Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇളയരാജയ്ക്ക് വിഷമം തോന്നരുത്, കാഴ്ചപ്പാട് വ്യക്തമാക്കി എം ജയചന്ദ്രൻ

MJ-RAJA

ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ നിന്ന് സംഗീത സംവിധായകൻ ഇളയരാജ വിട്ടുനിന്നിരുന്നു. പശ്ചാത്തല സംഗീതം, പാട്ടുകൾ എന്നിവയ്ക്ക് വെവ്വേറെ അവാര്‍ഡ് നൽകുന്നതിൽ യോജിക്കാനാവില്ലെന്ന് ഇളയരാജ പറഞ്ഞിരുന്നു. ഒരു സംഗീതജ്ഞന്റെ കഴിവിനെ പകുതി അംഗീകരിക്കുന്ന രീതിയാണിതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പാട്ടുകൾക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത് എന്നു നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നുവെന്ന പാട്ടിന് ഈണമിട്ട എം ജയചന്ദ്രനാണ്.ഇങ്ങനെ അവാർഡ് കൊടുക്കുന്നത് സംഗീതജ്ഞന്റെ കഴിവിനെ പകുതി അംഗീകരിക്കുന്നതിനു തുല്യമാണോ? എം ജയചന്ദ്രൻ പ്രതികരിക്കുന്നു.

ഞാൻ ഏറ്റവുമധികം ആരാധിക്കുന്ന സംഗീത സംവിധായകനാണ് ഇളയരാജ. അദ്ദേഹത്തിന്റെ കീഴിൽ സംഗീതമഭ്യസിക്കുവാനായിട്ടില്ലെങ്കിലും ഗുരുതുല്യനായിട്ടാണ് ഞാനദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തെ പോലൊരു ഇതിഹാസ സംഗീതജ്ഞന്‍ പറയുന്ന കാര്യത്തിൽ എനിക്ക് യോജിക്കാനികില്ലെങ്കിലും ഞാൻ എതിരഭിപ്രായം പറയുന്നില്ല. അതിനെനിക്കാകില്ല. ഈ വിഷയത്തെ സംബന്ധിച്ച് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ, മികച്ച പാട്ടുകൾക്കുള്ള അവാർഡ് നൽകിയത് എം ജയചന്ദ്രനാണ് എന്നു പറഞ്ഞിരുന്നു. അദ്ദേഹം എന്റെ പേര് ഉച്ഛരിക്കുന്നതു പോലും, അല്ലെങ്കിൽ എന്നെ അറിയാമെന്ന് പറയുന്നതിൽ പോലും അഭിമാനിക്കുന്നൊരാളാണ്. ഒരുപാട് സന്തോഷിക്കുന്ന ഒരാളാണ്.

ഇളയരാജ സാറിനെ പോലൊരു ഇതിഹാസത്തിന് അവാർ‍ഡ് നിരാകരിക്കാം. പക്ഷേ ഞാൻ വളരെ സാധാരണക്കാരനായൊരു ആളാണ ദേശീയ പുരസ്കാരം എന്നെപ്പോലൊരു സാധാരണക്കാരനെ സംബന്ധിച്ച് ഒരുപാട് വലിയൊരു കാര്യമാണ്. ഇന്ത്യൻ പ്രസിഡന്റിന്റെ കൈയിൽ നിന്ന് അങ്ങനൊരു പുരസ്കാരം സ്വീകാരിക്കുക ഒരു പൗരനെന്ന നിലയിൽ അഭിമാനമുള്ള കാര്യമാണ്. അതൊരു അതുല്യ നിമിഷമാണ് എന്നെ സംബന്ധിച്ച്.

മലയാളത്തിൽ ജോൺസണേട്ടനാണ് ആദ്യമായിട്ട് പശ്ചാത്തല സംഗീതത്തിൽ‌ ദേശീയ പുരസ്കാരം ലഭിക്കുന്നത്. പശ്ചാത്തല സംഗീതത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചൊരാൾക്ക് അങ്ങനെയൊരു അവാർഡ് കിട്ടിയപ്പോൾ, േദശീയ തലത്തിൽ അദ്ദേഹം അംഗീകരിക്കപ്പെട്ടപ്പോൾ നമ്മളെത്രമാത്രം സന്തോഷിച്ചു. 1994 ൽ കൊടുത്ത ശേഷം പിന്നീട് 2009ലാണ് ഈ വിഭാഗത്തിന് വീണ്ടും അവാർഡ് കൊടുക്കാമെന്ന് തീരുമാനിക്കുന്നത്. ഒരു ചിത്രത്തിന് പാട്ടുണ്ടാക്കുന്നതും പശ്താത്തല സംഗീതമൊരുക്കുന്നതും രണ്ടും രണ്ട് സത്തയാണെന്ന തിരിച്ചറിവിൽ നിന്നായിരുന്നു ഇത്. രണ്ടും രണ്ട് രീതിയിൽ കാണേണ്ടതാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. ഈ ഫോർമാറ്റിനോട് എനിക്ക് യോജിക്കുന്നുണ്ട്. പക്ഷേ ഇളയരാജ സാറിനോടുള്ള എതിരഭിപ്രായമായി ഇതിനെ കാണരുത്.

