Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.എസ്.ചിത്രയ്ക്കു പിറന്നാൾ

K S Chithra Birthday Special

നിറഞ്ഞ ചിരിയോടെ ഒരായിരം ഗാനങ്ങൾ നമുക്കു പാടിത്തന്ന കെ.എസ്.ചിത്രയ്ക്ക് ഇന്നു പിറന്നാൾ. സ്വരഭംഗികൊണ്ടും ആലാപനത്തിലെ വശ്യതകൊണ്ടും വാനമ്പാടിയെന്ന വിശേഷണത്തിനപ്പുറത്തേക്കു പറന്നിറങ്ങിയ പാട്ടുകാരിയാണവർ. മഞ്ഞൾ പ്രസാദം പോലുള്ള പാട്ടുകളിലൂടെ മലയാളത്തിന്റെ പെൺസ്വരമായി മാറിയ ഗായിക. കെ.എസ്.ചിത്രയുടെ പാട്ടു കേൾക്കാത്തൊരു ദിനം പോലും മലയാളി കടന്നു പോകുന്നില്ല. വിനയത്തിന്റെ രാഗപൗർണമിയായി നിന്നുകൊണ്ട് അവർ പാടിയ ഭാവാർദ്രമായ ഗാനങ്ങൾ നമ്മുടെ ജീവിതത്തിന്റെ തന്നെ താളമാണ്. അതിൽ പുതിയ തലമുറയെന്നോ പഴയ തലമുറയെന്നോയില്ല. ഇനിയുള്ള കാലഘട്ടങ്ങൾക്കും അത് അങ്ങനെ തന്നെയാകും.

നന്നായി പാടുന്ന അതിനേക്കാളേറെ പാട്ടിനെ സ്നേഹിക്കുന്ന അച്ഛന്റെയും, കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛൻ തന്നെ ആദ്യ ഗുരു. മകളുടെ പാട്ടിനായി തന്നെയായിരുന്നു ജീവിതത്തിന്റെ പകുതിയിലധികവും അച്ഛൻ മാറ്റിവച്ചതും. കെ. ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ കർണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു കൈപിടിക്കുന്നത് എം.ജി.രാധാകൃഷ്ണനാണ്. അട്ടഹാസമെന്ന ചിത്രത്തിലെ ചെല്ലം ചെല്ലം എന്ന ഗാനം പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം. എങ്കിലും സംവിധായകൻ സത്യൻ അന്തിക്കാട് രചിച്ച് എം.ജി രാധാകൃഷ്ണൻ ഈണമിട്ട രജനീ പറയൂ എന്ന ഗാനമാണു ചിത്രയുടെ ആദ്യ ഹിറ്റ്. യേശുദാസിനൊപ്പം പങ്കിട്ട നിരവധി വേദികളും കെ.എസ് ചിത്രയുടെ സംഗീത ജീവിതത്തിനു മാറ്റേകി. 

തെന്നിന്ത്യയുടെ തന്നെ ഗായികയാക്കി കെ.എസ് ചിത്രയെ മാറ്റുന്നത് ഇളയരാജയുടെ ഗാനങ്ങളായിരുന്നു. നീ താനേ അന്തക്കുയില്‍ എന്ന ഗാനത്തിലൂടെ തമിഴിനു ഇളയരാജ ചിത്രയെ പരിചയപ്പെടുത്തി. സിന്ധുഭൈരവിയിലവെ 'പാടറിയേൻ പഠിപ്പറിയേന്‍'... എന്ന പാട്ടിലൂടെ അവരുടെ പ്രിയഗായികയാക്കിയും മാറ്റി. ആറു ദേശീയ പുരസ്കാരങ്ങളും 15 സംസ്ഥാന പുരസ്കാരങ്ങളും ചിത്രയെ തേടിയെത്തി. ആന്ധ്ര സർക്കാർ ഒമ്പതു പ്രാവശ്യവും തമിഴ്നാട് നാലു പ്രാവശ്യവും കർണാടക മൂന്നു പ്രാവശ്യവും ഒറിസ സർക്കാർ ഒരു പ്രാവശ്യവും മികച്ച ഗായികയായി ചിത്രയെ തിരഞ്ഞെടുത്തു. 2005ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യവും ആദരിച്ചു. ചിത്രയെ തേടി വരാത്ത അംഗീകാരങ്ങൾ കുറവാണെന്നു തന്നെ പറയാം. എപ്പോഴും വിനയത്തിന്റെ രാഗ പൗര്‍ണമിയായി നിലകൊള്ളുവാനും സാധാരണക്കാരന്റെ മനസിലെ പാട്ടായി മാറുവാനും കഴിഞ്ഞുവെന്നതാണു ചിത്രയെന്ന ഗായികയുടെ ഇതുവരെ കേട്ട ഈണങ്ങളേക്കാൾ മധുരതരമാക്കുന്നത്.