Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ ആർ റഹ്മാന്റെ കഥ: ചിത്രത്തിന്റെ ആദ്യ പോസ്റ്ററെത്തി

ഈണങ്ങളുടെ ലോകത്ത് നടന്ന ഈ മനുഷ്യനെ കുറിച്ച് നമ്മളൊരുപാട് കഥകളെഴുതി....ആ ഈണങ്ങൾക്കുള്ളിൽ ഒരുപാട് കഥകളും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഇനി രാഗങ്ങൾ മാത്രം പ്രതിധ്വനിക്കുന്ന ആ മനസിനുള്ളിൽ നിന്ന് വന്ന ഒരു കഥയെ നമുക്ക് കാണാം അഭ്രപാളികളിലൂടെ. ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന റഹ്മാൻ ചിത്രം, എആർ ചിത്രം ഉടനെത്തും. 99 സോങ്സ് എന്ന് പേരിട്ട ചിത്രം കാണാൻ റഹ്മാൻ ഗീതങ്ങൾ കേൾക്കാനുള്ള ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകലോകം.

ചിത്രത്തിന്റെ ആദ് പോസ്റ്റർ തന്നെ സ്വപ്നങ്ങളിലേക്കുള്ള പടവുകൾ പോലെയാണ്...ചെഞ്ചുവപ്പൻ മഷി ആരോ ആകാശത്തേക്ക് കുടഞ്ഞെറിഞ്ഞ് എഴുതിയ പോസ്റ്റർ. ആകാശങ്ങളിലെ കാണാ ഇടങ്ങളിൽ നിന്ന് താഴേക്ക് വന്ന് ഒരു ഗന്ധർവൻ അവന്റെ പ്രണയിനിയെ കൈപിടിച്ച് പറന്നുയരുന്നു അതിനിടയിൽ. ഒരു കൈ അരൂപിയായ ഒരു ചരടിൽ കൊരുത്തിട്ട പിയാനോയിലും മറ്റേ കൈ അവളുടെ കൈത്തകണ്ടയിലും ചേർത്തുവച്ചിരിക്കുന്നു. സംഗീതം പോലെ സർഗാത്മകം പോസ്റ്ററും.

വിശ്വേഷ് കൃഷ്ണമൂർത്തിയാണ് തിരക്കഥയും സംവിധാനവും. സംഗീതവും കഥയും നിർമാണവും റഹ്മാൻ തന്നെ. ആദ്യ ചലച്ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ചിത്രം റഹ്മാൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. തമിഴിലും ഹിന്ദിയിലുമെടുക്കുന്ന ചിത്രം അടുത്ത വർഷം പ്രദർശനത്തിനെത്തും. ഏത് ചിത്രത്തിനും റഹ്മാനിടുന്ന സംഗീതം നമുക്കൊരുപാട് ഇഷ്ടമാണ്. സ്വന്തം ചിത്രത്തിൽ ഇതുവരെ ആർക്കും പകർന്നുകൊടുക്കാത്ത ഈണം റഹ്മാന്‍ കരുതിവച്ചിട്ടുണ്ടാകുമോ? നമുക്ക് കാത്തിരിക്കാം ഈണങ്ങളുടെ ചക്രവർത്തിയുടെ മനസിൽ പിറന്ന കഥയറിയാൻ.

Your Rating: