Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലാവിനും കോഴിക്കോടിനും ഗസൽ പാടി ഗുലാം അലി

gulam-ali

കടൽ സ്വപ്നനഗരിയിലേക്കു വിരുന്നു വന്നു. ഒത്തുകൂടിയ പതിനായിരങ്ങൾക്കായി ഗസലിന്റെ മുത്തും പവിഴവും വാരിയെടുത്തു നൽകാൻ ഗുലാം അലിയുമെത്തി. അദ്ദേഹം മനം നിറഞ്ഞു പാടിയപ്പോൾ കോഴിക്കോട് ഇടനെഞ്ചിൽ കൈ ചേർത്തു മന്ത്രിച്ചു: നന്ദി ഗായകാ നന്ദി... ജാതിയും മതവും രാജ്യവും അതിർവരമ്പുകൾ തീർക്കാത്ത സംഗീതത്തിനു മുന്നിൽ ഞങ്ങൾ നമിക്കുന്നു. ഇതിനു വേണ്ടിയായിരുന്നല്ലോ മൂന്നര മണിക്കൂർ ഉച്ചവെയിലിന്റെയും അന്തിവെയിലിന്റെയും ചൂട് സഹിച്ചു കാത്തു നിന്നത്. വിഖ്യാത പാക്കിസ്ഥാനി ഗസൽ ഗായകൻ ഗുലാം അലിയുടെ ഗസൽ സന്ധ്യ ‘ചാന്ദ്നി രാത്’ ആർ‍ദ്രതയുടെ രാഗം ഉതിർത്തു.

പണ്ഡിറ്റ് വിശ്വനാഥ് പാട്ടിന്റെ പാലാഴിക്കു തുടക്കമിട്ടു. തന്റെ നാൽപതു വർഷത്തെ സംഗീത ജീവിതത്തിനിടെ കണ്ട വലിയ സദസ്സിനു നന്ദിപറഞ്ഞാണ് അദ്ദേഹം പാടാൻ ആരംഭിച്ചത്. ജനസഞ്ചയം അരേ വാഹ് എന്നു മന്ത്രിച്ചു കയ്യുയർത്തിയത് തടസ്സങ്ങളെല്ലാം നീങ്ങി... പാടൂ ഗുലാം അലി എന്നു പറയാനായിരുന്നു.

അമ്പിളിക്കല ആകാശത്തു തെന്നിനീങ്ങി. ‘ഫാഷിസം തുലയട്ടെ, സംഗീതം ജയിക്കട്ടെ’ എന്നു ജനസാഗരം അലമുറയിട്ട നിമിഷത്തിൽ ഗുലാം അലി മൈക്കിനു മുന്നിലെത്തി. അലകൾ നിലച്ചു. ശ്വാസോച്ഛ്വാസത്തിന്റെ താളം മാത്രം ഉയർന്ന അന്തരീക്ഷത്തിലേക്ക് ആ വാക്കുകൾ എത്തി. ‘ഇഷ്ടത്തോടെ വിളിച്ചതിനു കോഴിക്കോടിന് നന്ദി’. നേരത്തേ കോഴിക്കോട്ട് വന്നതിന്റെ മധുരസ്മരണകളിൽ നിറഞ്ഞ് അദ്ദേഹം പാടിത്തുടങ്ങി. ദിൽകി ഛോട്ടെ.....പാട്ടൊഴുക്കായിരുന്നു പിന്നീട്...കടലായി... കാറ്റായി... പുഴയായി, അതൊഴുകി.

ഒടുവിൽ ജനസഞ്ചയം കാത്തിരുന്ന ചുപ്കെ ചുപ്കെയും പാടി. ഗുലാം അലിയുടെ മകൻ ആമിർ അലിയും പാടാനെത്തി. ഈ നാടിന്.. ഇവിടുത്തെ സർ‍ക്കാരിന്... ഇവിടുത്തെ ആസ്വാദകർക്കു നന്ദി പറഞ്ഞാണ് ആമിർ വേദി വിട്ടത്.

എം.ടി. വാസുദേവൻ നായർ നിലവിളക്ക് കൊളുത്തി അതിരുകളില്ലാത്ത സ്നേഹ സന്ധ്യ ഉദ്ഘാടനം ചെയ്തു. കൈതപ്രം ദാമോദരൻ‍ നമ്പൂതിരി ഗുലാം അലിക്കു സ്വാഗതമോതി ഗാനം ആലപിച്ചു. മന്ത്രിമാരായ എ.പി. അനിൽ കുമാർ, എം.കെ. മുനീർ, എം.കെ. രാഘവൻ എംപി, എംഎൽഎമാരായ എളമരം കരീം, എം.എ. ബേബി, മേയർ വി.കെ.സി. മമ്മദ്കോയ, മലബാർ ഗോൾഡ് ചെയർമാൻ എം.പി. അഹമ്മദ് എന്നിവരും വേദിയിലെത്തി.

ഗുലാം അലിക്കും സംഘത്തിനും ആറന്മുള കണ്ണാടി സമ്മാനിച്ചു. അഞ്ച് ഗായകർക്കുള്ള സഹായധന വിതരണവും നടന്നു. കോഴിക്കോട് നിവാസി ഷാജിയുടെ ശേഖരത്തിൽ നിന്നുള്ള ഗുലാം അലി തബല വായിച്ചതിന്റെ ഗ്രാമഫോൺ റെക്കോർഡ് മേയർ ഗുലാം അലിക്കു സമ്മാനിച്ചു. ഗുലാം അലിയുടെ ഗസൽ പരിപാടിയിൽ പ്രതിഷേധിച്ച് ശിവസേന നഗർ പ്രവർത്തകർ നടത്തിയ മാർച്ച് സരോവരം പാർക്കിനു സമീപം പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. അരയിടത്തു പാലത്തു നിന്നു മുദ്രാവാക്യം വിളികളുമായെത്തിയ അൻപതോളം പ്രവർത്തകരെയാണു തടഞ്ഞത്. ഇവർ പാക്കിസ്ഥാന്റെ പതാക കത്തിച്ചു. പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.