ഒരു ചലച്ചിത്ര സോങും പശ്താത്തല സംഗീതവും രണ്ടും രണ്ടാണെന്നും രണ്ടിനും രണ്ട് സ്വാധീനമാണെന്നും അതേസമയം ഒരു സംഗീതജ്ഞന് ഇത് രണ്ടും ചെയ്യാനുള്ള കഴിവു വേണമെന്നും അങ്ങനെ ചെയ്താലേ പൂർണമാകൂ എന്നതിൽ തർക്കമില്ല.ഇപ്പോൾ ഓസ്കറിന്റെ കാര്യമെടുത്താൽ കൂടി ഈ രീതി തന്നെയാണ്. എ ആർ റഹ്മാന് രണ്ട് വിഭാഗത്തിലാണ് ഓസ്കർ കിട്ടിയത്. രണ്ടും ഓസ്കറും കയ്യിലേന്തി നില്‍ക്കുന്ന റഹ്മാനെയാണ് നമ്മൾ‌ കണ്ടത്. ഒരെണ്ണം ബെസ്റ്റ് സോങിനും മറ്റേത് ബെസ്റ്റ് !ഒറിജിനൽ ഓർക്കസ്ട്രേഷൻ സ്കോറിനുമായിരുന്നു. അതായത് ഇത് ലോകമൊട്ടുക്ക് അംഗീകരിച്ച ഒരു കാര്യമാണ്. രണ്ട് വിഭാഗത്തിലായി അവാർഡ് കൊടുക്കുന്നുവെങ്കിലും ഒരെണ്ണത്തിൽ വിജയിച്ചയാളിന് മറ്റേ അവാർഡ് കൊടുക്കേണ്ടെന്ന് തീരുമാനിക്കുന്നില്ലല്ലോ. മികച്ച പാട്ടുകളും പശ്ചാത്തല സംഗീതവും ഒരാളാണ് ചെയ്തതെങ്കിൽ അദ്ദേഹത്തിനു തന്നെ ആ പുരസ്കാരം ലഭിക്കും. അതിനു വേണ്ടിയിട്ടുള്ള ശ്രമങ്ങളല്ലേ എല്ലാ സംഗീതജ്ഞരും നടത്തേണ്ടത്.

മലയാളത്തിൽ നിന്ന് ബിജിബാലിനും ഗോപീ സുന്ദറിനും ഇതേ വിഭാഗത്തിൽ പുരസ്കാരം കിട്ടിയിട്ടുണ്ട്. അതിന് നമ്മൾ മലയാളികളെല്ലാം സന്തോഷിക്കുന്നുണ്ട്. ഇവർ ചെയ്ത സംഗീതത്തിന് ദേശീയ തലത്തിൽ അംഗീകാരം കിട്ടിയത് ആ വിഭാഗത്തിൽ അവാർ‍ഡുള്ളതുകൊണ്ടു തന്നെയല്ലേ. അല്ലെങ്കിൽ അത്രയും മനോഹരമായൊരു സംഗീതം ശ്രദ്ധിക്കപ്പെടാതെ പോകില്ലായിരുന്നോ? പശ്താത്തല സംഗീതവും സോങും ഒരുപോലെ പ്രാധാന്യമുള്ളതാണെന്നും രണ്ടായി തന്നെയാണ് കാണേണ്ടത് എന്നതു തന്നെയാണ് എന്റെ കാഴ്ചപ്പാട്. എം ജയചന്ദ്രൻ പ്രതികരിക്കുന്നു.

താരൈ താപ്പട്ടൈ എന്ന ചിത്രത്തിലെ പശ്താത്തല സംഗീതത്തിനാണ് ഇളയരാജയെ തേടി അ‍ഞ്ചാമത് ദേശീയ പുരസ്കാരമെത്തിയത്.

Your Rating: