Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയ അവാർ‍‍ഡിൽ ഇളയരാജയ്ക്ക് പ്രതിഷേധമോ?

Ilayaraja

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ചൊവ്വാഴ്ചയാണ് സമ്മാനിച്ചത്. ചടങ്ങിനു പിന്നാലെയെത്തിയിരിക്കുകയാണ് വിവാദങ്ങളും. പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ് ഏറ്റുവാങ്ങുവാൻ ഇളയരാജ എത്തിയില്ല എന്നതാണ് കാരണം. അവാർ‍ഡിനോടുള്ള അതൃപ്തിയാണ് ഇതിനു കാരണമെന്നാണ് സൂചന.

ഒരാളുടെ കഴിവിനെ പൂർണമായി അംഗീകരിക്കുവാൻ തയ്യാറാകാത്തതാണ് പശ്താത്തല സംഗീതത്തിനും പാട്ടുകൾക്കും വേർതിരിച്ച് അവാർഡ് നൽകുന്നത് പിന്നിലെന്നാണ് ഇളയരാജയുടെ അഭിപ്രായം. ഒരു സംഗീതജഞ്ന്റെ കഴിവിനെ വിലയിരുത്തേണ്ടതും അംഗീകരിക്കേണ്ടതും ഇവ രണ്ടും ഒരുമിച്ച് കണക്കിലെടുത്തുകൊണ്ടാണ്. സംഗീത സംവിധാനത്തിനുള്ള അവാർഡ് വേർതിരിവുകളില്ലാതെ കൊടുക്കണം. സിനിമയ്ക്ക് നൽകുന്നതിനു സമാനമായി. എന്നാണ് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇതേസംബന്ധിച്ച് ഇളയരാജ പറഞ്ഞത്.

അവാർഡ് നിഷേധിക്കുന്നുവെന്ന് ഔദ്യോഗികമായി ഇളയരാജ വ്യക്തമാക്കിയില്ലെങ്കിലും തനിക്കുള്ള പ്രതിഷേധം അദ്ദേഹം വെളിപ്പെടുത്തിക്കഴിഞ്ഞു. താരൈ താപ്പട്ടൈ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനാണ് ഇളയരാജയ്ക്ക് അവാർഡ് കിട്ടിയത്. എന്നു നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നുവെന്ന പാട്ടിന് ഈണമിട്ടതിന് എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്.

മമ്മൂട്ടി ചലച്ചിത്രം പഴശിരാജയിലെ പശ്ചാത്തല സംഗീതത്തിനാണ് ഏറ്റവുമൊടുവിൽ പഴശിരാജയെ തേടി ദേശീയ പുരസ്കാരമെത്തുന്നത്. നാലു പതിറ്റാണ്ടോളം നീണ്ട സംഗീത സംവിധാന ജീവിതത്തിൽ ആയിരത്തിലേറെ ചിത്രങ്ങളിലെ പാട്ടുകൾക്ക് ഇളയരാജ ഈണമിട്ടിട്ടുണ്ട്. നാടൻ വഴികളിലെ തനി നാടൻ ഈണങ്ങളെ സിനിമയിൽ പകർന്ന്, രാജഗീതങ്ങൾ സൃഷ്ടിച്ച സംഗീതജ്ഞനാണ് ഇളയരാജ. തന്റെ അഭിപ്രായങ്ങളും പ്രതിഷേധങ്ങളും തുറന്നുപറയുവാൻ മടിയില്ലാത്ത പ്രകൃതം പലപ്പോഴും വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.

ഇളയരാജയുടെ സഹോദരനും എഴുത്തുകാരനും സംവിധായകനുമായ ഗംഗൈ അമരനും ഇത്തവണത്തെ ദേശിയ പുരസ്കാര നിർണയ സമിതിയിൽ അംഗമായിരുന്നുവെന്നതാണ് മറ്റൊരു കൗതുകം. ഇത് അ‍ഞ്ചാം പ്രാവശ്യമാണ് ഇളയരാജയ്ക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്. സാഗര സംഗമം, സിന്ധു ഭൈരവി, രുദ്ര വീണ എന്നീ സിനിമകളിലെ ഗാനങ്ങൾക്കായിരുന്നു പുരസ്കാരം.

Your Rating: