Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീ യു എഗെയ്ൻ: 200 കോടി പ്രേക്ഷകരെ നേടി ഗണ്ണം സ്റ്റൈലിനു പിന്നാലെ‌

see-you-again-gangam-style

സൈ എന്ന കൊറിയൻ ഗായകന്റെ ആ ഡാൻസ് ഒരു വട്ടമെങ്കിലും അനുകരിച്ച് നോക്കാത്തവരായി ആരുമുണ്ടാകില്ല. 265 കോടിയിലധികം പ്രാവശ്യമാണ് ഈ പാട്ട് ലോകം വീക്ഷിച്ചത്. കുസൃതി നിറഞ്ഞ നൃത്തവും അതിനേക്കാൾ രസകരമായ പാട്ടുമുള്ള വിഡിയോയുടെ കുതിപ്പ് അമ്പരപ്പിക്കുന്നതായായിരുന്നു. ഗണ്ണം സ്റ്റൈലിന്റെ ഈ നേട്ടത്തിനൊപ്പം ആർക്കെങ്കിലും എത്താനാകുമോ എന്ന് അന്ന് നമ്മൾ ചിന്തിച്ചിരുന്നു. പക്ഷേ ഇപ്പോൾ ചിരിപടർത്തിയ ഗണ്ണം സ്റ്റൈലിനു പിന്നാലെയുണ്ട് വിരഹവേദയില്‍ തീർത്ത മറ്റൊരു ഗാനം. ഗണ്ണം സ്റ്റൈലിനേക്കാൾ വേഗത്തിലാണ് യുട്യൂബിൽ 200 കോടി വ്യൂവേഴ്സ് എന്ന നേട്ടത്തിൽ വിസ് ഖലീഫയുടെ ഗാനമെത്തിയത്.

കഴിഞ്ഞ വർഷം ഏപ്രിൽ 6നാണ് വിസ് ഖലീഫയുടെ സീ യു എഗെയ്ൻ യുട്യൂബിലെത്തിയത്. ഒരു വർഷം കൊണ്ട് 2 ബില്യൺ വ്യൂവേഴ്സ് എന്ന നേട്ടം ഈ പാട്ട് സ്വന്തമാക്കി. 2012 ജൂലൈ 15നായിരുന്നു ഗണ്ണം സ്റ്റൈലിന്റെ കടന്നുവരവ്. രണ്ടു വർഷം കൊണ്ടായിരുന്നു ഗണ്ണം സ്റ്റൈൽ യുട്യൂബിൽ ചരിത്രമെഴുതിയത്. ആദ്യമായിട്ടായിരുന്നു ഒരു വിഡിയോ യുട്യൂബിൽ ഇത്രയധികം പ്രേക്ഷകരെ നേടുന്നത്.

സൈയ്‍യുടെ ആറാമത്തെ ആൽബമായിരുന്നു ഗണ്ണം സ്റ്റൈൽ. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിലെ ജീവിത ശൈലിയിൽ നിന്നായിരുന്നു ഗണ്ണം സ്റ്റൈൽ എന്ന പേര് കിട്ടുന്നത്. 30 രാജ്യങ്ങളുടെ മ്യൂസിക് ചാർട്ട് ബീറ്റിൽ ഒന്നാമതെത്തിയിരുന്നു ഗണ്ണം സ്റ്റൈൽ. ഒട്ടേറെ സംഗീതാധിഷ്ഠിത പരിപാടികളിലും ചാനലുകളിലും നിറഞ്ഞു നിന്നിരുന്ന ഗാനം കൂടിയാണിത്. സൈ പാട്ടിൽ കാണിച്ച ഒരു നൃത്തച്ചുവടായിരുന്നു ഗാനത്തെ ഇത്രയേറെ ലോകത്തിന് പ്രിയപ്പെട്ടതാക്കിയത്. പ്രായഭേദമന്യേ ഇപ്പോഴും ആ ചുവട് ലോകം അനുകരിക്കുന്നു.

ജസ്റ്റിൻ ഫ്രാങ്ക്സ്, ചാർലീ പുത്, കാമറോൺ തോമസ് എന്നിവർ ചേർന്നാണ് സീ യു എഗെയ്ൻ രചിച്ചത്. നടൻ പോൾ വാക്കറിന്റെ ഓർമകൾക്കു മുൻപിൽ ചിത്രീകരിച്ച ഫ്യൂരിയസ് സീരിസിന്റെ ഏഴാം പതിപ്പിൽ ഈ ഗാനം ഉപയോഗിച്ചിരുന്നു.  അമേരിക്കയിൽ ഒരു ദിവസം ഏറ്റവും അധികം പ്രദർശിപ്പിക്കപ്പെട്ട ഗാനവും ഇതുതന്നെയാണ്. ഇംഗ്ലണ്ടിൽ ഒരാഴ്ചയിൽ ഏറ്റവും അധികം പ്രാവശ്യം കണ്ട വിഡിയോ എന്ന റെക്കോർഡ‍ും വിസ് ഖലീഫയുടെ പാട്ടിനാണ്. ജസ്റ്റിൻ ബീബറിന്റെ  റെക്കോഡാണ് വിസ് ഖലീഫ തകര്‍ത്തത്. അതുപോലെ ബീബറിന്റെ മറ്റൊരു ഗാനമായ ബേബിയെ പിന്തള്ളിയാണ് യുട്യൂബിൽ ഏറ്റവും അധികം പ്രാവശ്യം വീക്ഷിച്ച വിഡിയോ എന്ന് റെക്കോര്‍ഡ് ഗണ്ണം സ്റ്റൈൽ നേടുന്നതും. ലോകത്തിന്റെ ആസ‌്വാദന തലം എത്രത്തോളം വൈവിധ്യമാർന്നതാണെന്നു വ്യക്തമാക്കിയ ഈ രണ്ടു പാട്ടുകളും ഇപ്പോഴും ലോകം കേൾക്കുന്നു...