Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺഭംഗിയിൽ മനീഷ കൊയ്‌രാള പ്രണയം തേടി ഉത്തര ഉണ്ണി

edavappathy-songs

പ്രമേയത്തിലും അവതരണത്തിലും വേറിട്ടൊരിടം നേടിയെടുത്തുകൊണ്ട് പുതിയൊരു ലെനിൻ രാജേന്ദ്രൻ ചലചിത്രം കൂടി മലയാളത്തിലേക്കെത്തുകയാണ്. മനീഷ കൊയ്‍രാളയുടെ സാന്നിധ്യത്തിനപ്പുറം മോഹൻലാൽ ചിത്രം യോദ്ധയിലൂടെ മലയാളിയുടെ ഉണ്ണിക്കുട്ടനായി മാറിയ സിദ്ധാര്‍ഥ് ലാമ നായക കഥാപാത്രമാകുന്ന, നടി ഊർമ്മിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി നായികയാകുന്ന സിനിമയാണിത്. രമേശ് നാരായണനും മോഹൻ സിത്താരയും ഈണമിട്ട്, മലയാളത്തിലെ ഏറ്റവും സുന്ദരമായ നാല് പെൺ ശബ്ദങ്ങളെ കൊണ്ട് പാടിച്ച ഹൃദ്യമായ നാല് മെലഡികളും ചിത്രത്തിലുണ്ട്. പാട്ടുകളെല്ലാം ആവർത്തിച്ചാവർത്തിച്ച് കേൾക്കുമ്പോൾ, കണ്ടിരിക്കുവാൻ അതിന്റെ ദൃശ്യങ്ങളുമെത്തി. വേനലിന്റെ ചിറകിലേറി, രതി സുഖ സാരേ എന്നീ ഗാനങ്ങളുടെ ദൃശ്യങ്ങൾ ചുവർ ചിത്രങ്ങൾ പോലെ സുന്ദരമാണ്.

ബുദ്ധഭിക്ഷുവിനെ പ്രണയിച്ച പെൺകുട്ടി. വേനലിന്റെ ചിറകിലേറി പ്രണയം തേടിയുള്ള, യാത്രയിലാണ് അവള്‍. ആ യാത്രയെ കുറിച്ചാണ് റോസ് മേരി വരികളെഴുതിയത്. റോസ് മേരി കുറിച്ച ഈ പാട്ട് അകലങ്ങളിലേക്ക്, പ്രണയത്തിന്റെ കാണാതീരത്തേക്ക് മനസുകളെ കൊണ്ടുപോകും. ജനലിനിടയിലെ നേർത്ത വിടവിലൂടെ ഒഴുകിവരുന്ന പുലര്‍കാല കാറ്റിന്റെ താളം പോലുള്ള ഈണം ഈ വരികൾക്ക് പകർന്ന്, അതിൽ കെ എസ് ചിത്രയുടെ സ്വരഭംഗി ചേര്‍ത്തുവച്ചു മോഹൻ സിത്താര. ചിത്രയുടെ സ്വരത്തിലെ ഏറ്റവും വശ്യമായ ഭാവം തന്നെയാണ് മോഹൻ സിത്താര ഈ പാട്ടിലൂടെ കേഴ്‌വിക്കാരന് പരിചയപ്പെടുത്തുന്നത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഈ ഗാനരംഗവും മീന വേനലൊരുക്കുന്ന നിഴൽചിത്രങ്ങൾ പോലെ തന്നെയാണ്. ഉത്തര ഉണ്ണിയും സിദ്ധാർഥ് ലാമയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇടവപ്പാതി പറയുന്ന കഥയെന്ത്...അത് ഈ ഗാനം നമുക്കു പറഞ്ഞു തരും.

കാൽചിലങ്കയുടെ സംഗീത വിരുന്നാണീ ഗാനം. പട്ടു ചേല ചുറ്റി മുത്തും പവിഴവും കൂട്ടിവച്ച് കൊരുത്ത മാലയും, താളത്തിലാടുന്ന കാതിലോലയുമണിഞ്ഞ് പാതിവിടർന്ന മുല്ലപ്പൂവുകൊണ്ട് കേശമലങ്കരിച്ച് ചെഞ്ചുവപ്പൻ പൊട്ടണിഞ്ഞ് ആലസ്യത്തിലാടുന്ന പെൺഭംഗികൊണ്ട്, മനീഷ കൊയ്‌രാളയുടെയും ഉത്തര ഉണ്ണിയും സാന്നിധ്യം കൊണ്ട് സുന്ദരമായ ഗാനം. നൂറ്റാണ്ടുകൾക്കപ്പുറമുള്ള കഥകളുറങ്ങുന്ന മതിൽക്കെട്ടുകളിൽ ആരോ വരച്ചിട്ട പെൺഭംഗി മുന്നിലേക്കിറങ്ങി വന്ന് നൃത്തമാടും പോലെയാണിതിലെ രംഗങ്ങൾ. സുജാതയുടെയും മധുശ്രീ നാരായണന്റെയും ശബ്ദം കൂടിക്കലർന്നപ്പോൾ പാട്ടിന് പ്രഡിയേറുന്നു. രമേശ് നാരായണന്റേചാണ് സംഗീതം. ജയദേവാണ് വരികൾ എഴുതിയത്.

Your Rating: