Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുലാം അലി പാടി മേഘമൽഹാർ പോലുള്ള ഗസൽ ഗീതങ്ങൾ

Gulam-Ali-16-1

ഗുലാം അലി പാടി. കാതുകൾകൊണ്ടായിരുന്നില്ല, നിറഞ്ഞ ഹൃദയംകൊണ്ടായിരുന്നു സദസ് ആ സംഗീതം ശ്രവിച്ചത്. സംഗീതത്തിനു ജാതിയും മതവും അതിർവരമ്പുകളുമില്ലെന്നു കേരളം ലോകത്തിനു കാണിച്ചുകൊടുത്തു. നന്ദി, ഗുലാം അലി.

ആസ്വാദകരെ മായാപ്രപഞ്ചത്തിലേക്കു നയിക്കുന്നതായിരുന്നു സ്വരലയയും ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലും ചേർന്നു സംഘടിപ്പിച്ച ‘സലാം ഗുലാം അലി’ എന്നു പേരിട്ട ഗസൽ സന്ധ്യ. പണ്ഡിറ്റ് വിശ്വനാഥ് തുടക്കമിട്ടതിനു പിന്നാലെ വേദിയിലെത്തിയ ഗുലാം അലി പാടിത്തുടങ്ങി– കരൂം മേം യാദ് മഗർ....

നിമിഷങ്ങൾകൊണ്ട് ആയിരങ്ങളുടെ മനസ്സു കവർന്ന സ്വരരാഗസുധ. ശുദ്ധസംഗീതത്തിനു പ്രായം തടസ്സമല്ലെന്ന 76 വയസ്സുകാരന്റെ പ്രഖ്യാപനം കൂടിയായിരുന്നു ഓരോ വരിയും. ശാസ്ത്രീയ സംഗീതവും ഗസലും ഇത്രമേൽ ഇഴുകിച്ചേരുന്നതെങ്ങനെയെന്നു സദസ് വിസ്മയിച്ച എത്രയോ മുഹൂർത്തങ്ങൾ. പ്രശസ്തമായ ചുപ്കെ ചുപ്കെ കൂടി പാടിയാണ് അലി വേദി വിട്ടത്. നിശാഗന്ധിയിൽ തിങ്ങിനിറഞ്ഞ സദസ് ഓരോ വരികൾക്കും കയ്യടികളുമായാണു ഗസൽ മാന്ത്രികനെ ആദരിച്ചത്. ഗുലാം അലിയുടെ മകൻ ആമിർ അലിയും വേദിയിലെത്തി.

ഗുലാം അലിയെ സ്വാഗതം ചെയ്യാൻ കേരളത്തിലെ പ്രമുഖർ വേദിയിൽ നിരന്നു. ഇന്ത്യ ഒന്നാണെന്ന സന്ദേശമാണ് ഈ സംഗീത വിരുന്നിന്റേതെന്നു കവി ഒ.എൻ.വി. കുറുപ്പ് പറഞ്ഞു. സംഗീതത്തിന്റെ വിശ്വപൗരനാണു ഗുലാം അലി. ഇതു തിരുവനന്തപുരത്തിന്റെയും കേരളത്തിന്റെയും മാത്രമല്ല, ഇന്ത്യയുടെ ചരിത്ര മുഹൂർത്തമാണ്. ജാതിമത പരിഗണനകളില്ലാതെ സംഗീതജ്ഞരെ ക്ഷണിച്ചുവരുത്തി ആദരിച്ച സ്വാതിതിരുനാളിന്റെ പാരമ്പര്യമാണു നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു. ഗുലാം അലിയുടെ ഗസൽ വിരുന്നിലൂടെ നിശാഗന്ധിയിൽ നിന്നുയരുന്നതു സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സുഗന്ധമാണെന്നു മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു.

gulam-ali

ഗുലാം അലിക്കൊപ്പം ഒ.എൻ.വി. കുറുപ്പ്, അടൂർ ഗോപാലകൃഷ്ണൻ, മന്ത്രി എ.പി. അനിൽകുമാർ, എം.എ. ബേബി എംഎൽഎ, സി.കെ. മേനോൻ, കെ.എം. അനിൽ മുഹമ്മദ് എന്നിവർ ചേർന്നു നിലവിളക്കു കൊളുത്തി. വൈക്കം വിജയലക്ഷ്മിയും അപർണയും ഗാനങ്ങളിലൂടെ ഗുലാം അലിക്ക് ആദരമർപ്പിച്ചപ്പോൾ സംഗീതത്തെക്കുറിച്ചുള്ള പാട്ടു ചിട്ടപ്പെടുത്തിയാണ് എം. ജയചന്ദ്രൻ ഗുലാം അലിക്കു പ്രണാമങ്ങളർപ്പിച്ചത്. ഓടക്കുഴലും ഇടയ്ക്കയും തംബുരുവും ഉൾപ്പെടെയുള്ള സംഗീതോപകരണങ്ങളായിരുന്നു കേരളത്തിന്റെ സമ്മാനം.

ജികെഎസ്എഫിന്റെ ‘അവർക്കായി നമുക്കു വാങ്ങാം’ പദ്ധതിയുടെ ഭാഗമായി ശിശുക്ഷേമ സമിതി അമ്മത്തൊട്ടിലിലെ കുഞ്ഞു ഗായികയ്ക്കു ഗുലാം അലി ഹാർമോണിയം സമ്മാനിച്ചു.

ഗുലാം അലിയുടെ ഗസൽ പരിപാടിയിൽ പ്രതിഷേധിച്ചു ശിവസേന നടത്തിയ മാർച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസ് തടഞ്ഞു. തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ ജലപീരങ്കി ഉപയോഗിച്ചു പൊലീസ് നേരിട്ടു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.