞു. ഇത് കലിയുടെ താളമാണെന്ന് മനസിനുള്ളിൽ പതിഞ്ഞു കഴിഞ്ഞു.

നമ്മുടെ സാധാരണ ജീവിതം തന്നെയെടുക്കൂ. ഒരുപാട് ദേഷ്യം കാണിക്കുന്നൊരാളെ കാണുമ്പോൾ നമ്മുടെ നെഞ്ചും വല്ലാതെയങ്ങ് പിടയാറില്ലേ. അത് പുറത്തുകാണിക്കാതിരിക്കാൻ പാടുപെടാറില്ലേ...അവരുടെ പെരുവിരലിൽ നിന്ന് ഇരച്ചു കയറി തലച്ചോറിനെ പിടിച്ചടക്കുന്ന കലിയുടെ ഭാവഭേദം നമുക്കുള്ളിലും ചലനമുണ്ടാക്ക‌ും. കൊട്ടിക്കയറി എല്ലാം തച്ചുടക്കം വരെ നിലയ്ക്കാത്ത തുടരുന്ന ചെണ്ടയുടെ ദ്രാവിഡ താളം കാതിലിരച്ചു കയറുന്നതു പോലെ തോന്നിയിട്ടില്ലേ. സിദ്ധാർഥിന്റെ കാര്യവും അങ്ങനെ തന്നെ. ദേഷ്യം കയറിയാൽ നശിപ്പിച്ചേ അടങ്ങൂ സിദ്ധാർഥ്. കയ്യകലത്തിരിക്കുന്ന റിമോട്ട് കൺട്രോളറിനോടും മുന്നിൽ നിൽക്കുന്ന മനുഷ്യനോടും അന്നേരം പെരുമാറുക ഒരേപോലെ. അത്തരത്തിലുള്ളൊരു കഥാപാത്രത്തിന് ജീവസുറ്റ സംഗീതം തന്നെ പകരണമല്ലോ. സിദ്ധാർഥിനെ പോലെ ഗോപീ സുന്ദറിന്റെ പശ്താത്തല സംഗീതം മലയാളി ഇഷ്ടപ്പെടുന്നുവെങ്കിൽ അതിത്രയും റിയലിസ്റ്റിക് ആയതുകൊണ്ടു തന്നെ. സുന്ദരമായ പശ്താത്തല സംഗീതം ചലച്ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ വളരെ സൂക്ഷിച്ച് വേണ്ടിടത്തു മാത്രം ഉപയോഗിച്ചതിലൂടെ ചിത്രം സൃഷ്ടിക്കുന്ന മൂഡിൽ നിന്ന് ഒരിക്കലും പ്രേക്ഷകൻ മാറിനടക്കുന്നേയില്ല...