Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

100 കോടി കണ്ട പെൺപാട്ട്

adel-photos

ഒരുപക്ഷേ പോയവർഷം പാശ്ചാത്യ സംഗീത ലോകത്തെ കുറിച്ചുള്ള വാർത്തകളിൽ ഏറ്റവുമധികം നിറഞ്ഞു നിന്ന പേര് അഡെൽ എന്നായിരിക്കാം. പ്രണയത്തിന്റെ എല്ലാ ഭാവങ്ങളേയും ഹെലോ എന്ന തന്റെ പാട്ടിലൂടെ ആവിഷ്കരിച്ച അഡെൽ. ഇന്നിപ്പോൾ മറ്റൊരു സുന്ദരമായ താൾ കൂടി അഡെലിന്റെയും ഹെലോയുടെയും സംഗീതതന്ത്രികളിലേക്ക് കയറിക്കൂടിയിരിക്കുന്നു. ലോകത്തെ നൂറു കോടി ജനത കണ്ടുകഴിഞ്ഞു ബ്രിട്ടീഷ് ഗായികയുടെ ഈ പാട്ട്.

യുട്യൂബിലേക്ക് അഡെൽ തന്റെ പ്രണയഗീതം കൂട്ടിച്ചേർത്തിട്ട് എണ്‍പത്തിയെട്ട് രാപകലുകൾ പിന്നിടുന്നേയുള്ളൂ. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ യുട്യൂബിലെ സദസിലേക്ക് ഇത്രയധികം ആളുകളെ കവർന്നെടുത്ത റെക്കോർഡ് അഡെലിനു സ്വന്തം. കൊറിയൻ ഗായകൻ സൈ യുടെ ഗണ്ണം സ്റ്റൈലാണ് പാതിവിരിഞ്ഞ പൂവിന്റെ സംഗീതം പോലുള്ള ഈ പാട്ടിനു മുന്നിൽ‌ തോറ്റുപോയത്. സൈയുടെ നാലു മിനുട്ട് നീളമുള്ള ചടുല ഗീതം യുട്യൂബിൽ റിലീസ് ചെയ്ത് 159 ദിവസങ്ങൾക്ക് ശേഷമാണ് ഈ നേട്ടം കൈവരിച്ചത്.

ഗ്രാമി അവാർഡ് നേടിയ അഡെൽ നാലു വർഷത്തെ ഇടവേളക്കു ശേഷമാണ് സംഗീത ലോകത്തേക്ക് തിരിച്ചെത്തുന്നത്. 25 എന്നു പേരിട്ട മ്യൂസിക്കൽ ആൽബത്തിനുള്ളിലെ ഹെലോ എന്ന പാട്ട് ആദ്യ ദിവസം തന്നെ സാങ്കേതിക ലോകത്തെ സദസിനെ കീഴടക്കിക്കഴിഞ്ഞിരുന്നു. 27.7 മില്യൺ ആളുകളാണ് ഒറ്റ ദിവസം കൊണ്ട് അഡെലിനെ കണ്ടത് കേട്ടത്. ബിൽബോർഡിന്റെ കണക്കുകൾ പ്രകാരം ഇപ്പോഴും ഒന്നാം സ്ഥാനത്തുള്ള മ്യൂസിക്കൽ വീഡിയോ ഗണ്ണം സ്റ്റൈൽ തന്നെയാണ്. 2.5 മില്യൺ വ്യൂവേഴ്സ് ആണ് ഗണ്ണം സ്റ്റൈലിനുള്ളത്.