Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഓണം’ ഫ്രീക്ക് ഡാ...

freak

തിരുവനന്തപുരത്തെ ഒരു കൂട്ടം കലാകാരന്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ടീം തലസ്ഥാനം മ്യൂസിക് ബാന്‍ഡിന്റെ ആദ്യ സംഗീത സംരംഭമായ ഫ്രീക്ക് ഓണം മ്യൂസിക് ആല്‍ബത്തിന്റെ ഓഡിയോ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. ഓണപ്പാട്ടുകളുടെ ചരിത്രത്തില്‍ ആദ്യമായി ഫ്രീക്കന്‍മാര്‍ക്കായി ഒരു മ്യൂസിക് ആല്‍ബം എന്ന ആശയം മുന്‍നിര്‍ത്തിയാണ് ടീം തലസ്ഥാനം ഫ്രീക്ക് ഓണം പുറത്തിറക്കിയിരിക്കുന്നത്. ഓണം ആഘോഷിക്കാന്‍ ഒരുങ്ങുന്ന ഓരോ മലയാളിയുടെയും മുന്നില്‍ വര്‍ത്തമാനകാല കേരളത്തിന്റെ പരിച്ഛേദം തുറന്നുകാട്ടാനാണ് ഫ്രീക്ക് ഓണത്തിലൂടെ അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

ഓണത്തിന്റേതായ നന്മകളെല്ലാം അസ്തമിച്ചുപോയ ഒരു കാലഘട്ടത്തില്‍, മാവേലിനാടിന്റെ പ്രസക്തി വ്യക്തമാക്കുന്നതിനൊപ്പം മാറിവരുന്ന കേരളീയ സംസ്‌കാരത്തിന്റെ പ്രതിഫലനവും ഈ ഗാനത്തില്‍ ദര്‍ശിക്കാനാകും. മാധ്യമപ്രവര്‍ത്തകനായ പ്രജോദ് കടയ്ക്കല്‍ രചിച്ച ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായ ജയന്‍ പിഷാരടിയാണ്. സജി സുരനും ജയന്‍ പിഷാരടിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തുമ്പപ്പൂവിന്റെ പുഞ്ചിരിയും പാണന്റെ പഴമൊഴിപാട്ടുകളും മലനാടിന്റെ നേരുകളും കാലം കനിഞ്ഞു നല്‍കിയ കാടും പുഴകളും പ്രകൃതിഭംഗിയും നഷ്ടപ്പെടുത്തി സ്ത്രീസുരക്ഷപോലും ചോദ്യം ചെയ്യപ്പെട്ട് അനുദിനം സ്വയം അപമാനിതമാകുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാവേലിയെപ്പോലും കളിക്കോലമാക്കി ഓണം ആഘോഷിക്കുന്നതിന്റെ യുക്തിയെ ഫ്രീക്ക് ഓണം ചോദ്യം ചെയ്യുന്നു.

Freak Onam Audio Song

കച്ചവടവത്കരണം അതിന്റെ എല്ലാ ആസുരഭാവങ്ങളോടെയും കേരളത്തെ കീഴടക്കുമ്പോള്‍ ഇവിടെ ചില നന്മകള്‍ അവശേഷിച്ചിരുന്നു എന്ന ഓര്‍മപ്പെടുത്തലും ഫ്രീക്ക് ഓണം പകര്‍ന്നു നല്‍കുന്നു. പതിവ് മെലഡി ഓണപ്പാട്ടുകളില്‍നിന്നും വിഭിന്നമായി താളമേളങ്ങളുടെ അകമ്പടിയോടെയും ഇമ്പമാര്‍ന്ന സംഗീതത്തോടെയും കാവ്യാത്മകമായ വാക്കുകളിലൂടെയും വേറിട്ട ആലാപനശൈലിയിലൂടെയും ഫ്രീക്ക് ഓണം ശ്രദ്ധേയമാവുകയാണ്. ടീം തലസ്ഥാനത്തിന്റെ ബാനറില്‍ ജിനോ ജോസഫ്, മനു മാധവന്‍, ജയേഷ് എല്‍.ആര്‍, റിയാസ് ഹക്കിം, വിപിന്‍ മക്കേല്‍, ദില്‍ജിത്ത്, പട്ടം സനിത്, ഡോ.അരുണന്‍ രാമവാര്യര്‍, സ്വാതി സി.നായര്‍ എന്നിവരും ഫ്രീക്ക് ഓണത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആല്‍ബത്തിന്റെ ഔദ്യോഗികമായ ഓഡിയോ പ്രകാശനം ആഗസ്റ്റ് 28നു തിരുവനന്തപുരം കനകക്കുന്ന് പ്രവേശന കവാടത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ആര്‍.എസ് വിമല്‍ മുത്തേ പൊന്നേ ഫെയിം അരിസ്റ്റോ സുരേഷിനു സിഡി നല്‍കി പ്രകാശനം ചെയ്യും.